Saturday, August 1, 2026

കാന്‍സറും കര്‍ക്കിടക സുഖചികിത്സയും

കാൻസറിനെ അതിജീവിച്ച രോഗികൾ കർക്കിടക സുഖചികിത്സയെക്കുറിച്ച് ചോദിച്ച അനുഭവത്തിൽ നിന്നാണ് ഡോ. ജോജോ ജോസഫ് ഈ ലേഖനം ആരംഭിക്കുന്നത്. പണ്ടത്തെ പഞ്ഞമാസം അതിജീവിക്കാൻ മാത്രം ഉപയോഗിച്ചിരുന്ന കർക്കിടക കഞ്ഞിയെക്കുറിച്ചുള്ള തെറ്റായ ധാരണകളും ശാസ്ത്രീയവശങ്ങളും ഇതിൽ വ്യക്തമാക്കുന്നു. കൂടാതെ, ശരീരത്തിന്റെ ഹോമിയോസ്റ്റാസിസ് പ്രതിരോധ സംവിധാനവും ഡീടോക്സിനെക്കുറിച്ചുള്ള മിഥ്യാധാരണകളും ലേഖനം വിശകലനം ചെയ്യുന്നു. ആരോഗ്യവും ദീർഘായുസ്സും ഒരു മാസത്തെ പ്രത്യേക കഞ്ഞികുടിയോ, ചികിത്സയോ അല്ല, മറിച്ച് ചിട്ടയായ ജീവിതശീലങ്ങളിലൂടെയാണ് രൂപപ്പെടുന്നതെന്ന് ഇത് ഓർമ്മിപ്പിക്കുന്നു. തുടര്‍ന്നു വായിക്കുക.

കർക്കിടക മാസം തുടങ്ങുന്നതിനു മുന്‍പുള്ള ദിവസങ്ങളിലൊന്നില്‍ രണ്ടുപേർ എന്നെ കാണാനെത്തി. പേഷ്യന്റ്സ് എന്ന് പൂർണ്ണമായി പറയാൻ പറ്റില്ലെങ്കിലും, മുൻപ് തങ്ങൾക്ക് ബാധിച്ചിരുന്ന കാൻസറിനെ കീമോതെറാപ്പി, സർജറി, റേഡിയേഷൻ എന്നിവയിലൂടെ പൂർണ്ണമായും ഭേദമാക്കി ഫോളോ അപ്പിനായി എത്തിയ സാധാരണക്കാരായ രണ്ടു മനുഷ്യരായിരുന്നു അവർ.

എന്നെ കണ്ടയുടനെ അവർ തങ്ങളുടെ മനസ്സിലിരിപ്പ് തുറന്നു പറഞ്ഞു:

“ഡോക്ടറേ, കർക്കിടകം വരികയാണല്ലോ. കഴിഞ്ഞ ഒന്നര-രണ്ടു വർഷമായി ഞങ്ങൾ ഈ ചികിത്സകളുടെയും മരുന്നുകളുടെയും ഒക്കെ പുറകെയായിരുന്നു. അപ്പോൾ ഈ കർക്കിടകം വരുമ്പോൾ ഞങ്ങൾ ഒരു കർക്കിടക സുഖചികിത്സയും കർക്കിടക കഞ്ഞിയും ഒക്കെ കുടിച്ച് ശരീരം ഒന്ന് ഡീടോക്സ് ചെയ്യട്ടെ? ഡോക്ടർ അതിനെക്കുറിച്ച് എന്ത് അഭിപ്രായം പറയുന്നു? എന്തെങ്കിലും കുഴപ്പമുണ്ടോ?”

അവരുടെ ചോദ്യം കേട്ട് ചെറുചിരിയോടെ ഞാന്‍ ഒരു തമാശ തിരിച്ചു ചോദിച്ചു:

“കർക്കിടകത്തിൽ തന്നെ വേണോ? ചിങ്ങത്തില്‍ ആയാൽ എന്താ കുഴപ്പം?”

