Wednesday, November 27, 2024

മയക്കുമരുന്നുകൾ – നിരോധനത്തിനപ്പുറം

കേരള പി.ആർ.ഡി. പുറത്തിറക്കുന്ന ഒരു മാസികയാണ് Kerala Calling. അധികം പേരൊന്നും പറഞ്ഞു കേട്ടിട്ടില്ല. വല്ലപ്പോഴും എഴുതുന്നത് കൊണ്ടാണ് ഞാൻ തന്നെ ഇതിനെപ്പറ്റി അറിഞ്ഞത്. ‘Kerala Calling’ മാസികയുടെ സെപ്റ്റംബർ ലക്കം, മയക്കുമരുന്നുകളെ കുറിച്ചുള്ളതാണ്. മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, എക്സൈസ് കമ്മീഷണർ, പോലീസുകാർ, മനഃശാസ്ത്ര വിദഗ്ധർ, അധ്യാപകർ, എഴുത്തുകാർ ഒക്കെ എഴുതിയിട്ടുണ്ട്. വായിക്കപ്പെടണം.

മുരളി തുമ്മാരുകുടി

കേരളത്തിൽ മയക്കുമരുന്ന് ഉപയോഗത്തിന്‍റെ വാർത്തകൾ വായിക്കാറുണ്ട്, വ്യാപനം കൂടിവരുന്നതായി പത്രം വായിക്കുന്നവർക്കൊക്കെ തോന്നാറുണ്ടല്ലോ. പക്ഷെ ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കണക്കുകൾ നമ്മളെ അമ്പരപ്പിക്കും, പേടിപ്പിക്കേണ്ടതുമാണ്. 2020- ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് കേരളത്തിൽ 4,650 കേസുകളിൽ 5,674 ആളുകളെ അറസ്റ്റ് ചെയ്തു. 2021 ആയപ്പോൾ അത് 5,334 കേസുകളിൽ നിന്നായി 6,074 ആളുകളെ അറസ്റ്റ് ചെയ്യുന്ന നിലയായി. 2022 ആഗസ്ത് 29 വരെയുള്ള കണക്കിൽ കേസുകൾ 16,128 ആയി, ഇപ്പോൾ തന്നെ 17,834 ആളുകൾ അറസ്റ്റിലായി. ആഗസ്ത് അവസാനം എന്നാൽ വർഷത്തിന്‍റെ മൂന്നിൽ രണ്ടു ഭാഗമേ ആയിട്ടുള്ളൂ. ആ നിലക്ക് വർഷാവസാനം ആകുമ്പോഴേക്കും കേസുകൾ 25,000 കടക്കും. അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണവും ഏകദേശം അത്രയും വരും. പ്രതിദിനം എഴുപതോളം ആളുകളെ കേരളത്തിൽ മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നു എന്നാണ് കണക്കുകൾ പറയുന്നത്. 2021- ൽ നിന്നും 300 ശതമാനത്തോളം വർദ്ധനവ്! ഇത് തീക്കളിയാണ്.

കള്ളക്കടത്ത് കേരളത്തിൽ പുതുമയൊന്നുമല്ല. സ്വാതന്ത്ര്യത്തിന് മുൻപ് കൊച്ചിയും തിരുവിതാംകൂറും രണ്ടു രാജ്യങ്ങൾ ആയിരുന്ന കാലത്ത്, ടാക്സ് കുറവുണ്ടായിരുന്ന കൊച്ചിയിൽ നിന്നും തിരുവിതാംകൂറിലേക്ക് പുകയില കടത്തുന്നത് വലിയ ബിസിനസ്സ് ആയിരുന്നു. ചൊവ്വരയിൽ നിന്നും പെരിയാർ കടന്നു മുടിക്കല്ലിൽ എത്തിച്ചാൽ മതി, ലാഭം കിട്ടിത്തുടങ്ങും. ഗൾഫിൽ നിന്നുള്ള സ്വർണ്ണത്തിന്റെ വരവ് അടിയന്തിരാവസ്ഥ കാലത്തിന് മുൻപേ ഉള്ളതാണല്ലോ. സ്വർണ്ണ കള്ളക്കടത്തുകാരായ ഹാജി മസ്താനെ അറസ്റ്റു ചെയ്തത് അന്ന് വലിയ വാർത്തയായിരുന്നു. സ്വർണ്ണക്കടത്ത് ഇന്നും കേരളത്തിൽ ഒരു ദൈനംദിന സംഭവമാണ്. മയക്കുമരുന്നുകളുടെ, പ്രത്യേകിച്ചും വളരെ വില കൂടിയ ഹെറോയിനും കൊക്കയ്‌നും, കൂടാതെ പുതിയ തരം രാസ-മയക്കുമരുന്നുകളുടെ കള്ളക്കടത്ത് പക്ഷെ വ്യത്യസ്തമാണ്. ഇതൊരു സാമ്പത്തിക കുറ്റകൃത്യമല്ല; സമൂഹത്തിന്റെ അടിത്തട്ട് ഇളക്കുന്നതാണ്. പലതരത്തിലാണ് ഇത് സമൂഹത്തെ ബാധിക്കുന്നത്.

