“എന്നെ ആളുകൾ തിരിച്ചറിയുന്നത് ആ ഭീകരമായ വീഡിയോയിലൂടെയാണ്; എല്ലും തോലുമായി മാറിയ ആ മെലിഞ്ഞ രൂപം… എന്നാൽ എത്ര മാറ്റങ്ങളുണ്ടായാലും ശവക്കുഴി തോണ്ടിയ ആ ദിവസങ്ങൾ എന്റെയുള്ളിൽ ഒരു തീപ്പൊരിപോലെ ഇപ്പോഴുമുണ്ട്.” കണ്ണീരിൽ കുതിർന്ന രണ്ട് വർഷക്കാലത്തെ നരകയാതനകൾക്ക് ശേഷം ജീവിതത്തിലേക്ക് തിരികെ നടന്ന എവ്യാതാർ ഡേവിഡ് (Evyatar David) എന്ന യുവാവിന്റെ വാക്കുകളാണിത്. ചാനൽ 12-ന്റെ ‘ഉവ്ദ’ (Uvda) പരിപാടിയിൽ തന്റെ ബാല്യകാല സുഹൃത്തും ഒപ്പം തടവിലുണ്ടായിരുന്നയാളുമായ ഗയ് ഗിൽബോവ-ദലാലിനൊപ്പം സംസാരിക്കവെയാണ് അദ്ദേഹം ഹമാസിന്റെ തടവറയിലെ തീവ്രവേദനകൾ ലോകത്തോട് പങ്കുവെച്ചത്.
2023 ഒക്ടോബർ ഏഴിന് പുലർച്ചെ. നോവ മ്യൂസിക് ഫെസ്റ്റിവലിൽ ആടിയും പാടിയും സന്തോഷത്തോടെയാണ് ആ നാല് സുഹൃത്തുക്കൾ എത്തിയത്. ക്യാപ്റ്റൻ റോൺ ത്സാർഫതി, ഇദാൻ ഹരമാതി, ഗയ് ഗിൽബോവ-ദലാൽ, പിന്നെ എവ്യാതാർ ഡേവിഡും. എന്നാൽ രാവിലെയോടെ ആ സന്തോഷം വെടിയൊച്ചകളുടെ ശബ്ദത്തിൽ നിലച്ചു. എങ്ങോട്ടെന്നില്ലാതെ ഓടിയ ആ നിമിഷത്തെക്കുറിച്ച് ഡേവിഡ് ഓർത്തെടുക്കുന്നു: “ചുറ്റും വെടിയൊച്ചകൾ മാത്രം. സ്വന്തം ശ്വാസത്തിന്റെ ശബ്ദം പോലും കേൾക്കാവുന്ന ഭീകരാന്തരീക്ഷം.” ആ ആക്രമണത്തിൽ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട രണ്ട് സുഹൃത്തുക്കൾ കൊല്ലപ്പെട്ടു. ഗയിയും എവ്യാതാറും ഹമാസിന്റെ പിടിയിലാവുകയും ചെയ്തു.
തുരങ്കത്തിലെ ഇരുളടഞ്ഞ ദിവസങ്ങൾ
തുടക്കത്തിൽ രണ്ട് ആഴ്ചയോളം പരസ്പരം നോക്കാനോ സംസാരിക്കാനോ തങ്ങളെ ഭീകരർ അനുവദിച്ചിരുന്നില്ലെന്ന് ഡേവിഡ് പറയുന്നു. പിന്നീട് ഒരുമിപ്പിച്ചെങ്കിലും പട്ടിണിയും പരിവട്ടവുമായിരുന്നു അവിടെ കാത്തിരുന്നത്. തുച്ഛമായ വെള്ളവും ഭക്ഷണവും പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തായ ഗയിയുമായി വഴക്കിട്ട നിമിഷങ്ങളും അദ്ദേഹം വേദനയോടെ ഓർത്തു. “അതെല്ലാം കടുത്ത നിസ്സഹായാവസ്ഥയും ദേഷ്യവും കാരണം സംഭവിച്ചതാണ്. എങ്കിലും പരസ്പരം കൈവിടില്ല എന്ന ഉറപ്പ് ഞങ്ങൾക്ക് കരുത്തായി.”
