Wednesday, July 29, 2026

സുഡാനിൽ കുടിവെള്ളത്തിനായി പുറത്തിറങ്ങുന്ന സ്ത്രീകൾക്ക് നേരെ ക്രൂരമായ ആക്രമണം; യു.എൻ മുന്നറിയിപ്പ്

സുഡാനിലെ ഉപരോധിക്കപ്പെട്ട അൽ-ഒബെയ്ദ് നഗരത്തിൽ കുടിവെള്ളം ശേഖരിക്കാൻ പുറത്തിറങ്ങുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ വൻ അതിക്രമമെന്ന് യു.എൻ. വിമൻ (UN Women) വ്യക്തമാക്കി. പകൽ സമയത്ത് ഡ്രോൺ ആക്രമണങ്ങളും രാത്രിയിൽ ലൈംഗികാതിക്രമങ്ങളും നേരിടേണ്ടി വരുന്ന ഭീകരമായ അവസ്ഥയാണ് ഇവർക്കുള്ളതെന്ന് യു.എൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

വടക്കൻ കോർഡോഫാൻ‌ പ്രവിശ്യയുടെ തലസ്ഥാനമായ അൽ-ഒബെയ്ദിൽ ഭക്ഷണത്തിനും ആരോഗ്യ സേവനങ്ങൾക്കും വലിയ തോതിൽ പഞ്ഞമുണ്ട്. സുഡാൻ സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) തമ്മിലുള്ള പോരാട്ടം ശക്തമായതിനെ തുടർന്ന് വലിയൊരു മനുഷ്യാവകാശ ദുരന്തമാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നതെന്ന് യു.എൻ. മനുഷ്യാവകാശ മേധാവി വ്യക്തമാക്കിയിട്ടുണ്ട്. നാലാം വർഷത്തിലേക്ക് കടന്ന ഈ ആഭ്യന്തരയുദ്ധം ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധികളിലൊന്നിനാണ് വഴിവെച്ചിരിക്കുന്നത്.

പകൽ സമയത്ത് ജലസ്രോതസ്സുകൾക്ക് നേരെ ഡ്രോൺ ആക്രമണങ്ങൾ നടക്കുന്നതിനാൽ പല സ്ത്രീകളും ഇരുട്ടാകുമ്പോഴാണ് വെള്ളം ശേഖരിക്കാൻ ഇറങ്ങുന്നത്. എന്നാൽ രാത്രിയാവട്ടെ, പീഡനവും മറ്റ് ലൈംഗിക അതിക്രമങ്ങളുമാണ് ഇവരെ കാത്തിരിക്കുന്നത്. 18 മാസമായി ഉപരോധത്തിന് സമാനമായ സാഹചര്യത്തിലൂടെയാണ് അൽ-ഒബെയ്ദിലെ ജനങ്ങൾ കടന്നുപോകുന്നത്. കുടിവെള്ളത്തിന്റെ ലഭ്യതക്കുറവും നിരന്തരമായ ഡ്രോൺ ആക്രമണങ്ങളും ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു.

ഈ വർഷം മാത്രം സുഡാനിൽ 12.7 ദശലക്ഷം സ്ത്രീകളും പെൺകുട്ടികളുമാണ് അതിക്രമങ്ങൾക്കെതിരെയുള്ള സഹായം തേടുന്നത്. യുദ്ധം ആരംഭിച്ചതുമുതൽ ഈ കണക്കിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘടനകൾക്കുള്ള ഫണ്ടിങ് വെട്ടിക്കുറച്ചതിനാൽ, സുരക്ഷിത ഇടങ്ങളും ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള സഹായ കേന്ദ്രങ്ങളും പലതും പ്രവർത്തനരഹിതമായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News