തെക്കൻ ലെബനനിലെ ബ്യൂഫോർട്ട് റിഡ്ജിന് (Beaufort Ridge) താഴെ പ്രവർത്തിച്ചിരുന്ന ഹിസ്ബുള്ളയുടെ കൂറ്റൻ ഭൂഗർഭ തുരങ്ക ശൃംഖല തകർത്തതായി ഇസ്രായേൽ സൈന്യം. വ്യാഴാഴ്ച രാത്രി വൈകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലൂടെയാണ് ഈ വിവരം അറിയിച്ചത്.
ഭൂഗർഭ തുരങ്കം പൂർണ്ണമായി തകർക്കുന്നതിനായി 700 ടൺ സ്ഫോടകവസ്തുക്കളാണ് ഇസ്രായേൽ പ്രതിരോധ സേന (IDF) ഉപയോഗിച്ചത്. ജൂണിലെ സമാധാന ചട്ടക്കൂട് കരാറിനെ തുടർന്ന് മാറ്റിവെച്ച ഈ നീക്കം, ബുധനാഴ്ച ഹിസ്ബുള്ള നടത്തിയ വെടിനിർത്തൽ ലംഘനത്തിനുള്ള മറുപടിയായാണ് നടപ്പിലാക്കിയത്. ഡ്രോൺ ഉപയോഗിച്ച് ഇസ്രായേലിന്റെ ആളില്ലാ ബുൾഡോസറിനെ ഹിസ്ബുള്ള ആക്രമിച്ചിരുന്നു.
ഇസ്രായേലിലെ ഗലീല മേഖലയിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ ഹിസ്ബുള്ള ആസൂത്രണം ചെയ്ത കടന്നുകയറ്റ പദ്ധതിയുടെ കേന്ദ്രഭാഗമായിരുന്നു ഈ തുരങ്കമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു. വെടിനിർത്തൽ കരാറിന്റെ ഒരു ലംഘനവും ഇസ്രായേൽ വച്ചുപൊറുപ്പിക്കില്ലെന്ന് നെതന്യാഹുവും കാറ്റ്സും മുന്നറിയിപ്പ് നൽകി. ഹിസ്ബുള്ളയുടെ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായി തകർക്കുന്നതുവരെ തെക്കൻ ലെബനനിലെ സുരക്ഷാ മേഖലയിൽ സൈന്യം തുടരുമെന്നും അവർ വ്യക്തമാക്കി.

