കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപമുണ്ടായ വൻ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. ഏഴ് പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഒടുവിലത്തെ വിവരം. ഇവർ മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന സംശയത്തെ തുടർന്ന് സ്നിഫർ നായകളെ സംഭവസ്ഥലത്ത് എത്തിച്ച് പരിശോധന ആരംഭിച്ചു.
തുരങ്ക പാതയ്ക്കായി നിർമിച്ച കൂറ്റൻ കോൺക്രീറ്റ് ഭിത്തി കനത്ത മഴയിൽ തകർന്നടിയുകയായിരുന്നു. മൺകൂനകൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയ ഒൻപതുപേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരിൽ മേപ്പാടി എസ്.ഐയും ഉൾപ്പെടുന്നു. തുരങ്കപാതയുടെ നിർമാണം നടക്കുന്ന മീനാക്ഷി പാലത്തിനു സമീപമാണ് ദുരന്തമുണ്ടായത്. 24 മണിക്കൂറിനിടെ 265 മില്ലീമീറ്റർ എന്ന അതിതീവ്ര മഴയാണ് ഈ പ്രദേശത്ത് രേഖപ്പെടുത്തിയത്. കനത്ത മഴയെത്തുടർന്ന് തിങ്കളാഴ്ച തന്നെ നിർമാണ ജോലികൾ നിർത്തിവച്ചിരുന്നെങ്കിലും, പ്രദേശത്തുണ്ടായിരുന്ന നിർമാണ തൊഴിലാളികളും നാട്ടുകാരുമാണ് അപകടത്തിൽപ്പെട്ടത്.
പാലത്തിന് മുകളിൽ പൂർണ്ണമായും മണ്ണ് മൂടിയ നിലയിലാണ്. പ്രദേശത്തെ ബസ് സ്റ്റോപ്പ് തകർന്നു. പാലം ഏതുസമയത്തും ഇടിഞ്ഞുവീഴാം എന്ന അവസ്ഥയിലായതിനാൽ താഴെയുള്ള കുടുംബങ്ങളെ മുഴുവൻ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി മുൻ പഞ്ചായത്ത് അംഗം അബ്ദുൾസലാം അറിയിച്ചു. നിരവധി വാഹനങ്ങളും മണ്ണിനടിയിലാണ്.
തിങ്കളാഴ്ച മുതൽ തുടരുന്ന അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തസാഹചര്യവും കനത്ത മഴയും കണക്കിലെടുത്ത് വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ഫയർഫോഴ്സും ദേശീയ ദുരന്തനിവാരണ സേനയും (NDRF) പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

