Tuesday, November 26, 2024

അന്റാര്‍ട്ടിക്കയില്‍ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിപ്പിക്കാനും പെന്‍ഗ്വിനുകളെ നിരീക്ഷിക്കാനുമുള്ള അപൂര്‍വ അവസരം കരസ്ഥമാക്കിയ നാല് വനിതകള്‍

ലോകത്തിലെ ഏറ്റവും വിദൂരമായ പോസ്റ്റ് ഓഫീസില്‍ സേവനം ചെയ്യാന്‍ നാല് വനിതാ രത്‌നങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അന്റാര്‍ട്ടിക്കയിലെ പോസ്റ്റ് ഓഫീസിലാണ് ജോലി ചെയ്യാനായി ക്ലെയര്‍ ബാലന്റൈന്‍, മൈറി ഹില്‍ട്ടണ്‍, നതാലി കോര്‍ബറ്റ്, ലൂസി ബ്രൂസോണ്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. യുകെ അന്റാര്‍ട്ടിക് ഹെറിറ്റേജ് ട്രസ്റ്റ് (ഡഗഅഒഠ) ആണ് ഈ ജോലിയ്ക്കായുള്ള പരസ്യം നല്‍കിയത്. അപേക്ഷ നല്‍കിയ 6,000 ആളുകളില്‍ നിന്നാണ് ഈ നാല് സ്ത്രീകളെ തിരഞ്ഞെടുത്തത്.

ഗൗഡിയര്‍ ദ്വീപിലെ ചരിത്രപ്രസിദ്ധമായ പോര്‍ട്ട് ലോക്ക്‌റോയ് ഇനി കൈകാര്യം ചെയ്യുന്നത് ഇവരാണ്. കൊറോണ വൈറസ് പാന്‍ഡെമിക്കിന് ശേഷം ആദ്യമായി ബേ വീണ്ടും തുറക്കുകയാണ്. യുകെയില്‍ നിന്ന് 9000 മൈല്‍ അകലെയാണ് ഈ ഐലന്‍ഡ്. അഞ്ച് മാസത്തോളമാണ് അവിടുത്തെ ഇവരുടെ നിയമനം. വെള്ളമോ ഫ്ളഷിംഗ് ടോയ്ലറ്റോ ഇല്ലാതെ അവര്‍ക്ക് ഈ അഞ്ച് മാസത്തോളം അവിടെ ചെലവഴിക്കേണ്ടി വരും.

സൈറ്റിലെ മ്യൂസിയത്തിലെ ഗിഫ്റ്റ് ഷോപ്പിന്റെ ചുമതലയുള്ള കോര്‍ബറ്റ് നവവധുകൂടിയാണ്. തന്റെ ഭര്‍ത്താവിനെ വിട്ട് താന്‍ ‘സോളോ ഹണിമൂണ്‍’ ന് പോവുകയാണ് എന്ന് അവര്‍ തമാശ പറയുന്നു. ദ്വീപില്‍ ജോലി ചെയ്യാനുള്ള അവസരത്തെ മറ്റൊന്നിനു വേണ്ടിയും ഉപേക്ഷിക്കാനാവില്ലെന്ന് ഹാംഷെയറില്‍ നിന്നുള്ള ഈ 31 കാരി പറഞ്ഞു. ‘ഈ ഗ്രഹത്തിലെ ഏറ്റവും വിദൂര സ്ഥലങ്ങളിലൊന്നില്‍, പെന്‍ഗ്വിനുകള്‍ നിറഞ്ഞ ഒരു ദ്വീപില്‍, അഞ്ച് മാസം ജോലി ചെയ്യാന്‍ ആരാണ് ആഗ്രഹിക്കാത്തത്’ അവള്‍ ചോദിക്കുന്നു.

പൂജ്യത്തിന് താഴെയുള്ള താപനിലയും ഏതാണ്ട് സ്ഥിരമായ പകല്‍ വെളിച്ചവുമാണ് ദ്വീപിലെ പ്രധാന പ്രത്യേകതകള്‍. കൂടാതെ പെന്‍ഗ്വിനുകളേയും നിരീക്ഷിക്കണം. മിസ് ഹില്‍ട്ടണായിരിക്കും നിരീക്ഷണത്തിന്റെ ചുമതല.

‘വെളുത്ത ഭൂഖണ്ഡത്തിലേക്ക് കാലെടുത്തുവെക്കാന്‍ ഞാന്‍ വളരെ ആവേശത്തിലാണ്. അവിടെ എത്തുമ്പോള്‍ എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല – എത്ര തണുപ്പായിരിക്കും, ഐസ് കാരണം നടക്കാനെങ്കിലും കഴിയുമോ? എന്നൊന്നും അറിയില്ല. സ്‌കോട്ട്‌ലന്‍ഡിലെ ഫാല്‍കിര്‍ക്കിനടുത്തുള്ള ബോനെസില്‍ നിന്നുള്ള മിസ് ഹില്‍ട്ടണ്‍ പറഞ്ഞു. ‘ഞാന്‍ ഒരു കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റാണ്. അതിനാല്‍ ഞാന്‍ വ്യക്തിപരമായി പെന്‍ഗ്വിനുകളും കടല്‍പ്പക്ഷികളും തിമിംഗലങ്ങളും പോലുള്ള ജീവികളെ കാണാനുള്ള ആകാംക്ഷയിലാണ്’

ലിങ്കണ്‍ഷെയറില്‍ നിന്നുള്ള ബാലന്റൈന്‍, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ എര്‍ത്ത് സയന്‍സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ വ്യക്തിയാണ്. പോസ്റ്റ്മാസ്റ്റര്‍ ജോലിയാണ് അന്റാര്‍ട്ടിക്കയില്‍ അവര്‍ ചെയ്യേണ്ടത്. ഏകദേശം 80,000 കാര്‍ഡുകളാണ് ഈ 23 കാരി കൈകാര്യം ചെയ്യേണ്ടി വരിക. ഓരോ വര്‍ഷവും 100 ലധികം രാജ്യങ്ങളിലേക്ക് മെയില്‍ ചെയ്യപ്പെടേണ്ടവയാണത്.

ടീമിനെ നിയന്ത്രിക്കുകയും ദ്വീപിലേക്കുള്ള എല്ലാ കപ്പല്‍ സന്ദര്‍ശനങ്ങളും ഏകോപിപ്പിക്കുകയും ചെയ്യുന്ന നേതാവായിരിക്കും ബ്രൂസോണ്‍. നോര്‍വീജിയന്‍ ദ്വീപസമൂഹമായ സ്വാല്‍ബാര്‍ഡില്‍ ഒരു ആര്‍ട്ടിക് പര്യവേഷണത്തിനായി മൂന്ന് മാസം ചെലവഴിച്ച ശാസ്ത്രജ്ഞയാണവര്‍. ഈ പുതിയ അവസരത്തെ ‘ആജീവനാന്ത സ്വപ്നം’ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.

 

 

 

Latest News