Thursday, January 23, 2025

സാഹസിക വിനോദങ്ങൾക്ക് തിരിച്ചടിയാകുന്ന കാലാവസ്ഥാ മാറ്റം

കുത്തിയൊഴുകുന്ന വെള്ളത്തിനു മീതെയുള്ള കയാക്കിങ്, സ്കീയിങ്, ട്രക്കിങ്, പർവ്വതാരോഹണം തുടങ്ങി സാഹസിക വിനോദങ്ങളുടെ ലിസ്റ്റുകൾ നീളുന്നു. പലപ്പോഴും അൽപം സാഹസികതയും സന്തോഷവും ധൈര്യവും ഒക്കെ ചേർത്തുവച്ചുകൊണ്ടാണ് യുവതലമുറ ഈ വിനോദങ്ങളിലേക്ക് എത്തുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഇത്തരം വിനോദങ്ങളിൽ ഏർപ്പെടുന്ന യുവതലമുറയുടെ ആവേശം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്നാൽ നിലവിലെ ലോകവ്യാപകമായ കാലാവസ്ഥാ വ്യതിയാനം സാഹസിക വിനോദസഞ്ചാരത്തെ കൂടുതൽ വെല്ലുവിളി നിറഞ്ഞതും ചിലപ്പോൾ അപകടകരവുമാക്കി മാറ്റുകയാണ്.

കാട്ടുതീയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഭൂചലനവും അപ്രതീക്ഷിത സമയത്ത് മുന്നറിയിപ്പുകളെല്ലാം അവഗണിച്ചെത്തുന്ന മഴയും ഒക്കെ സാഹസിക വിനോദയാത്രാ മേഖലയെ കൂടുതൽ അപകടം നിറഞ്ഞതാക്കുന്നു. “കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന തീവ്ര കാലാവസ്ഥാ സംഭവങ്ങളാൽ ടൂറിസം മേഖല കൂടുതൽ വെല്ലുവിളി നേരിടുന്നു” – യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (UNWTO) സുസ്ഥിര വികസന ഡയറക്ടർ ഡിർക്ക് ഗ്ലേസർ പറയുന്നു. സാഹസികതയിലും പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള വിനോദസഞ്ചാരത്തിലുമുള്ള അപകടസാധ്യതകൾ ഇപ്പോൾ വ്യത്യസ്തമാണ്, അവയ്ക്ക് നിരന്തരമായ നിരീക്ഷണം ആവശ്യമാണ് എന്ന് അഡ്വഞ്ചർ ട്രാവൽ ട്രേഡ് അസോസിയേഷന്റെ (ATTA) കാലാവസ്ഥാ വിദഗ്ധയായ ക്രിസ്റ്റീന ബെക്ക്മാൻ ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ എന്നു പറയുമ്പോൾ നാം മനസിലാക്കേണ്ടത്, മാറുന്ന കാലാവസ്ഥയിൽ മാറ്റങ്ങൾക്കനുസരിച്ച് നമ്മുടെ വീക്ഷണകോണുകളും മുൻവിധികളും നിരീക്ഷണങ്ങളും മാറ്റണം എന്നു തന്നെയാണ്.

തകർന്നുവീഴുന്ന പാറകളും ഉരുകിയൊലിക്കുന്ന ഐസും

അതിവേഗം ഉരുകുന്ന ഐസ് മൂലം ഉണ്ടാകുന്ന പാറവീഴ്ച പർവ്വതാരോഹണത്തിൽ വെല്ലുവിളികൾ ഉയർത്തുന്നു. പല പർവ്വതങ്ങളും ഇപ്പോൾ നിരോധിത പ്രദേശങ്ങളായി മാറിയിരിക്കുന്നു. മഞ്ഞുവീഴ്ചയും അടർന്ന് താഴേക്കു പതിക്കുന്ന വലിയ പാറക്കല്ലുകളും ഈ മേഖലകളുടെ സുരക്ഷയെ ആശങ്കയിലാഴ്ത്തുന്നു. ശൈത്യകാലത്ത് ഈ ദിവസങ്ങളിൽ മഞ്ഞുവീഴ്ച കുറവാണ്. എങ്കിലും മഞ്ഞ്‌ അതിവേഗം ഉരുകുന്ന പ്രതിഭാസം തുടരുകയാണ്. ജൂലൈ മാസത്തിൽ ആൽപ്സ് പർവ്വതാരോഹണ സംഘത്തിലുണ്ടായിരുന്ന 11 പേർ ഹിമപാതത്തെ തുടർന്ന് മരണമടഞ്ഞിരുന്നു. ഇത് വെറുമൊരു സംഭവം മാത്രമാണ്. ഇങ്ങനെ ദിവസേന പല അപകടങ്ങളിലുംപെട്ട് നിരവധി ആളുകൾ മരണമടയുന്നു.