അത് കേട്ടതും അവരില്‍ ഒരാള്‍ക്ക് പെട്ടെന്ന് ദേഷ്യവും ആവേശവുമായി! അയാള്‍ ഉടൻ തന്നെ വാചാലനായി:

“ഡോക്ടർക്ക് സയൻസ് അറിയില്ലേ? കർക്കിടകം എന്ന് പറഞ്ഞാൽ അതൊരു പ്രത്യേക മാസമാണ്. ആ സമയത്ത് നമ്മുടെ ശരീരം മുഴുവൻ ഇളകും, ശരീരത്തിലെ സുഷിരങ്ങളൊക്കെ വലുതാകും. ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന ടോക്സിൻസ് അഥവാ വിഷങ്ങളൊക്കെ ഇതുവഴി പുറത്തേക്ക് കളയാൻ വളരെ എളുപ്പമാണ്. ഡീടോക്സിനുള്ള ഏറ്റവും നല്ല മാസം ഇതാണ്! അതുപോലെ തന്നെ, നമ്മുടെ പൂർവികർ ദീർഘായുസ്സോടു കൂടി ആരോഗ്യകരമായി ജീവിച്ചിരുന്നതും അവരുടെ ജീവിതം മെയിൻറൈൻ ചെയ്തിരുന്നതും കർക്കിടക കഞ്ഞി കുടിച്ചിട്ടല്ലേ? ഇതൊന്നും ഡോക്ടർക്ക് അറിയത്തില്ലേ?”

ഈ ഒരു സംഭവമാണ് ഈ ലേഖനം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

കാൻസറും കർക്കിടക സുഖചികിത്സയും: മിഥ്യയും യാഥാർഥ്യവും

ഇന്നത്തെ ആധുനിക സമൂഹത്തിൽ കർക്കിടക മാസം എന്നത് പലപ്പോഴും ഒരു ‘വെൽനസ് മന്ത്’ (Wellness Month) ആയിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. കീമോതെറാപ്പി, സർജറി, റേഡിയേഷൻ തുടങ്ങിയ കഠിനമായ ചികിത്സകൾക്കു ശേഷം ശരീരം ഒന്ന് ഡീടോക്സ് ചെയ്യാനും, കർക്കിടക കഞ്ഞി കുടിച്ച് ആരോഗ്യം വീണ്ടെടുക്കാനും പാടില്ലേ എന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ, ഇത്തരം ധാരണകൾക്കു പിന്നിൽ ശാസ്ത്രീയമായ അടിത്തറയുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

പൂർവികരുടെ ആയുസ്സും കർക്കിടക കഞ്ഞിയുടെ യഥാർഥ ലക്ഷ്യവും

നമ്മുടെ പൂർവികർ ദീർഘായുസ്സോടെ ജീവിച്ചിരുന്നത് കർക്കിടക കഞ്ഞി കുടിച്ചിട്ടാണെന്നത് ഒരു തെറ്റായ ധാരണയാണ്. സ്വാതന്ത്ര്യലബ്ധിയുടെ കാലത്തോ, അതിനു മുമ്പോ ഉള്ള ചരിത്രരേഖകൾ പരിശോധിച്ചാൽ ഇത് വെറുമൊരു മിഥ്യ മാത്രമാണെന്ന് മനസ്സിലാകും.

പണ്ടുകാലത്ത് കാർഷികവൃത്തി ചെയ്ത് ജീവിച്ചിരുന്ന ആളുകൾക്ക് കർക്കിടക മാസത്തിലെ കനത്ത മഴ കാരണം പുറത്തിറങ്ങി ജോലിചെയ്യാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ വരുമാനമില്ലായ്മയും ഭക്ഷ്യക്ഷാമവും നേരിടേണ്ടിവന്നു. ആ ‘പഞ്ഞമാസം’ അതിജീവിക്കാൻ വേണ്ടി അരിക്കു പകരമായി പ്രാദേശികമായി ലഭ്യമായ ചേമ്പിൻതാള്, പയറ്, തേങ്ങാപ്പാൽ എന്നിവയും ഔഷധച്ചെടികളും ചേർത്ത് കഞ്ഞിയാക്കി കഴിച്ചിരുന്നു. കുടുംബത്തില്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്ളതിനാല്‍ എല്ലാവർക്കും ഭക്ഷണം പങ്കുവച്ചു നൽകാനും വിശപ്പ് മാറ്റാനുമുള്ള ഒരു തന്ത്രം മാത്രമായിരുന്നു കർക്കിടക കഞ്ഞി. അല്ലാതെ ഇതൊരു പ്രത്യേക ആരോഗ്യചികിത്സയോ, ആയുസ്സ് വർധിപ്പിക്കാനുള്ള മാർഗമോ ആയിരുന്നില്ല.

