ഈജിപ്തിലെ തീപിടുത്തമുണ്ടായ ദൈവാലയത്തിന്റെ പുനർനിർമ്മാണത്തിനായി 100,000 ഡോളറിലധികം സംഭാവന നൽകി ഫുടബോൾ കളിക്കാരൻ മുഹമ്മദ് സലാ. ലിവർപൂളിന്റെ ഈജിപ്ഷ്യൻ സ്‌ട്രൈക്കറായ മുഹമ്മദ് സലാ കഴിഞ്ഞ അഞ്ച് വർഷമായി ഏറ്റവും മികച്ച ആഫ്രിക്കൻ ഫുട്ബോൾ കളിക്കാരനായി ആണ് അറിയപ്പെടുന്നത്.
ഈജിപ്തിലെ കെയ്‌റോയിലെ ഇംബാബയിൽ സ്ഥിതി ചെയ്യുന്ന അബു സെഫീൻ ദൈവാലയത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 41 പേരാണ് കൊല്ലപ്പെട്ടത്. ഈ ദൈവാലയം പുനർനിർമ്മിക്കാൻ സഹായിക്കുന്നതിനാണ് മുഹമ്മദ് സലാ 130,000 പൗണ്ട് (ഏകദേശം $ 155,000) സംഭാവന നൽകിയത്.
മുഹമ്മദ് സലാ ഇപ്രകാരം പരോപകാര പ്രവർത്തി ചെയ്യുന്നത് ഇതാദ്യമല്ല. 2019-ൽ, തീവ്രവാദി ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം ഏകദേശം 2.9 ദശലക്ഷം ഡോളർ (2.48 ദശലക്ഷം പൗണ്ട്) ഈജിപ്ഷ്യൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന് സംഭാവന നൽകിയിരുന്നു. ക്യാൻസർ ബാധിതരായ കുട്ടികൾക്കായി ഈജിപ്ഷ്യൻ ആശുപത്രിയിലെ ഉപകരണങ്ങൾ വാങ്ങുന്നതിനായി അദ്ദേഹം അര മില്യണിലധികം ഡോളർ നൽകി.
2020-ൽ, കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത്, ലിവർപൂളിലെ ഒരു ഗ്യാസ് സ്റ്റേഷനിൽ അനേകർക്ക് ഇന്ധനത്തിനായി പണം നൽകുന്ന ചിത്രം പ്രചരിച്ചിരുന്നു. ജൂണിൽ, സൺഡേ ടൈംസ് മുഹമ്മദ് സലായെ യുകെയിലെ ഏറ്റവുമധികം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന എട്ടാമത്തെ വ്യക്തിയായി തിരഞ്ഞെടുത്തു.
2018-ൽ, സിഎൻഎൻ അദ്ദേഹത്തെ ‘ദയയുള്ള ഫുട്ബോൾ കളിക്കാരൻ’ എന്നാണ് വിശേഷിപ്പിച്ചത്. കളിയിൽ മാത്രമല്ല മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതിലും ചാമ്പ്യനാണ് മുഹമ്മദ് സലാ.