ആര്‍ത്തവവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ നല്ലൊരു തുക സ്ത്രീകള്‍ ഓരോ വര്‍ഷവും ചെലവഴിക്കുന്നുണ്ട്. പണമില്ലാത്തതിനാല്‍ സാനിറ്ററി പാഡുപോലും വാങ്ങാന്‍ കഴിയാത്ത നിരവധി പേരും ഒരു പക്ഷേ ആക്കൂട്ടത്തില്‍ ഉണ്ടാവും. ഇതെല്ലാം കണക്കിലെടുത്ത് ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട എല്ലാ ഉല്‍പ്പന്നങ്ങളും പൂര്‍ണമായും സൗജന്യമാക്കിയിരിക്കുകയാണ് ഇപ്പോള്‍ സ്കോട്ട്ലന്‍ഡ്.
പണമില്ലാത്തതിനാല്‍ സാനിറ്ററി പാഡും, മെന്‍ട്രല്‍കപ്പും ഉള്‍പ്പടെയുള്ളവ ആര്‍ക്കും ലഭിക്കാതെ പോകരുതെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. ലോകത്ത് ഇത്തരമൊരു നീക്കം നടത്തുന്ന ആദ്യം രാജ്യം കൂടിയാണ് സ്കോട്ട്ലന്‍ഡ്. ഇതിനായി നിമയനിര്‍മാണവും രാജ്യം നടത്തി കഴിഞ്ഞു. ഫ്രീ പിരീഡ് ബില്‍ ഐകകണ്ഠ്യേനയാണ് സ്കോട്ടിഷ് പാര്‍ലമെന്റ് പാസാക്കിയത്. ഇന്നലെ മുതല്‍ ഇത് പ്രാബല്യത്തില്‍ വരുകയും ചെയ്തു.
പിരീഡ് പ്രോഡക്ട് ആക്ട് പ്രാബല്യത്തില്‍ വരുമ്പോള്‍ സ്കോട്ട്ലന്‍ഡിലെ കൗണ്‍സിലുകളും വിദ്യാഭ്യാസ ദാതാക്കളും സൗജന്യ സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ ആവശ്യമുള്ള ആര്‍ക്കും ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ നിയമപരമായി ആവശ്യപ്പെടും. നിലവില്‍ സ്കൂളുകളിലും കോളജുകളിലും ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി നല്‍കുന്നുണ്ട്.
ലേബര്‍ എംഎസ്പി മോണിക്ക ലെനന് ആദ്യം നിര്‍ദ്ദേശിച്ച നിയമനിര്‍മ്മാണം 2020 ല്‍ സ്കോട്ടിഷ് പാര്‍ലമെന്റ് ഏകകണ്ഠമായി അംഗീകരിച്ചു. ലിംഗസമത്വവും തുല്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്ന് സാമൂഹിക നീതി സെക്രട്ടറി ഷോണ റോബിസണ്‍ പറഞ്ഞു. സാമ്പത്തിക ബാധ്യതയുടെ പേരില്‍ ഇനിയാര്‍ക്കും ആര്‍ത്തവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ കിട്ടാതിരിക്കില്ലെന്നും അവര്‍ പറഞ്ഞു. ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ ദേശീയ സര്‍ക്കാരെന്ന നിലയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്കോട്ട്ലന്‍ഡിലെ നാലില്‍ ഒരു സ്ത്രീക്ക് ചില ഘട്ടങ്ങളില്‍ ആര്‍ത്തവ ദാരിദ്ര്യം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പാന്‍ഡെമിക്കിന് മുമ്പ് ഒരു സംഘടന പഠനം വ്യക്തമാക്കിയിരുന്നുവെന്ന് സംഘടനാ നേതാവായ ജോര്‍ജി നിക്കോള്‍സണ്‍ പറഞ്ഞു. മക്കള്‍ക്ക് ഭക്ഷണം നല്കാന് വേണ്ടി ആര്‍ത്തവ സംരക്ഷണം ഒഴിവാക്കുന്ന ഒരുപാട് അമ്മമാരുണ്ടെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
സ്കോട്ട്ലന്‍ഡിലും ലോകമെമ്പാടും ഇതിനകം തന്നെ നല്ല മാറ്റങ്ങളെ സ്വാധീനിക്കുന്ന പിരീഡ് പ്രോഡക്ട്സ് ആക്റ്റിന് തുടക്കമിട്ടതില്‍ അഭിമാനിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. ഫ്രീ പിരീഡ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകാന്‍ നിയമപരമായ അവകാശം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രാദേശിക അധികാരികളും പങ്കാളി സംഘടനകളും കഠിനമായി പരിശ്രമിച്ചു. അവരോടും രാജ്യത്തുടനീളം പങ്കാളികളായ ആയിരക്കണക്കിന് ആളുകളോടും നന്ദി പറയുന്നതായും റോബിസണ്‍ പറഞ്ഞു.
‘ജീവിതച്ചെലവ് എന്ന പ്രതിസന്ധി ആളുകള്‍ നേരിടുമ്പോള്‍, ജനങ്ങളുടെ നന്മയ്ക്കായി രാഷ്ട്രീയക്കാര്‍ ഒന്നിച്ചാല്‍ എന്തൊക്കെ നേടാനാകുമെന്ന് തെളിയിക്കുന്ന പ്രത്യാശയുടെ വെളിച്ചമാണ് പിരീഡ് പ്രൊഡക്ട്സ് ആക്റ്റ്.’ റോബിന്‍സണ്‍ കൂട്ടിച്ചേര്‍ത്തു.