മരിയ റോഡിയോനോവ എന്ന 27 കാരിയായ അധ്യാപിക തന്റെ രണ്ട് നായ്ക്കളോടൊപ്പം 10 ദിവസമായി മരിയുപോളിലെ നാടക തിയേറ്ററിലാണ് കഴിഞ്ഞിരുന്നത്. കെട്ടിടത്തിന്റെ പിന്‍ഭാഗത്തുള്ള ഓഡിറ്റോറിയത്തില്‍ സ്റ്റേജിനോട് ചേര്‍ന്നാണ് അവരുണ്ടായിരുന്നത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഏകദേശം പത്തു മണിയോടെ ചൂടുവെള്ളം എടുക്കുന്നതിനായി പ്രധാന കവാടത്തിലെ ക്യൂവില്‍ നില്‍ക്കുമ്പോഴാണ് ബോംബ് കെട്ടിടത്തില്‍ വീണതെന്ന് മരിയ ഓര്‍ക്കുന്നു.
‘ഇടിമുഴക്കം പോലൊരു ശബ്ദം ആദ്യം കേട്ടു. പിന്നെ ഗ്ലാസ് പൊട്ടുന്ന ശബ്ദം. ചെവികളില്‍ ശക്തമായ വേദന അനുഭവപ്പെട്ടു. ചെവി പൊട്ടുന്നതുപോലെ തോന്നി. ആ സമയത്ത് ഏതോ ഒരു മനുഷ്യന്‍ പിന്നില്‍ നിന്ന് വന്ന് എന്നെ തള്ളിമാറ്റി. സ്വന്തം ശരീരം കൊണ്ട് സംരക്ഷിച്ചു. എല്ലായിടത്തും നിലവിളികള്‍ ഉയര്‍ന്നു.
താന്‍ കഴിഞ്ഞിരുന്ന ഹാളില്‍ മാത്രം ഏകദേശം 30 പേരുണ്ടായിരുന്നുവെന്നും ബോംബ് സ്ഫോടനത്തില്‍ എല്ലാവരും മരിച്ചിട്ടുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ പറഞ്ഞു. ആ നിമിഷം പുറത്തേക്കിറങ്ങിയതുകൊണ്ട് മാത്രമാണ് താന്‍ രക്ഷപെട്ടതെന്നും മരിയ പറഞ്ഞു. പക്ഷേ ഹാളില്‍ തന്റെ ലഗേജുകളോടൊപ്പം കെട്ടിയിട്ടിരുന്ന തന്റെ ഓമന നായ്ക്കളെ കണ്ടെത്താന്‍ മരിയയ്ക്ക് കഴിഞ്ഞിട്ടില്ല. ആ ദുഖത്തില്‍ നിന്ന് കരകയറാന്‍ അവള്‍ക്കിനിയുമായിട്ടില്ല.
സ്ഫോടനത്തിന്റെ ശക്തിയില്‍ ഒരു അഞ്ചുവയസ്സുകാരന്‍ ജനലിനു നേരെ തെറിച്ചു വീണു. മുഖത്തു പൊട്ടിയ ചില്ലു കൊണ്ട് അവന്‍ നിലത്തു വീഴുന്നതും കണ്ടു. എല്ലാവര്‍ക്കും ഗുരുതര പരിക്കുകളുണ്ടായിരുന്നു. ഫസ്റ്റ് എയ്ഡ് കിറ്റ് വച്ചിരുന്ന സ്ഥലം സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നതിനാല്‍ എത് എടുക്കാന്‍ പോകാനും കഴിഞ്ഞില്ല. എല്ലായിടത്തും കെട്ടിടാവശിഷ്ടങ്ങള്‍. അകത്ത് കയറാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. രണ്ടു മണിക്കൂര്‍ എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഞാന്‍ അവിടെ തന്നെ പകച്ചു നില്‍ക്കുകയായിരുന്നു’. ദുസ്വപ്‌നം പോലുള്ള ആ നിമിഷങ്ങള്‍ മരിയ ഓര്‍ത്തെടുക്കുന്നു.
27 കാരനായ വ്‌ലാഡിസ്ലാവ്, അന്നു രാവിലെ കെട്ടിടത്തില്‍ കഴിഞ്ഞിരുന്ന തന്റെ കുറച്ച് സുഹൃത്തുക്കളെ അന്വേഷിച്ച് പോയതായിരുന്നു. സ്ഫോടനം നടക്കുമ്പോള്‍ പ്രധാന കവാടത്തിന് സമീപമായിരുന്നു അയാള്‍. സ്‌ഫോടനം നടന്നപ്പോള്‍ അവരെല്ലാം ബേസ്മെന്റിലേക്ക് ഓടി.