സ്വന്തം ശവക്കുഴി തോണ്ടിയ ആ ഭീകര നിമിഷം
തടവിലിരിക്കെ ലോകത്തെ ഞെട്ടിച്ച ആ പ്രൊപ്പഗാന്ത വീഡിയോയ്ക്ക് പിന്നിലെ സത്യം ഡേവിഡ് ആദ്യമായി വിവരിച്ചു. വീഡിയോ ഷൂട്ട് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഭീകരർ തങ്ങളെ നഗ്നരാക്കി ശരീരസ്ഥിതി പരിശോധിച്ചു. തീർത്തും മെലിഞ്ഞു ഉണങ്ങിയ തന്നെ ആ വീഡിയോയ്ക്കായി അവർ തിരഞ്ഞെടുക്കുകയായിരുന്നു എന്ന് ഡേവിഡ് പറയുന്നു.
ഷൂട്ടിംഗ് സെറ്റിലേക്ക് കൊണ്ടുപോകും വഴി വലിയൊരു മുറിയിലൂടെ കടന്നുപോകുമ്പോൾ ഭീകരർ ചായയും കേക്കും കഴിക്കുന്നതിന്റെ മണവും ശബ്ദവും താൻ അനുഭവിച്ചതായി ഡേവിഡ് കണ്ണീരോടെ പറയുന്നു. എല്ലും തോലുമായി ഒരു അസ്ഥികൂടം പോലെ താൻ നിൽക്കുമ്പോൾ, അവർ ആർഭാടമായി ഭക്ഷണം കഴിക്കുകയായിരുന്നു. തുടർന്ന് ഒരു തുരങ്കത്തിനുള്ളിൽ അവർ ഒരു കുഴി കാണിച്ചുതന്നു. “അവർ എന്നോട് പറഞ്ഞു: ‘ഇതാണ് നിന്റെ കുഴി, ഈ തോട്ടിയെടുത്ത് ഇതിനുള്ളിൽ കയറൂ.’ ഞാൻ ആ കുഴി തോണ്ടി. ശാരീരികമായി അത് അസാധ്യമായിരുന്നു. ഞാൻ എന്നോട് തന്നെ പറഞ്ഞു, ഞാൻ ശരിക്കും മരിക്കാൻ പോവുകയാണെങ്കിൽ ഈ കുഴിയിൽ കിടന്ന് മരിക്കേണ്ടി വരും.”
ജീവിതത്തിലേക്കുള്ള തിരിച്ചുനടപ്പ്
2025 ഒക്ടോബറിൽ വെടിനിർത്തൽ കരാറിനെ തുടർന്നാണ് ഡേവിഡ് മോചിതനാകുന്നത്. തടവറയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും അവിടത്തെ ഓർമ്മകൾ ഇപ്പോഴും തന്നെ വേട്ടയാടുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. രാത്രിയിൽ പേടിസ്വപ്നങ്ങളും മാനസികാഘാതവും അദ്ദേഹത്തെ ഇപ്പോഴും അലട്ടുന്നുണ്ട്. എങ്കിലും തനിക്ക് ആരുടെയും ദയയോ സഹതാപമോ ആവശ്യമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചുപറയുന്നു.
“ആളുകൾ കരുതുന്നത് തടവറ എന്നാൽ മരണമാണെന്നാണ്. എന്നാൽ അവിടെ ജീവിക്കാൻ വേണ്ടിയാണ് ഞങ്ങൾ ഓരോ സെക്കൻഡും പോരാടിയത്. എന്റെ സ്വപ്നം ഇനിയും ബാക്കിയുണ്ട്; വിവാഹം കഴിക്കണം, ഒരു കുടുംബം തുടങ്ങണം, സാധാരണ മനുഷ്യനായി ജീവിക്കണം. ആ ജീവിതത്തിലേക്ക് തിരികെ എത്താൻ ഞാൻ ഇനിയും പോരാടും.” ഡേവിഡ് പ്രതീക്ഷയോടെ പറയുന്നു.