ശരീരവും കാലാവസ്ഥയും: ഹോമിയോസ്റ്റാസിസ് (Homeostasis)

പുറത്തെ കാലാവസ്ഥ മാറുന്നതനുസരിച്ച് ശരീരത്തിന്റെ അകത്തെ അവസ്ഥയും മാറുമെന്നത് തെറ്റായ ധാരയാണ്. മനുഷ്യശരീരം പുറത്തെ താപനിലയ്ക്ക് അനുസൃതമായി അകത്തെ അന്തരീക്ഷം നിലനിർത്തുന്ന സംവിധാനമാണ് ‘ഹോമിയോസ്റ്റാസിസ്.’ മഴക്കാലത്ത് തണുപ്പ് കൂടുമ്പോൾ ശരീരത്തിലെ ചൂട് നഷ്ടപ്പെടാതിരിക്കാൻ ത്വക്കിന്റെ അടിയിലേക്കുള്ള രക്തയോട്ടം കുറയുക മാത്രമാണ് ചെയ്യുന്നത്. അല്ലാതെ, ശരീരത്തിലെ സുഷിരങ്ങൾ തുറക്കപ്പെടുകയോ, വിഷാംശങ്ങൾ പുറത്തേക്ക് പോവുകയോ ചെയ്യുന്നില്ല.

ചർമ്മത്തിലൂടെയുള്ള മരുന്ന് ആഗിരണവും ഡീടോക്സ് മിഥ്യയും

ചർമ്മം: ചർമ്മം എന്നത് ഏതൊരു മരുന്നും എളുപ്പത്തിൽ ആഗിരണം ചെയ്യുന്ന (absorb) പ്രതലമല്ല, അതൊരു സംരക്ഷണകവചമാണ്. പ്രത്യേക ശാസ്ത്രീയവിദ്യകളിലൂടെയല്ലാതെ ലേപനങ്ങളും കുഴമ്പുകളും പുരട്ടിയാൽ അവ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടില്ല.

ഡീടോക്സ്: 11 മാസം കൊണ്ട് ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങൾ 12-ാം മാസം ഡീടോക്സ് ചെയ്തുകളയുന്നു എന്ന വാദം മാർക്കറ്റിംഗ് തന്ത്രം മാത്രമാണ്. ശരീരത്തിലെ കരളിലെ എൻസൈം സിസ്റ്റവും കിഡ്നിയും ചേർന്നാണ് നിരന്തരം മാലിന്യങ്ങൾ പുറന്തള്ളുന്നത്. ശരീരത്തിന് പുറത്തു നിന്നും പ്രത്യേക ഡീടോക്സിന്റെ ആവശ്യമില്ല.

സ്റ്റീം ബാത്ത്: വിയർപ്പിലൂടെ ചെറിയ അളവിൽ മാലിന്യങ്ങൾ പുറത്തുപോകുമെങ്കിലും, ശരീരത്തിലെ പ്രധാന മാലിന്യ നിർമ്മാർണ്ണ പ്ലാന്റുകൾ കരളും കിഡ്നിയുമാണ്. സ്റ്റീം ബാത്ത് വഴി ലഭിക്കുന്നത് മാനസികവും പേശീപരവുമായ വിശ്രമം (relaxation) മാത്രമാണ്.

പ്ലാസിബോ ഇഫക്റ്റും ജീവിതശൈലിയും

കർക്കിടക ചികിത്സ ചെയ്യുമ്പോൾ സാധാരണ ദിനചര്യകളിൽ നിന്ന് മാറിനിൽക്കുന്നതു മൂലം സ്ട്രെസ് കുറയുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിന് വലിയൊരു ഉന്മേഷം ലഭിച്ചതായി തോന്നിപ്പിക്കും. ഇത് ഒരു ‘പ്ലാസിബോ ഇഫക്റ്റ്’ (Placebo Effect) മാത്രമാണ്. വസ്തുപരമായി ഔഷധഗുണങ്ങളൊന്നുമില്ലാത്ത മരുന്നുകളോ, വ്യാജ ചികിത്സകളോ സ്വീകരിക്കുമ്പോൾ, രോഗിക്ക് തന്റെ ആരോഗ്യത്തിലും രോഗാവസ്ഥയിലും ലഭിക്കുന്ന ഗുണപരമായ മാറ്റങ്ങളെയാണ് പ്ലാസിബോ ഇഫക്റ്റ് എന്ന് വിളിക്കുന്നത്.

പ്രകൃതിദത്തമായതു കൊണ്ടു മാത്രം എല്ലാ വസ്തുക്കളും സുരക്ഷിതമാകണമെന്നില്ല. ഒരാളുടെ ആരോഗ്യം എന്നത് ഒരു മാസത്തെ പ്രത്യേക കഞ്ഞികുടിയോ, ചികിത്സയോ അല്ല നിർണ്ണയിക്കുന്നത്, മറിച്ച് വർഷം മുഴുവൻ കൊണ്ടുനടക്കുന്ന ചിട്ടയായ ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിതരീതിയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News