യുക്രൈൻ തലസ്ഥാനമായ കീവിന് സമീപം ഡ്രോൺ സാങ്കേതികവിദ്യ പ്രദർശിപ്പിച്ച കേന്ദ്രത്തിനു നേരെയുണ്ടായ റഷ്യൻ ബാലസ്റ്റിക് മിസൈൽ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. രാജ്യത്ത് പലയിടങ്ങളിലുണ്ടായ വിവിധ റഷ്യൻ ആക്രമണങ്ങളിൽ കുറഞ്ഞത് 15 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പകൽ സമയത്തുണ്ടായ ഈ ആക്രമണത്തിൽ പ്രതിരോധ മേഖലയിലെ പ്രമുഖരുൾപ്പെടെ നൂറിലധികം ആളുകൾക്ക് പരിക്കേറ്റതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി അറിയിച്ചു. കിഴക്കൻ നഗരമായ സ്ലോവിയാൻസ്കിൽ റഷ്യൻ ഗ്ലൈഡ് ബോംബ് ആക്രമണത്തിൽ അഞ്ച് പേരും കൂടി കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ വടക്കൻ നഗരമായ സുമിയിൽ രണ്ട് പുരുഷന്മാർ കൊല്ലപ്പെട്ടതായി സൈനിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഡ്രോൺ പ്രദർശന നഗരിക്ക് നേരെ മൂന്ന് ബാലസ്റ്റിക് മിസൈലുകളാണ് റഷ്യ തൊടുത്തത്. ഇതിൽ ഒരെണ്ണം മാത്രമാണ് യുക്രേനിയൻ വ്യോമസേനയ്ക്ക് തടയാൻ സാധിച്ചത്. റഷ്യൻ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്താൻ ഉപയോഗിക്കുന്ന ഡ്രോണുകൾ പ്രദർശിപ്പിക്കുന്ന സ്ഥലത്താണ് കൃത്യമായ ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
യുക്രൈൻ-റഷ്യ സമാധാന ചർച്ചകൾ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തയാഴ്ച അമേരിക്ക സന്ദർശിക്കുന്ന സെലെൻസ്കി ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. റഷ്യൻ ഡ്രോൺ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്ന് റൊമാനിയൻ എഫ്-16 യുദ്ധവിമാനം അത് വെടിവെച്ചിട്ടതായി റൊമാനിയൻ പ്രസിഡന്റ് നിക്കുസോർ ഡാൻ അറിയിച്ചു.