1. മയക്കുമരുന്നിന് അടിമയാകുന്നവർക്കുണ്ടാകുന്ന ആരോഗ്യ-മാനസികപ്രശ്നങ്ങൾ തന്നെ പ്രധാനം.

2. മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവർ ഉണ്ടാക്കുന്ന സാമൂഹ്യപ്രശ്നങ്ങൾ കുടുംബത്തിലും സമൂഹത്തിലും ഒരുപോലെ പ്രശ്നമാണ്. പറഞ്ഞുതീർക്കേണ്ട പ്രശ്നങ്ങൾ പോലും അടിപിടിയിലെത്തുന്നു; അടിപിടിയിൽ തീരേണ്ടവ കത്തിക്കുത്തിൽ കലാശിക്കുന്നു.

3. മരുന്നുപയോഗിക്കാൻ പണം കിട്ടാന്‍ നടത്തുന്ന അക്രമങ്ങൾ വീട്ടിലും സമൂഹത്തിലും ഉണ്ടാക്കുന്ന കുഴപ്പങ്ങൾ കൂടാതെ മോഷണം മുതൽ കൊലപാതകം വരെ ഉണ്ടാക്കുന്നു.

4. മയക്കുമരുന്ന് കച്ചവടം എളുപ്പത്തിൽ ലാഭം ഉണ്ടാക്കാവുന്ന ഒന്നാണ്. അതിൽ എത്തിപ്പെടുന്നവർക്ക് പക്ഷെ, പിന്നീട് പുറത്തുവരാൻ കഴിയില്ല. സംഘങ്ങൾ തമ്മിലുള്ള കുടിപ്പക കൊലപാതകത്തിലേക്ക് എത്താൻ പോലും അധിക സമയം വേണ്ട.

5. വലിയ ലാഭമുള്ള ബിസിനസ്സ് ആയതിനാൽ ഈ കച്ചവടത്തിന്റെ പിന്നാമ്പുറത്തിരിക്കുന്നവർക്ക് പണമെറിഞ്ഞു കേസുകൾ അട്ടിമറിക്കാനും നടത്താനും സാധിക്കും. ഇത് ഉദ്യോഗസ്ഥ രാഷ്ട്രീയ സമൂഹത്തെ ആകെ അഴിമതിയിൽ മുക്കുന്നു.

6. വലിയ ലാഭം ഉള്ളതിനാൽ തന്നെ മയക്കുമരുന്ന് മാഫിയകൾക്ക് വഴങ്ങാത്തവരെയും (എക്സൈസ് ഉദ്യോഗസ്ഥർ, ജഡ്ജിമാർ, പോലീസുകാർ, രാഷ്ട്രീയക്കാർ) അവരെപ്പറ്റി വിവരം നല്കുന്നവരെയും (വിദ്യാർത്ഥികൾ, അധ്യാപകർ, നാട്ടുകാർ) തല്ലാനോ, കൊല്ലാനോ മടിക്കാത്ത സാഹചര്യം ഉണ്ടാകും.

