
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കവാടത്തിലെ വാചകം ഇങ്ങനെയാണ്: “ഒരു ഡോക്ടർക്ക് വീഴ്ച വന്നാൽ ഒരു രോഗി മരിച്ചേക്കാം, ഒരു എൻജിനീയർക്ക് വീഴ്ച വന്നാൽ ഒരു പാലമോ, കെട്ടിടമോ തകർന്ന് കുറച്ചുപേർ മരിച്ചേക്കാം. എന്നാൽ, ഒരു അധ്യാപകന് വീഴ്ച വന്നാൽ ഒരു തലമുറയാണ് നശിക്കുക.”
കോഴിക്കോട് പേരാമ്പ്ര ബിആർസിയിലെ (ബ്ലോക്ക് റിസോഴ്‌സ് സെന്റർ) മൂന്ന് അധ്യാപകരെ ലഹരിക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ കേരളം അക്ഷരാർഥത്തിൽ ഞെട്ടുകയായിരുന്നു. പുതിയ തലമുറയ്ക്ക് മൂല്യാവബോധം പകർന്നുനൽകേണ്ട അധ്യാപകർ എതിർസാക്ഷ്യമായി മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ആർക്കും പൊറുക്കാനാവാത്ത വീഴ്ചയാണ് അധ്യാപകർക്ക് സംഭവിച്ചിരിക്കുന്നത്. സമഗ്രശിക്ഷ കേരളയിൽ സ്പെഷലിസ്റ്റ് എജ്യുക്കേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലാണ് ഈ അധ്യാപകർ ജോലിചെയ്തിരുന്നത്. ഇവരെ മൂന്നുപേരെയും സർവീസിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടു.
അധ്യാപക പരിശീലനം, പ്രൈമറി സ്കൂളുകൾക്ക് അക്കാദമിക പിന്തുണ എന്നിവ നൽകുന്ന അധ്യാപകരായ കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനി കെ. കാവ്യ, മരുതോങ്കര സ്വദേശിനി കാഞ്ഞിരകുന്നുമ്മൽ കീർത്തന, ആവള കുട്ടോത്ത് വലിയപറമ്പിൽ നീഷ്മ എന്നവരെയാണ് ലഹരിക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെ കൂടാതെ പ്രദേശത്തെ ഡെലിവറി ബോയ് ആയി ജോലിചെയ്യുന്ന ജിജിൻ കുര്യാക്കോസിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും പ്രതികൾ ഉണ്ടാകാം. അറസ്റ്റ് തുടരുകയാണ്.
മാരകലഹരിയായ എം.ഡി.എം.എയുടെ, ലക്ഷങ്ങൾ വരുന്ന ഇടപാടുപണം ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ വിനിമയം ചെയ്യപ്പെട്ടതായിട്ടാണ് പൊലീസ് കണ്ടെത്തിയത്. എം.ഡി.എം.എയുടെ മൊത്തക്കച്ചവടക്കാരുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് അനുമാനം. കോഴിക്കോട് വടകരയിൽ രണ്ട് ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ സഫ്വാൻ എന്ന യുവാവിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്. ആറുമാസമായി ലഹരി മാഫിയയ്ക്കു വേണ്ടി ഇവർ പണം സ്വീകരിക്കുന്നതായി പൊലീസ് പറയുന്നു. ഇവർ ആദ്യം മാംഗ്ളൂർ സ്വദേശിയായ സുഹൃത്ത് നൽകിയ എം.ഡി.എം.എ. ഉപയോഗിക്കുകയും പിന്നീട് വിൽപനക്കാരായി മാറുകയുമാണ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി ഇടപാടുകാരെ കണ്ടെത്തുകയായിരുന്നു. നിരവധി യുവാക്കളും വിദ്യാർഥികളും ലഹരി ഇടപാടിൽ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന് കരുതുന്നു.
