മൺസൂൺ മഴ കനത്ത നാശം വിതയ്ക്കുന്ന സാഹചര്യത്തിൽ മുംബൈ നഗരത്തിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയും ഇടിമിന്നലും മൂലം ജനജീവിതം സ്തംഭിച്ചതോടെ വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി നഗരത്തിലെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ് (BMC) മുൻകരുതൽ നടപടിയുടെ ഭാഗമായി അവധി പ്രഖ്യാപിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് മുംബൈയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നത്. അടിയന്തര സാഹചര്യങ്ങളിലല്ലാതെ പൊതുജനങ്ങൾ ആരുംതന്നെ പുറത്തിറങ്ങരുതെന്നും ആവശ്യഘട്ടങ്ങളിൽ ‘1916’ എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്നും ബിഎംസി നിർദേശിച്ചിട്ടുണ്ട്.
സർക്കാർ-സ്വകാര്യ ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും, മഴ കനത്തതോടെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ അനുവദിക്കാൻ മഹാരാഷ്ട്ര സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (SDMA) നിർദേശം നൽകി. കൂടാതെ അവശ്യ സർവീസുകളല്ലാത്ത സർക്കാർ ഓഫീസുകൾ പകുതി ദിവസം മാത്രം പ്രവർത്തിച്ചാൽ മതിയെന്നും നിർദേശമുണ്ട്.

