ദക്ഷിണ ചൈനയിൽ വീശിയടിച്ച ‘മെയ്സാക്’ (Maysak) ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. അപ്രതീക്ഷിതമായെത്തിയ പ്രളയത്തിലും അപൂർവമായി രൂപപ്പെട്ട ടൊർണാഡോ കൊടുങ്കാറ്റിലും പെട്ട് ഇതുവരെ ഇരുപതിലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
2026 ൽ ചൈനയിൽ കരതൊടുന്ന ആദ്യത്തെ പ്രബലമായ ചുഴലിക്കാറ്റാണ് മെയ്സാക്. ഗ്വാങ്‌ക്സി (Guangxi) പ്രവിശ്യയിലാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പ്രദേശത്തെ നദികൾ കരകവിഞ്ഞൊഴുകുകയും അണക്കെട്ടുകളുടെ മതിലുകൾ തകരുകയും ചെയ്തതോടെ നാനിംഗ് നഗരവും സമീപഗ്രാമങ്ങളും പൂർണ്ണമായും വെള്ളത്തിനടിയിലായി.
“വെള്ളം പെട്ടെന്നാണ് ഉയർന്നത്. നിമിഷങ്ങൾക്കുള്ളിൽ വീടുകളുടെ താഴത്തെ നിലകൾ മുങ്ങി. വസ്ത്രങ്ങളോ, ആഹാരമോ എടുക്കാൻ പോലും ആളുകൾക്ക് സമയം കിട്ടിയില്ല” – ദുരന്തബാധിതനായ പ്രദേശവാസി പറഞ്ഞു.
60,000 ത്തിലധികം ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചെങ്കിലും, ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ കുടുങ്ങിക്കിടക്കുകയാണ്. പലയിടത്തും വൈദ്യുതിയും ടെലികോം ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഇതിനോടൊപ്പം, പ്രദേശത്തെ പാമ്പ് ഫാമുകളിൽ നിന്ന് ഒഴുകിയെത്തുന്ന വിഷപ്പാമ്പുകളുടെ ഭീഷണി കാരണം രക്ഷാപ്രവർത്തനത്തിനും ജനങ്ങൾക്കും വലിയ ഭീഷണിയാകുന്നുണ്ട്.
അതേസമയം, ദുരന്തബാധിത മേഖലകളിൽ ഉടനടി രക്ഷാപ്രവർത്തനം ശക്തമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉത്തരവിട്ടു. സൈന്യവും പ്രാദേശിക ഭരണകൂടവും ബോട്ടുകളിലും ഹെലികോപ്റ്ററുകളിലുമായി രക്ഷാപ്രവർത്തനം തുടരുകയാണ്.

