Wednesday, July 29, 2026

സ്പെയിനിലും ഫ്രാൻസിലും കാട്ടുതീ പടർന്നുപിടിച്ചു; മാഡ്രിഡിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിന് സമീപം അതിവേഗം പടരുന്ന കാട്ടുതീ നിയന്ത്രിക്കാൻ കഴിയാത്ത വിധം പടർന്നു പിടിക്കുന്നതായി അധികൃതരുടെ മുന്നറിയിപ്പ്. തലസ്ഥാനത്തിന് പടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന മൂന്ന് കാട്ടുതീ ഒന്നിച്ചു ചേർന്നതോടെയാണ് സ്ഥിതി ഗുരുതരമായത്. സ്പെയിനിലും ഫ്രാൻസിലുമായി 160,000-ത്തിലധികം ആളുകളെയാണ് ഇതിനോടകം ഒഴിപ്പിച്ചത്.

മാഡ്രിഡ് മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണിതെന്ന് പ്രദേശിക പ്രസിഡന്റ് ഇസാബെൽ ഡിയാസ് അയുസോ വിശേഷിപ്പിച്ചു. ഉയർന്ന താപനിലയും ശക്തമായ കാറ്റും ഒരേസമയം ഒന്നിലധികം തീപിടുത്തങ്ങളും പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ഇതേ തുടർന്ന് സ്പാനിഷ് സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

മാഡ്രിഡിൽ മാത്രം 63,000-ത്തോളം ആളുകളോട് വീടുകളിൽ തന്നെ തുടരാനോ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനോ നിർദ്ദേശം നൽകിയിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഗിറോണ്ട് (Gironde), ലാൻഡെസ് (Landes) മേഖലകളിൽ കാട്ടുതീ പടർന്നതിനെ തുടർന്ന് ഏകദേശം 140,000 ആളുകളെ ഒഴിപ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ രംഗത്തിറക്കിയിട്ടുണ്ട്.

മാഡ്രിഡിലെ അഗ്നിശമന സേനയ്ക്ക് തനിച്ച് തടയാനാവാത്ത വിധം തീ പടർന്നതിനെ തുടർന്ന് മിലിട്ടറി എമർജൻസി യൂണിറ്റിനെ (UME) വിന്യസിപ്പിച്ചിട്ടുണ്ട്. എൽ എസ്‌കോറിയൽ പട്ടണത്തിന് സമീപമുള്ള പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. മാഡ്രിഡ് മേഖലയിൽ ഇതുവരെ 6,000 ഹെക്ടറിലധികം ഭൂമി കത്തിനശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News