പാകിസ്ഥാന്‍ പ്രവിശ്യയായ ബലൂചിസ്ഥാനിലെ ഗ്രാമമായ സഡോറിയില്‍ ജൂണില്‍ ആരംഭിച്ച വെള്ളപ്പൊക്കം താത്കാലികമായി അവസാനിച്ചതിനുശേഷം 22 കാരനായ മുഹമ്മദ് അസ്ലം തന്റെ വീടിരുന്ന സ്ഥലത്തിന് ചുറ്റും പരതിയപ്പോള്‍ കണ്ടത്, മതിലുകളുടെ സ്ഥാനത്ത് കുറേ കല്‍ക്കൂമ്പാരങ്ങളും മേല്‍ക്കൂരയായി ഉപയോഗിച്ചിരുന്ന വൈക്കോലിന്റെ അവശിഷ്ടങ്ങളുമൊക്കെയാണ്.
പ്രസ്തുത വെള്ളപ്പൊക്കത്തില്‍ 500-ലധികം ആളുകള്‍ കൊല്ലപ്പെട്ടു. 50,000-ത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നിലംപൊത്തുകയോ ചെയ്തു. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
അസ്ലമും മറ്റു ചിലരും വെള്ളം ഇറങ്ങിയതിനുശേഷം അവരുടെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തി. അവര്‍ക്ക് ഇവിടെ ജീവിതം പുനര്‍നിര്‍മ്മിക്കാന്‍ കഴിയുമോ എന്നറിയാനായിരുന്നു അത്. പക്ഷേ, അവരെ സ്വാഗതം ചെയ്തത് ഭയാനകമായ കാഴ്ചകളായിരുന്നു. കാരണം ഒന്നും അവിടെ അവശേഷിച്ചിരുന്നില്ല. അവരുടെ കൃഷിഭൂമി പോലും ചെളി പുതഞ്ഞ് ചതുപ്പായി മാറിയിരിക്കുന്നു.
ജൂണ്‍ പകുതിയോടെയാണ് പാക്കിസ്ഥാനില്‍ മണ്‍സൂണ്‍ എത്തിയത്. വാര്‍ഷിക ശരാശരിയേക്കാള്‍ 133% കൂടുതല്‍ മഴ ഇത്തവണ ലഭിച്ചതായി രാജ്യത്തെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ) പറഞ്ഞു. കനത്ത മഴ വെള്ളപ്പൊക്കത്തിന് കാരണമായി. ഇത് പ്രവിശ്യകളിലുടനീളം നാശം വിതച്ചു. മുഴുവന്‍ ഗ്രാമങ്ങളുും റോഡുകളും പാലങ്ങളും വെള്ളത്തിലായി. ദിവസങ്ങളോളം ആളുകള്‍ പലയിടങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ മാത്രം 18,000 വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നിട്ടുണ്ട്.
ദുരിതാശ്വാസ സംഘടനകളുടെ സഹായത്തോടെ പ്രളയബാധിത പ്രദേശങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ക്യാമ്പുകള്‍ തുറക്കുകയും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സഹായിക്കുകയും ചെയ്തു. എങ്കിലും താത്കാലിക ഷെല്‍ട്ടറുകളില്‍ പലപ്പോഴും ഭക്ഷണം തീരാറുണ്ടെന്നും റേഷന്‍ തുച്ഛമാണെന്നും പ്രദേശവാസികള്‍ പറയുന്നു.
വരാനിരിക്കുന്ന ആഴ്ചകളില്‍ കൂടുതല്‍ മഴ പെയ്യുമെന്ന് ആശങ്കയുള്ളതിനാല്‍ പലരും കുടുംബങ്ങളെ ഉയര്‍ന്ന സ്ഥലത്തെ താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന് പാകിസ്ഥാന്‍ കാലാവസ്ഥാ വകുപ്പ് (പിഎംഡി) മുന്നറിയിപ്പ് നല്‍കി. അടുത്ത ദുരന്തം വരെ എത്ര സമയം ഉണ്ടെന്ന് അറിയില്ലെന്ന് സദോരിയിലെ ആളുകള്‍ പറയുന്നു. അവരുടെ ഭയം അത്രത്തോളമുണ്ട്.
