Wednesday, July 8, 2026

ദക്ഷിണാഫ്രിക്കയിൽ തോക്ക് ചൂണ്ടിയുള്ള ആക്രമണം: അദ്ഭുതകരമായി രക്ഷപ്പെട്ട് സിംബാബ്‌വെ ഫുട്ബോൾ താരം ഡിവൈൻ ലുങ്ക

സിംബാബ്‌വെ ദേശീയ ഫുട്ബോൾ താരവും ദക്ഷിണാഫ്രിക്കൻ ക്ലബ്ബായ മാമെലോഡി സുണ്ടൗൺസിന്റെ പ്രമുഖ പ്രതിരോധ നിര താരവുമായ ഡിവൈൻ ലുങ്ക (31) ദക്ഷിണാഫ്രിക്കയിൽ ഉണ്ടായ തോക്കക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ജൊഹാനസ്ബർഗിലെ ഹിൽബ്രോ സബർബൻ മേഖലയിൽ വച്ചായിരുന്നു താരത്തിന്റെ വാഹനത്തിന് നേരെ അജ്ഞാതൻ വെടിയുതിർത്തത്.

തന്റെ സഹോദരനൊപ്പം കാറിൽ പള്ളിയിലേക്ക് പോകുന്നതിനിടയിലാണ് ലുങ്ക ആക്രമണത്തിന് ഇരയായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രഹസ്യ പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിച്ചാണ് അക്രമി കാറിന് നേരെ വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം.

ആക്രമണത്തിൽ താരം പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സൗത്ത് ആഫ്രിക്കൻ പോലീസ് വക്താവ് ക്യാപ്റ്റൻ ടിൻത്സ്വാലോ സിബെക്കോ അറിയിച്ചു. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സിംബാബ്‌വെ ദേശീയ ടീമിനായി 21 മത്സരങ്ങൾ കളിച്ചിട്ടുള്ള ലുങ്ക, 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിലും അംഗമായിരുന്നു. 2021-ൽ മാമെലോഡി സുണ്ടൗൺസിൽ ചേർന്ന താരം ക്ലബ്ബിനായി നാല് ആഭ്യന്തര ലീഗ് കിരീടങ്ങളും മേയിൽ നടന്ന ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് കിരീടവും നേടുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News