ലോകത്തെ ധാരാളം രാജ്യങ്ങളിൽ ഡ്രഗ് മാഫിയകൾ ആ സമൂഹത്തിന്‍റെയാകെ പേടിസ്വപ്നമാണ്. അവർക്ക് മുന്നിൽ നിയമവും രാഷ്ട്രീയക്കാരും പേടിച്ചുനിൽക്കുന്നു. അവരെ പേടിച്ച് കുട്ടികളെ മറ്റു നാടുകളിലേക്ക് അയക്കുന്നത് മുതൽ ഉദ്യോഗസ്ഥർ ജോലി രാജി വക്കുന്നത് വരെ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴും സംഭവിക്കുന്നു. നമ്മൾ അവിടെ ഒന്നും എത്തിയിട്ടില്ലെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ അവിടെ എത്താൻ അധിക നേരം വേണ്ട.

അതേസമയം നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു കാര്യമുണ്ട്. മയക്കുമരുന്നു പ്രശ്നം ഉണ്ടായിടത്തെല്ലാം ആദ്യം സർക്കാരുകൾ അതിനെ കർശനമായി അടിച്ചമർത്താനാണ് നോക്കിയത്. പോലീസ് പരിശോധനകള്‍ ശക്തമാക്കി, ശിക്ഷകൾ കർശനമാക്കി. പക്ഷെ മയക്കുമരുന്നുകളെ ആകെ നിരോധിച്ചുകൊണ്ട് പഴുതടച്ച ജോലീസ് പരിശോധനയിലൂടെ മാത്രം ഈ വിഷയത്തെ കൈകാര്യം ചെയ്യാം എന്നത് ലോകത്തൊരിടത്തും നടന്നിട്ടുള്ള കാര്യമല്ല. മയക്കുമരുന്ന് പൂർണ്ണമായും നിരോധിക്കുക, കൈവശം വെക്കുന്നവർക്ക് വധശിക്ഷ ഉൾപ്പടെയുള്ള കർശന ശിക്ഷകൾ നൽകുക എന്നതൊക്കെ ചെയ്തുനോക്കി. നിർഭാഗ്യവശാൽ അത് മയക്കുമരുന്ന് വ്യവസായത്തെ കൂടുതൽ ആഴത്തിൽ അധോലോകത്ത് എത്തിക്കാനും അതുവഴി കൂടുതൽ ലാഭം ഉണ്ടാക്കാനും കൂടുതൽ സംഘടിതമായ ക്രിമിനൽ സംഘങ്ങൾ ഉണ്ടാക്കാനുമാണ് സഹായിച്ചിട്ടുള്ളത്. ഉദാഹരണങ്ങൾ ലോകത്ത് എവിടെയും ഉണ്ട്.

ഇവിടെയാണ് സ്വിറ്റ്സർലാൻഡ് വ്യത്യസ്തമായി ചിന്തിച്ചത്. തൊള്ളായിരത്തി തൊണ്ണൂറുകളിൽ സ്വിറ്റ്‌സർലൻഡിൽ ഹെറോയിൻ ഉപയോഗം ഏറ്റവും കൂടുകയും അത് കൂടുതൽ അക്രമസംഭവത്തിലേക്ക് നയിക്കുകയും ചെയ്തപ്പോളാണ് അവർ പുതിയതായി ഒരു ‘Four Pillar Policy’ കൊണ്ട് വന്നത്.

