യുഎസിലെ ജോർജിയയിൽ സ്കൂളിൽ അതിക്രമം നടത്തി നാല് പേരെ കൊലപ്പെടുത്തിയ വിദ്യാർത്ഥിയുടെ പിതാവിന് 15 വർഷം തടവ് ശിക്ഷ വിധിച്ചു. മകന് തോക്ക് വാങ്ങിനൽകിയ കോളിൻ ഗ്രേ (55) എന്നയാൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. കുട്ടികൾ നടത്തുന്ന വെടിവെപ്പുകളിൽ മാതാപിതാക്കളെ കൊലക്കുറ്റത്തിന് ശിക്ഷിക്കുന്ന ജോർജിയയിലെ ആദ്യ കേസാണിത്. പ്രോസിക്യൂഷൻ 80 വർഷം തടവ് ആവശ്യപ്പെട്ടിരുന്നെങ്കിലും ജഡ്ജി നിക്കോളാസ് പ്രിം 15 വർഷമായി ശിക്ഷ കുറയ്ക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്കൂളിൽ വെടിവെപ്പ് നടത്തിയ 16 കാരനായ കോൾട്ട് ഗ്രേയ്ക്ക് പരോളില്ലാത്ത ജീവപര്യതം തടവ് ശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെയാണ് രണ്ട് ദിവസത്തിന് ശേഷം പിതാവിനെയും കോടതി ശിക്ഷിച്ചത്.
2024-ൽ ബാറോ കൗണ്ടിയിലെ ഹൈസ്കൂളിൽ നടന്ന വെടിവെപ്പിലാണ് നാല് പേർ കൊല്ലപ്പെട്ടത്. മകന്റെ മാനസിക പ്രശ്നങ്ങൾ അവഗണിക്കുകയും ആക്രമണത്തിന് ഉപയോഗിച്ച തോക്ക് വാങ്ങി നൽകുകയും ചെയ്തതിനാണ് പിതാവിനെതിരെ കേസെടുത്തത്. പിതാവിന്റെ അശ്രദ്ധ വലിയ ദുരന്തത്തിന് കാരണമായെങ്കിലും, മകൻ ചെയ്ത കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം പിതാവിന്റെ മേൽ പൂർണ്ണമായി അടിച്ചേൽപ്പിക്കാനാകില്ലെന്ന് ജഡ്ജി വ്യക്തമാക്കി.
യുഎസിൽ സമാനമായ മറ്റൊരു കേസിൽ, മിഷിഗണിൽ സ്കൂൾ വെടിവെപ്പ് നടത്തിയ മറ്റൊരു കുട്ടിയുടെ മാതാപിതാക്കൾക്കും 10 മുതൽ 15 വർഷം വരെ തടവ് ശിക്ഷ ലഭിച്ചിരുന്നു. തോക്കുകൾ സുരക്ഷിതമായി സൂക്ഷിക്കാത്തതും മുന്നറിയിപ്പുകൾ അവഗണിച്ചതുമാണ് അന്ന് ശിക്ഷയ്ക്ക് കാരണമായത്.

