കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ അല്പം ബലഹീനമായിട്ടുണ്ടെങ്കിലും, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 12 വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്നാണ് പ്രവചനം. മഴ ശക്തമാകുന്നതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് നിലവിലുള്ളത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഈ പ്രദേശങ്ങളിൽ ഏഴ് മുതൽ 11 സെന്റീമീറ്റർ വരെ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം, ബുധനാഴ്ചയും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