’10 മിനിറ്റിനുശേഷം, കെട്ടിടത്തിന് തീപിടിക്കുന്നതാണ് കണ്ടത്. പലരും ചോരയില്‍ കുളിച്ചിരുന്നു. ചിലര്‍ക്ക് ഗുരുതര പരിക്കുകളുണ്ടായിരുന്നു. ഒരു അമ്മ തന്റെ കുട്ടികളെ അവശിഷ്ടങ്ങള്‍ക്കടിയില്‍ പരതുന്ന കാഴ്ച ഹൃദയം നുറുക്കുന്നതായിരുന്നു. ഒരു അഞ്ച് വയസ്സുള്ള കുട്ടി എനിക്ക് മരിക്കേണ്ട എന്ന് പറഞ്ഞ് കരയുന്ന കാഴ്ചയും ഹൃദയഭേദകമായിരുന്നു’. വ്‌ലാഡിസ്ലാവ് പറഞ്ഞു.
ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് യുഎസ് കമ്പനിയായ മാക്സര്‍ പുറത്തുവിട്ട സാറ്റലൈറ്റ് ഇമേജറിയില്‍ തിയേറ്ററിന് മുന്നിലുള്ള പുല്‍ത്തകിടിയില്‍ റഷ്യന്‍ ഭാഷയില്‍ ‘കുട്ടികള്‍’ എന്ന വാക്ക് വ്യക്തമായി വരച്ചിരിക്കുന്നതായി കാണിക്കുന്നുണ്ട്. തിയേറ്റര്‍ ആക്രമണം പക്ഷേ റഷ്യ നിഷേധിക്കുകയാണുണ്ടായത്.
‘നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇത് ഒരു അഭയകേന്ദ്രമാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അവിടെ സാധാരണക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ താനും’. ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് തിയേറ്റര്‍ സന്ദര്‍ശിച്ച മരിയുപോളില്‍ നിന്നുള്ള പത്രപ്രവര്‍ത്തകനായ ആന്‍ഡ്രി മരുസോവ് പറഞ്ഞു. ബോംബ് സ്ഫോടനം നടന്ന ആ ബുധനാഴ്ച, നഗരം സര്‍വേ ചെയ്യാന്‍ അദ്ദേഹം തന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ മുകളില്‍ കയറിയിരുന്നു. വിമാനങ്ങള്‍ അപ്പോഴും വായുവില്‍ വട്ടമിട്ടുകൊണ്ടിരുന്നു. രാവിലെ മുതല്‍ റഷ്യന്‍ വിമാനങ്ങള്‍ തിയേറ്റര്‍ സ്ഥിതി ചെയ്യുന്ന പ്രദേശമായ അസോവ് കടല്‍ത്തീരത്ത് ഷെല്ലാക്രമണവും ബോംബാക്രമണവും നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തകള്‍ നിലനില്‍ക്കുകയാണ്. 1000 പേര്‍ വരെ നാടക തീയറ്ററില്‍ അഭയം പ്രാപിച്ചിട്ടുണ്ടായിരുന്നു എന്നാണ് കരുതുന്നത്. ചിലര്‍ അതിന്റെ ഭൂഗര്‍ഭ ബങ്കറിലോ ബോംബ് ഷെല്‍ട്ടറിലോ കഴിഞ്ഞിരുന്നതായും കരുതുന്നു. വന്നു പോകുന്നവരും ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ആക്രമണം നടന്നതിന്റെ പിറ്റേന്ന്, 130 പേരെ രക്ഷപ്പെടുത്തിയതായി സിറ്റി മേയര്‍ പറഞ്ഞു. എത്രപേര്‍ അവിടെ ഉണ്ടായിരുന്നു, എത്രപേര്‍ അതിജീവിച്ചു എന്നതിന്റെ വ്യക്തമായ ചിത്രം ലഭിക്കാത്ത, നിരാശാജനകമായ അവസ്ഥയിലാണ് നഗരം.
യുക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണത്തിന്റെ ഏറ്റവും വലിയ ഭീകരതയാണ് മരിയുപോള്‍ കണ്ടത്. ആക്രമണകാരികളായ സൈന്യം നഗരം വളയുകയും ഏകദേശം ഒരു മാസത്തോളം വായുവില്‍ നിന്നും കരയില്‍ നിന്നും അടുത്ത ദിവസങ്ങളില്‍ കടലില്‍ നിന്നും നിരന്തരം ആക്രമിക്കുകയും ചെയ്തു. ഇപ്പോഴും ഏകദേശം 100,000 ആളുകള്‍ നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നു. അവിടെ അവര്‍ക്ക് വൈദ്യുതിയില്ല, ഗ്യാസില്ല, വെള്ളമില്ല, മരുന്നുമില്ല…