Swiss drug policy aims to reduce drug use and its negative consequences for users and society. It is based on the four pillars of prevention, therapy, harm reduction and repression. (സ്വിസ് മയക്കുമരുന്ന് നയം, മയക്കുമരുന്ന് ഉപയോഗവും ഉപയോക്താക്കൾക്കും സമൂഹത്തിനും ഉണ്ടാകുന്ന അതിന്‍റെ പ്രതികൂല പ്രത്യാഘാതങ്ങൾ കുറക്കാനും ലക്ഷ്യമിടുന്നു. പ്രതിരോധം, ചികിത്സ, ദോഷം കുറക്കൽ, ലഭ്യത കുറയ്‌ക്കൽ എന്നീ നാല് തൂണുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്). സാമൂഹ്യമായ വലിയ എതിർപ്പൊക്കെ ആദ്യം ഉണ്ടായെങ്കിലും പതുക്കെപ്പതുക്കെ പോളിസി വിജയം കണ്ടു. ഈ പോളിസി വരുന്നതിനു മുൻപ് ഒരു വർഷത്തിൽ ഇരുപതിനായിരത്തിനു മുകളിൽ ഉണ്ടായിരുന്ന ഡ്രഗ്‌ സംബന്ധ കേസുകൾ ഇപ്പോൾ അതിൻറെ നാലിലൊന്നായി. ഡ്രഗ് ഉപയോഗവുമായി ബന്ധപ്പെട്ട മരണങ്ങൾ ഏറെ കുറഞ്ഞു.

മയക്കുമരുന്നുകൾ മൊത്തം നിരോധിക്കുകയല്ല, ശാസ്ത്രീയമായ ഡ്രഗ് പോളിസിയാണ് വേണ്ടതെന്ന് ലോകം ചിന്തിക്കാൻ തുടങ്ങി. ലോകത്തെ മുൻ പ്രധാനമന്ത്രിമാർ ഒക്കെ ഉൾപ്പെട്ട ഗ്ലോബൽ കമ്മീഷൻ ഓൺ ഡ്രഗ്സ് 2021- ൽ പുറത്തിറക്കിയ റിപ്പോർട്ടിന്റെ പേര് തന്നെ ‘Time to End Prohibition’ എന്നാണ്.

കഴിഞ്ഞ മാസം അമേരിക്കയിൽ നിന്നും വന്ന വാർത്തകളും ഇതോടൊപ്പം കൂട്ടി വായിക്കണം.. “Calling the criminalization of marijuana a “failed approach,” President Joe Biden announced a pardon of all federal marijuana possession charges Thursday — and urged governors to follow suit with state-level convictions for marijuana possession.
The federal pardon will affect at least 6,500 people” (മരിജുവാനയുടെ ക്രിമിനൽവൽക്കരണത്തെ ‘പരാജയപ്പെട്ട സമീപനം’ എന്ന് വിളിക്കുന്നു. പ്രസിഡന്റ് ജോ ബൈഡൻ, മരിജുവാന കൈവശം വച്ച എല്ലാ ഫെഡറൽ കുറ്റങ്ങൾക്കും മാപ്പ് പ്രഖ്യാപിച്ചു. കൂടാതെ, കഞ്ചാവ് കൈവശം വച്ചതിന് സംസ്ഥാനതലത്തിലുള്ള ശിക്ഷാവിധികൾ പിന്തുടരാൻ ഗവർണർമാരെ പ്രേരിപ്പിക്കുകയും ചെയ്തു. ഫെഡറൽ മാപ്പ് കുറഞ്ഞത് 6,500 പേരെയെങ്കിലും ബാധിക്കും).

കേരളം മയക്കുമരുന്നിനെതിരെ ബോധവൽക്കരണവും പോലീസ് പരിശോധനയും ഊർജ്ജിതമായി നടത്തുമ്പോൾ തന്നെ ഇക്കാര്യത്തിൽ എന്താണ് മറ്റു ലോകരാജ്യങ്ങൾ ചെയ്യുന്നതെന്ന് ശ്രദ്ധിക്കുകയും വേണം. മയക്കുമരുന്നിനെ പൂർണ്ണമായി നിരോധിക്കാം എന്നാണ് പൊതുബോധം. അതിനെതിരെ പറയുന്നത് പോപ്പുലർ ആവുകയുമില്ല. അതുകൊണ്ടാണ് ഈ വിഷയത്തിലെ ഏറ്റവും പുതിയ ആഗോള ചിന്താഗതികൾ ആളുകൾ ചർച്ച ചെയ്യാതിരുന്നത് എന്നു തോന്നുന്നു. അതു മാറി ശാസ്ത്രം എന്താണ് പറയുന്നതെന്നും നാം ചർച്ച ചെയ്യണം.

മുരളി തുമ്മാരുകുടി

Latest News