അധ്യാപക സമൂഹത്തിനാകെ വലിയ മാനക്കേടാണ് ഇവർ സൃഷ്‌ടിച്ചിരിക്കുന്നത്. എം.ഡി.എം.എയുടെ ആവശ്യക്കാർ കീർത്തനയുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കുന്നു. പണം ലഭിച്ചാൽ ഫോണിൽ ലൊക്കേഷൻ അയച്ചുകൊടുക്കും. ഇവിടെ മറ്റൊരാൾ ലഹരി കൈമാറും. ഇങ്ങനെ കീർത്തനയുടെ അക്കൗണ്ടിലെത്തിയ പണം പിന്നീട് മറ്റുള്ളവരുടെ അക്കൗണ്ടിലേക്ക് പോയതായി അന്വേഷണത്തിൽ കണ്ടെത്തി. ലഹരി മാഫിയയുടെയും ആവശ്യക്കാരുടെയും ഇടയിലെ കണ്ണിയായി ഇവർ പ്രവർത്തിച്ചതായിട്ടാണ് വ്യക്തമാകുന്നത്. ഇവർ മൂവരും സമൂഹത്തിൽ ബഹുമാന്യ പദവിയുള്ള അധ്യാപകരാണെന്ന വസ്തുത ആരിലും അന്ധാളിപ്പുണ്ടാക്കും.
ലഹരിക്കെതിരെ നാട്ടിലെ സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസുകൾക്കും സുംബാ ഡാൻസിനും നേതൃത്വം നൽകുന്ന കായികാധ്യാപികയാണ് കീർത്തന. യോഗ ക്ലാസും ഇവർ നടത്തിയിരുന്നു. മൂന്നാമതായി അറസ്റ്റ് ചെയ്യപ്പെട്ട നീഷ്‌മ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ആളാണ്. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ വിദ്യാഭ്യാസവും വിലയും നിലയുമുള്ള അധ്യാപകർ, ഡോക്ടർമാർ എന്നിവരെയൊക്കെയാണ് ലഹരി മാഫിയ വളരെ ആസൂത്രിതമായി അവരുടെ കണ്ണികളാക്കി മാറ്റുന്നത്. സമൂഹത്തിൽ വ്യത്യസ്ത തലങ്ങളിൽ ലഹരി മാഫിയ അവരുടെ വേരുകൾ ആഴ്ത്തിയിരിക്കുന്നുവെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകേണ്ടതുണ്ട്. ‘ഓപ്പറേഷൻ തൂഫാൻ’ അതിശക്തമായി ലഹരിയുടെ തായ്വേര് അറുത്തുമാറ്റാനുള്ള പോരാട്ടം തുടരണം. എല്ലാ കണ്ണികളിലേക്കും അന്വേഷണം എത്തിച്ചേരട്ടെ.
ഒരിക്കലും ഒരു അധ്യാപകൻ ലഹരിവിൽപന ശൃംഖലയിൽ ഉണ്ടാകുമെന്ന് ആരും കരുതാറില്ല. ആ വിശ്വാസവും ഇവിടെ തകർന്നുതരിപ്പണമായി. അധ്യാപകൻ സർവഗുണങ്ങളുടെയും വിളനിലമായിരിക്കണമെന്നാണ് ഭാരതീയ സങ്കൽപം. ‘തൈത്തരീയ ഉപനിഷത്തിൽ’ അധ്യാപകൻ ദൈവത്തിന്റെ പ്രതീകമാണ്. ‘കഠോപനിഷത്തിന്റെ’ കാഴ്ചപ്പാടനുസരിച്ച് ഗുരു ദൈവത്തിന്റെ പ്രകാശവാഹകനാണ്. ആർഷമായ അനുശാസനങ്ങളിൽ അത്യന്തം ശ്രദ്ധേയങ്ങളാണ് ‘മാതൃദേവോ ഭവ’, ‘പിതൃദേവോ ഭവ’, ആചാര്യ ദേവോ ഭവ’ എന്നിവ. ഇവയിൽ ആദ്യത്തെ രണ്ടെണ്ണം സൃഷ്ടിപരവും ഒടുവിലത്തേത് പുഷ്ടിപരവുമാണ്. ഇവ മൂന്നും ഒരു അധ്യാപകനിൽ സമന്വയിക്കണം. നിത്യനന്മകളുടെ ഉറവിടമാകണം അധ്യാപകർ. അറിവും ആത്മബോധവും കൊണ്ട് സമൂഹത്തെ മുന്നിൽ നിന്ന് നയിക്കാൻ കെൽപുള്ളവരാകണം അധ്യാപകർ. ഒരു രാജ്യത്തിന്റെ ഭാവിഭാഗധേയം നിർണയിക്കപ്പെടുന്നത് ക്ലാസ് മുറികളിലൂടെയാണ്. അവിടെ മൂല്യശോഷണവും കർമ്മശോഷണവും ധർമ്മശോഷണവും സംഭവിച്ചുകൂടാ.
