യൂറോപ്പിന്റെ ഭൂരിഭാഗവും റെക്കോര്‍ഡ് ചൂടില്‍ വെന്തുരുകുകയാണ്. തത്ഫലമായി പല നദീതടങ്ങളും വറ്റിവരണ്ടു. ജലദൗര്‍ലഭ്യം മാരകമായി ബാധിച്ചിരിക്കുന്നതിനാല്‍ പല പ്രദേശങ്ങളിലും ജല ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
നെതര്‍ലന്‍ഡ്സില്‍, ജര്‍മ്മന്‍ അതിര്‍ത്തിക്കടുത്തായുള്ള റൈന്‍ നദിയുടെ പ്രധാന ഡച്ച് ശാഖയായ വാലിലെ ജലം തറനിരപ്പോളം താഴ്ന്നു. ചരക്ക് കപ്പലുകളുടേയും ഫെറികളുടേയും പ്രധാന സഞ്ചാരപാതയായിരുന്നു ഇവിടം. നദിയിലെ വെള്ളം വറ്റിയതോടെ സൈക്കിളുകള്‍, കാര്‍ ടയറുകള്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവയാണ് ഇപ്പോള്‍ നദിയില്‍ അവശേഷിക്കുന്നത്.
വടക്കോട്ട് ഒഴുകുന്ന കഖലൈഹ നദിയിലൂടെ ഇപ്പോള്‍ കപ്പലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൂട് കാരണം മാസ്, വാല്‍ നദികളുടെ ചില ഭാഗങ്ങളില്‍ വിഷ പായലുകള്‍ തഴച്ചുവളരാന്‍ കാരണമായതിനാല്‍ ആളുകള്‍ അവിടെ നീന്തരുതെന്നും മൃഗങ്ങളെ വെള്ളത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
സ്‌പെയിനിന്റെ തെക്ക് ചുട്ടുപൊള്ളുന്ന കാലാവസ്ഥയാണ്. സ്പെയിനിലെ ഏറ്റവും നീളം കൂടിയ നദികളിലൊന്നായ ഗ്വാഡല്‍ക്വിവിറിന്റെ തടത്തിലെ ജലസംഭരണികളില്‍ ഇപ്പോള്‍ നാലിലൊന്ന് മാത്രമേയുള്ളു. യൂറോപ്പിലെ പ്രധാന കാര്‍ഷിക മേഖലകളിലൊന്നായ സ്‌പെയിനിലെ അന്‍ഡലൂഷ്യയില്‍, വരണ്ട കാലാവസ്ഥയില്‍ വിളകള്‍ക്ക് ആവശ്യമായ ജനസേചനം നടത്താനാവുന്നില്ല. അവോക്കാഡോ, ഒലിവ് എന്നിവ കൃഷി ചെയ്യുന്നവര്‍ പ്രത്യേകിച്ചും ആശങ്കാകുലരാണ്. കാരണം ആ വിളകള്‍ക്ക് ധാരാളം വെള്ളം ആവശ്യമാണ്. സ്‌പെയിനിലെ കാര്‍ഷിക മേഖലയില്‍ അടുത്തിടെ ഉണ്ടായ കുതിച്ചുചാട്ടത്തിന്റെ സുസ്ഥിരതയില്‍ ആശങ്കാകുലരാണ് ഇപ്പോള്‍ കര്‍ഷകരും അധികാരികളും.
യുക്രെയ്നിലെ യുദ്ധവും വിതരണ ശൃംഖലകളില്‍ നേരിടുന്ന തടസ്സങ്ങളും കാരണം ഇതിനോടകം നിലവിലുള്ള ഭക്ഷ്യ പ്രതിസന്ധിക്കും വിലക്കയറ്റിനും ആക്കം കൂട്ടുന്ന രീതിയിലാണ് യൂറോപ്പില്‍ കാര്യങ്ങളുടെ പോക്ക്. സ്ലോവേനിയയിലും വരള്‍ച്ച വിളകള്‍ക്ക് കനത്ത നാശം വരുത്തുന്നതായി രാജ്യത്തെ കാര്‍ഷിക മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു. മത്തങ്ങ, ഉരുളക്കിഴങ്ങ്, ഹോപ്‌സ് എന്നിവയുടെ വിളവും ഗണ്യമായി കുറയുമെന്ന് മന്ത്രാലയം പറയുന്നു. മുന്തിരിപ്പഴം പോലും പകുതി വിളവേ നല്‍കുന്നുള്ളു. അത് വൈന്‍ നിര്‍മ്മാതാക്കള്‍ക്കും തിരിച്ചടിയാകുന്നു.
