കടുത്ത ശൈത്യകാലത്തിന് മുൻപ് റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി വെടിനിർത്തൽ ചർച്ചകൾക്ക് പുതിയ നീക്കവുമായി യുക്രൈൻ. എന്നാൽ റഷ്യയുടെ മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ തങ്ങൾക്ക് ഉടൻ തന്നെ പുതിയ ആന്റി-ബാലിസ്റ്റിക് മിസൈലുകൾ ആവശ്യമാണെന്ന് വാഷിംഗ്ടണിലെ യുക്രൈൻ അംബാസഡർ ഒൽഹ സ്റ്റെഫാനിഷിന വ്യക്തമാക്കി.
ക്രിസ്ത്യൻ സയൻസ് മോണിറ്റർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അവർ ഇക്കാര്യം അറിയിച്ചത്. ഓരോ രാത്രിയിലും നടക്കുന്ന ആക്രമണങ്ങളുടെ ആഘാതം വളരെ വലുതാണെന്നും, കഴിഞ്ഞ ദിവസങ്ങളിൽ 30 മുതൽ 40 വരെ ബാലിസ്റ്റിക് മിസൈലുകളാണ് പതിച്ചതെന്നും അവർ ചൂണ്ടിക്കാണിച്ചു. പാട്രിയറ്റ് PAC-3 മിസൈലുകൾ സ്വന്തമായി നിർമ്മിക്കുന്നതിനുള്ള ലൈസൻസിനായി യുക്രൈൻ പെൻടാഗണുമായി ചർച്ച നടത്തിവരികയാണ്. എന്നാൽ ഇതിന് 12 മാസം മുതൽ അഞ്ച് വർഷം വരെ സമയമെടുത്തേക്കാം.
പാട്രിയറ്റ് നിർമ്മാതാക്കളായ റേതിയോണിന്റെ ഉദ്യോഗസ്ഥർ യുക്രൈൻ സന്ദർശിച്ചിട്ടുണ്ട്. കൂടാതെ, PAC-3 ഇന്റർസെപ്റ്ററുകൾ നിർമ്മിക്കുന്ന ലോക്ക്ഹീഡ് മാർട്ടിൻ കമ്പനിയും വിദഗ്ധ സംഘത്തെ യുക്രൈനിലേക്ക് അയക്കാൻ തയ്യാറെടുക്കുകയാണ്.