ജീൻ സൈബിലസ് എന്ന തത്വചിന്തകൻ പറയുന്നു: “അധ്യാപകൻ തലമുറകളുടെ ശിൽപിയാണ്.” വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കേവലം വിജ്ഞാനവിനിമയവും വിജ്ഞാനമാർജിക്കലുമല്ല, മറിച്ച് പുതുതലമുറയ്ക്ക് മൂല്യബോധം പകർന്നുനൽകി നല്ലൊരു തലമുറയെ വാർത്തെടുക്കലാണ്. നന്നായി ജീവിക്കേണ്ടത് എങ്ങനെയാണെന്ന് പഠിപ്പിക്കേണ്ടവരും ജീവിച്ചുകാണിക്കേണ്ടവരുമാണ് അധ്യാപകർ. ഏറ്റവും മൂല്യമുള്ള സത്പ്രവൃത്തി ആയിട്ടാണ് അധ്യാപനത്തെ കാണുന്നത്.
സത്യത്തിലേക്കുള്ള വഴികാട്ടിയും ചൂണ്ടുപലകയുമാകണം അധ്യാപകർ. സാമൂഹ്യപ്രതിബദ്ധതയും സന്മാർഗബോധവുമുള്ള പൗരസമൂഹത്തെ സൃഷ്ടിച്ചെടുക്കാനുള്ള ദൗത്യം മാതാപിതാക്കൾക്കൊപ്പം അധ്യാപകർക്കുമുണ്ട്. അധ്യാപകരുടെ വ്യക്തിത്വം, സ്വഭാവസവിശേഷതകൾ, ജീവിതവിശുദ്ധി, വിജ്ഞാനം, അർപ്പണബോധം, ആത്മാർഥത, പ്രതിബദ്ധത, ധാർമികത, പൗരബോധം എന്നിവയെല്ലാം കുട്ടികളെ സ്വാധീനിക്കും.
പാഠ്യപദ്ധതികൾക്കും പാഠപുസ്തകങ്ങൾക്കും അപ്പുറത്തേക്ക് ഇറങ്ങിച്ചെന്ന് ജീവിതമൂല്യങ്ങൾ കുട്ടികൾക്ക് പകർന്നുനൽകാൻ അധ്യാപകർക്ക് കടമയുണ്ട്. അധ്യാപകരുടെ നൈതികത കൈവിട്ടുകളഞ്ഞാൽ പൊതുസമൂഹത്തിൽ സംഭവിക്കാവുന്ന ദുരന്തമായി അത് മാറും. വിദ്യാഭ്യാസരംഗത്തെ മൂല്യബോധത്തിന് ആഘാതമേൽപിക്കുന്ന ഒന്നും ഇനിമേൽ സംഭവിക്കാതിരിക്കട്ടെ.
അഡ്വ. ചാർളി പോൾ
അഭിഭാഷകനും ട്രെയ്നറും മെന്ററുമായ ലേഖകൻ,കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളിൽ പരിശീലകനാണ്.

