എട്ട് മാസം ഗര്‍ഭിണിയായ യുക്രേനിയന്‍ സ്ത്രീ, മരിയാന മമോനോവ, റഷ്യന്‍ അധിനിവേശ കിഴക്കന്‍ ഭാഗത്തുള്ള ഒരു ജയില്‍ ക്യാമ്പില്‍ തടവിലാണെന്ന് അവളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറയുന്നു. ഒരു മിലിട്ടറി ഡോക്ടര്‍ കൂടിയായ മരിയാന മമോനോവ, ഏപ്രില്‍ തുടക്കത്തില്‍ മരിയുപോളില്‍ സേവനമനുഷ്ഠിക്കുമ്പോഴാണ് തടവിലാക്കപ്പെട്ടത്.
അധിനിവേശ ഡൊനെറ്റ്സ്ക് മേഖലയിലെ ഒലെനിവ്ക ജയില്‍ ക്യാമ്പില്‍ ദുഷ്കരമായ സാഹചര്യത്തിലാണ് അവള് ജീവിക്കുന്നത്. അവിടെ ഡസന്‍ കണക്കിന് യുക്രേനിയന്‍ തടവുകാര്‍ അടുത്തിടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
സെപ്തംബര്‍ അവസാനമാണ് മരിയാന കുഞ്ഞിന് ജന്മം നല്‍കേണ്ടത്. അതിന് മുമ്പ് തടവുകാരുടെ കൈമാറ്റത്തിന്റെ ഭാഗമായി മരിയാനയെ മോചിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മരിയാനയുടെ കുടുംബം യുക്രേനിയന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. മരിയാനയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല. ജയിലില്‍ പ്രസവിക്കേണ്ടി വന്നാല്‍ അവള്‍ക്കും കുഞ്ഞിനും എന്ത് സംഭവിക്കുമെന്നും വ്യക്തമല്ല.
മരിയാനയുടെ ഭര്‍ത്താവ്, വാസിലിയും മുന്‍നിരയില്‍ സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയാണ്. ആ സമയത്താണ് അവര്‍ തങ്ങളുടെ ആദ്യത്തെ കുട്ടിയെ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. താന്‍ പിതാവാകാന്‍ പോകുന്നു എന്നറിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷം, തന്റെ ഭാര്യയെ റഷ്യന്‍ സൈന്യം പിടികൂടിയതായി വാസിലി പറയുന്നു. അതിനുശേഷം അവളെ അയാള്‍ കണ്ടിട്ടില്ല.
ഒലെനിവ്ക ജയില്‍ ക്യാമ്പ് 2014 മുതല്‍ ഡൊനെറ്റ്സ്കിലെ റഷ്യന്‍ പിന്തുണയുള്ള അധികാരികളുടെ നിയന്ത്രണത്തിലാണ്. അവിടെ സ്ഥിതി വളരെ മോശമാണെന്നും പറയപ്പെടുന്നു. മരിയാന ആദ്യം അവിടെ എത്തുമ്പോള്‍ 20 ലധികം തടവുകാരുള്ള ഒരു മുറിയിലായിരുന്നുവെന്നും അവര്‍ക്ക് തറയില്‍ ഉറങ്ങേണ്ടി വന്നെന്നും സഹതടവുകാരിയും ജൂലൈയില്‍ ജയിലില്‍ നിന്ന് മോചിതയുമായ അന്ന വോറോഷെവ പറഞ്ഞു.
‘താന്‍ ഗര്‍ഭിണിയാണെന്ന് അവള് ഞങ്ങളോട് പറഞ്ഞു. ഉടന്‍ തന്നെ, എല്ലാവരും അവളെ സഹായിക്കാന്‍ ശ്രമിച്ചു. അവള്‍ക്ക് ഭക്ഷണം നല്കി, അവള്‍ക്ക് ശുദ്ധവായു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. ഒടുവില്‍ മരിയാനയെ കുറച്ച് ആളുകളുള്ള ഒരു ചെറിയ മുറിയിലേക്ക് മാറ്റി. ഓരോ രാത്രിയും മുറിയിലെ രണ്ട് ബെഡുകളില്‍ ഒന്നില്‍ അവള്‍ക്ക് ഉറങ്ങാന്‍ കഴിയുമെന്ന് അവളുടെ സെല്മേറ്റുകള് ഉറപ്പാക്കി’. മിസ് വോറോഷെവ പറഞ്ഞു.
കുറഞ്ഞത് ഒന്നര മാസത്തേക്കെങ്കിലും അവളെ മോചിപ്പിക്കില്ലെന്ന് ജൂണ്‍ അവസാനത്തോടെ, ഒരു ജയില്‍ ഗാര്‍ഡ് മരിയാനയോട് പറഞ്ഞു. അതോടെ തടവിലായിരിക്കുമ്പോള്‍ തന്നെ പ്രസവിക്കുമോ എന്ന ആശങ്ക അവള്‍ക്ക് വര്‍ദ്ധിച്ചു. മിസ് വോറോഷെവ പറഞ്ഞു. ‘ഡൊനെറ്റ്സ്കിലെ ആശുപത്രികളും സൗകര്യങ്ങളും മെഡിക്കല്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. അവിടെ എല്ലാം തകര്‍ച്ചയിലാണ്. അവിടെ പ്രസവിക്കുന്നത് ഭയാനകമാണ്.’ അവര്‍ കൂട്ടിച്ചേര്‍ത്തു.
മരിയാനയുടെ ആരോഗ്യത്തെ കുറിച്ചുള്ള അന്വേഷണങ്ങളോട് ഡൊനെറ്റ്സ്ക് അധികൃതരോ റഷ്യന്‍ പ്രതിരോധ സൈന്യമോ പ്രതികരിച്ചിട്ടില്ല. തടവുകാരുടെ കൈമാറ്റം തുടരുന്നുണ്ടെങ്കിലും മരിയാന അതിന്റെ ഭാഗമാകാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് അവളുടെ ഭര്‍ത്താവ് വാസിലി പറഞ്ഞു.
മരിയാനയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും നാലുമാസത്തോളം ക്ഷമയോടെ കാത്തിരുന്നു. എന്നാല്‍ അവളുടെ പ്രസവ തിയതി അടുത്തെത്തിയിട്ടും പ്രതീക്ഷിച്ച പുരോഗതി ഉണ്ടാകുന്നില്ല. അതുകൊണ്ടു തന്നെ അധികാരികളില്‍ അവര്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഉടനടി വേണ്ടത് ചെയ്യാമെന്ന് അവര്‍ വാഗ്ദാനവും നല്‍കുന്നുണ്ട്. മാരിയാനയേയും അവളുടെ കുഞ്ഞിനേയും ആരോഗ്യത്തോടെ എത്രയും വേഗം തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് അവളുടെ കുടുംബവും സുഹൃത്തുക്കളും.