Wednesday, July 8, 2026

സുഡാനിൽ ആഭ്യന്തരയുദ്ധം രൂക്ഷം: അൽ-ഉബൈദ് നഗരത്തിൽ കൂട്ടക്കൊലപാതക ഭീതിയും ഡ്രോൺ ആക്രമണവും

സുഡാനിൽ സൈന്യവും പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) തമ്മിൽ മൂന്ന് വർഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ വൻ കൂട്ടക്കൊലപാതക ഭീതി നിഴലിക്കുന്നു. നോർത്ത് കോർഡോഫാൻ സംസ്ഥാനത്തിന്റെ തലസ്ഥാനവും തന്ത്രപ്രധാന സൈനിക കേന്ദ്രവുമായ അൽ-ഉബൈദ് നഗരമാണ് ഇപ്പോൾ പോരാട്ടത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി നഗരത്തിന് നേരെ തുടർച്ചയായി ഉണ്ടാകുന്ന ഡ്രോൺ ആക്രമണങ്ങളിൽ പരിക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും എണ്ണം കുത്തനെ ഉയരുകയാണ്. അഞ്ചുലക്ഷത്തോളം ജനങ്ങൾ വസിക്കുന്ന അൽ-ഉബൈദ് നഗരം നിലവിൽ സുഡാനീസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. എന്നാൽ, ഇവിടെ ആധിപത്യം സ്ഥാപിക്കാൻ ആർഎസ്എഫ് നടത്തുന്ന ആക്രമണങ്ങളെ ചെറുക്കാൻ സൈന്യത്തിന് സാധിക്കുന്നില്ല. കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം 27 ഡ്രോൺ ആക്രമണങ്ങളാണ് നഗരത്തിൽ നടന്നതെന്ന് ആക്രമണങ്ങൾ നിരീക്ഷിക്കുന്ന സന്നദ്ധ സംഘടനയായ ‘ആക്ലെഡ്’ (Acled) വ്യക്തമാക്കുന്നു.

ജൂൺ ആറിനും 28-നും ഇടയിൽ നടന്ന 15 ഡ്രോൺ ആക്രമണങ്ങളിൽ മാത്രം കുറഞ്ഞത് 45 പേരെങ്കിലും കൊല്ലപ്പെടുകയും 41 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം മേധാവി വോൾക്കർ ടർക്ക് അറിയിച്ചു. കഴിഞ്ഞ 18 മാസമായി നഗരം പൂർണ്ണമായും ഉപരോധ സമാനമായ സാഹചര്യത്തിലാണ്. ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സാധാരണക്കാർക്ക് നേരെ കൂട്ടക്കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകൽ, പീഡനങ്ങൾ, ലൈംഗിക അതിക്രമങ്ങൾ എന്നിവ വ്യാപകമായി നടക്കുന്നതായി ജനീവയിൽ നടന്ന യു.എൻ മനുഷ്യാവകാശ കൗൺസിലിൽ വോൾക്കർ ടർക്ക് മുന്നറിയിപ്പ് നൽകി. മറ്റൊരു വലിയ മനുഷ്യാവകാശ ദുരന്തത്തിനാണ് സുഡാൻ സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News