“എവറസ്റ്റ് ക്യാമ്പ് II -ൽ ഒരു അരുവി കാണാനിടയായി. പലയിടങ്ങളിലും മഞ്ഞുരുകി പാറകൾ തെളിഞ്ഞുകാണാൻ കഴിയും. പലപ്പോഴും അവ താഴേയ്ക്ക് പതിച്ച് അപകടങ്ങൾ ഉണ്ടാകുന്നു. പർവ്വതാരോഹകരുടെ റൂട്ടുകളിൽ, അപകടകരമായി തൂങ്ങിക്കിടക്കുന്ന മഞ്ഞുകട്ടകൾ കൂടിവരുന്നു” – നേപ്പാളിലെ മൗണ്ടൻ ഗൈഡ്സ് അസോസിയേഷൻ ചെയർമാൻ ആങ് നോർബു ഷെർപ്പ വെളിപ്പെടുത്തുന്നു.

അപകടകരമാകുന്ന കാട്ടുതീ

ചൂടുകാലത്ത് ഗ്രീസ്, ഫ്രാൻസ്, സ്പെയിൻ, കാലിഫോർണിയ എന്നിവിടങ്ങളിലെ നൂറുകണക്കിന് ക്യാമ്പർമാരെ ഒഴിപ്പിക്കാൻ കാട്ടുതീ കാരണമായി. സാഹസിക വിനോദസഞ്ചാരികൾക്കു മാത്രമല്ല, പ്രകൃതിയോട് അടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഇതൊരു പ്രശ്നമായി മാറുന്നു. “സമീപ വർഷങ്ങളിൽ കാട്ടുതീയും അനുബന്ധ സംഭവങ്ങളുടെയും എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോൾ കൂടുതൽ സാധാരണയായി മാറുന്നു” – സ്പെയിനിലെ ലീഡ സർവ്വകലാശാലയിലെ കാട്ടുതീയുടെയും ആഗോളമാറ്റത്തിന്റെയും പ്രൊഫസർ വിക്ടർ റെസ്കോ ഡി ഡിയോസ് പറയുന്നു.

കലങ്ങിയ വെള്ളം

മാറിക്കൊണ്ടിരിക്കുന്ന മഴയുടെ പാറ്റേൺ കാരണം പല പർവ്വതപ്രദേശങ്ങളിലും മണ്ണിടിച്ചിലുകൾ പതിവായി മാറുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റാഫ്റ്റിംഗ് ഗൈഡുകൾ പറയുന്നത്, ഇത് ഇതിനകം തന്നെ സംഭവിച്ചിരിക്കുന്നു എന്നാണ്. പർവ്വതങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന നദികളിലെ റാഫ്റ്ററുകൾക്ക് മണ്ണിടിച്ചിലുകൾ വ്യക്തമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു. തന്നെയുമല്ല, അത് നദികളുടെ ഗതി മാറ്റുകയും ചില സമയങ്ങളിൽ ആഴം കുറക്കുകയോ, കൂട്ടുകയോ ചെയ്യുന്നതിന് കാരണമാവുകയും ചെയ്യുന്നു. കാലാവസ്ഥാമാറ്റം പർവ്വതപ്രദേശങ്ങളിൽ മാത്രമല്ല, നിരപ്പായ പ്രദേശങ്ങളിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അമിതമായി എത്തുന്ന മഴവെള്ളം മൂലം പ്രളയം ഉണ്ടാകുകയും താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്യുന്നു.

Latest News