വടക്കന്‍ ഇറ്റലിയില്‍ വറ്റിപ്പോയ പോ നദിയില്‍ നിന്ന് രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന തരത്തിലുള്ള ഒരു ബോംബ് കണ്ടെത്തി. ഞായറാഴ്ച നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് ഇത് നിര്‍വീര്യമാക്കിയത്. മത്സ്യത്തൊഴിലാളികളാണ് 450 കിലോഗ്രാം ഭാരമുള്ള (1,000 പൗണ്ട്) ബോംബ് കണ്ടെത്തിയത്. 70 വര്‍ഷത്തിനകത്ത് രാജ്യം കണ്ട ഏറ്റവും മോശം വരള്‍ച്ചയില്‍ വടക്കന്‍ ഇറ്റലിയുടെ അഭിമാനവും 650 കിലോമീറ്റര്‍ നീളവുമുള്ള പോ നദിയുടെ ഭൂരിഭാഗവും വറ്റിവരണ്ട അവസ്ഥയിലാണ്.
100-ലധികം ഫ്രഞ്ച് മുനിസിപ്പാലിറ്റികളില്‍ കുടിവെള്ളം കുറവാണ്. അത് ട്രക്ക് വഴി വിതരണം ചെയ്യുന്നു. പൂന്തോട്ടങ്ങളും ഗോള്‍ഫ് കോഴ്സുകളും നനയ്ക്കുന്നതിന് വ്യാപകമായ നിയന്ത്രണങ്ങളുണ്ട്. കാര്‍-വാഷ് സൗകര്യങ്ങളും നിര്‍ത്തലാക്കിയിരിക്കുന്നു. കര്‍ഷകര്‍ അവരുടെ കന്നുകാലികള്‍ക്ക് വെള്ളം കൊടുക്കാനും ഏറെ ബുദ്ധിമുട്ടുകയാണ്. ചോളം വിളവ് സാധാരണ നിലയുടെ പകുതിയായതോടെ കന്നുകാലി കര്‍ഷകര്‍ക്ക് അതൊരു പ്രഹരമായി മാറി. കാരണം ഇതിനകം തന്നെ മൃഗങ്ങളുടെ തീറ്റ ദൗര്‍ലഭ്യവുമായി മല്ലിടുകയാണവര്‍. വരള്‍ച്ച കാരണം പുല്ലിന്റെ ലഭ്യതയും കുറവാണ്. ആല്‍പ്സ് പോലുള്ള ചില പ്രദേശങ്ങളില്‍, വാഹനങ്ങളില്‍ മലയിറങ്ങിച്ചെന്ന് വെള്ളം ശേഖരിക്കുന്നത് അധിക ഇന്ധനച്ചെലവും ഉണ്ടാക്കുന്നു.
എങ്കിലും ഈ വരള്‍ച്ച മൂലം ചില അനുകൂല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ലെ പൊളിഗെനില്‍, സമുദ്രജലത്തിന്റെ ബാഷ്പീകരണത്തിലൂടെ കടല്‍ ഉപ്പിന്റെ റെക്കോര്‍ഡ് വിളവെടുപ്പാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ശരാശരി വിളവ് ഏകദേശം 1.3 ടണ്ണായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത് 2.5 ടണ്‍ ആണ്. ഗുണനിലവാരമുള്ള ഈ കടല്‍ ഉപ്പ് ലോകമെമ്പാടും വളരെ വിലമതിക്കുന്നതാണ്.