ജനസംഖ്യയുടെ പകുതിയും കൃഷിയെ ആശ്രയിക്കുന്ന ഒരു രാജ്യത്ത് വെള്ളപ്പൊക്കം ഇതിനകം തന്നെ ഉപജീവനമാര്‍ഗ്ഗത്തെ സാരമായി ബാധിച്ചു. പരുത്തി, ഗോതമ്പ് കര്‍ഷകനാണ് മുഹമ്മദ് സാലിഹ്. പ്രളയത്തില്‍ ഒരു വര്‍ഷത്തെ വിളവെടുപ്പ് ദിവസങ്ങള്‍ക്കുള്ളില്‍ നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
‘ഈ ഗോതമ്പ് സ്റ്റോക്ക് 350 കിലോഗ്രാമില്‍ കൂടുതലുണ്ടായിരുന്നു. ഇത് ഞങ്ങളുടെ മുഴുവന്‍ കുടുംബത്തിനും ഏകദേശം എട്ട് മാസത്തെ ഭക്ഷണത്തിന് മതിയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും അവശേഷിക്കുന്നില്ല. ശീതകാലം വരുന്നു, ഞങ്ങള്‍ക്ക് ഒന്നുമില്ല, കിടക്ക പോലും ഇല്ല. ഞങ്ങള്‍ എങ്ങനെ ജീവിക്കുമെന്നോ കുട്ടികളെ എങ്ങനെ വളര്‍ത്തുമെന്നോ എനിക്കറിയില്ല’. ചെളിയില്‍ പുതഞ്ഞു കിടന്ന ഗോതമ്പ് ചാക്കുകളില്‍ ഒന്ന് ഉയര്‍ത്തിക്കാണിച്ച് സാലിഹ് നെടുവീര്‍പ്പിട്ടു.
മകനും മരുമകളും പേരക്കുട്ടിയും ഒറ്റരാത്രികൊണ്ട് മരണപ്പെട്ടു എന്ന വാര്‍ത്ത കേട്ടാണ് ലാസ്‌ബെല ജില്ലയിലെ അഹ്മദ് ഒരു ദിവസം ഉണര്‍ന്നത്. തലേദിവസം രാത്രി മകനോടും കുടുംബത്തോടും തന്റെ വീട്ടില്‍ കിടന്നുറങ്ങാന്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വെള്ളപ്പൊക്കം കൂടുതല്‍ മോശമാകില്ലെന്ന പ്രതീക്ഷയില്‍ മകന്‍ അത് നിരസിച്ചു. ‘പിറ്റേന്ന് രാവിലെ അവരുടെ ശരീരം ഒരു മരത്തില്‍ കുടുങ്ങിയ നിലയിലാണ് കണ്ടെത്തിയത്’. കണ്ണീരോടെ അഹ്മദ് പറഞ്ഞു.
ഇത്തവണത്തെ മഴ ഗ്രാമങ്ങളെ മാത്രമല്ല, നഗരങ്ങളെയും വെള്ളത്തിനടിയിലാക്കി. കറാച്ചിയില്‍ ദിവസങ്ങളോളം തെരുവുകള്‍ വെള്ളത്തിനടിയിലായി. കാലാവസ്ഥാ വ്യതിയാന വെല്ലുവിളികള്‍ മനസ്സില്‍ വെച്ചുകൊണ്ട് പാകിസ്ഥാന്‍ അതിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യത്ത് പലയിടങ്ങളിലും മേഘങ്ങള്‍ ഇപ്പോഴും ചാരനിറമുള്ളതും കനത്തതുമാണ്. അതോടൊപ്പം ആളുകളുടെ ഉത്കണ്ഠയും അന്തരീക്ഷത്തില്‍ കനത്തില്‍ തങ്ങിനില്‍ക്കുന്നു.