“ഒന്നുകിൽ ഉക്രൈനിൽ റഷ്യക്കായി യുദ്ധം ചെയ്യുക. ആ മണ്ണിൽ മരിച്ചു വീഴുക. അല്ലെങ്കിൽ തിരികെ റഷ്യയിലെ ജയിലുകളിൽ എന്നന്നേയ്ക്കുമായി കഴിയുക. അത് അത്യന്തം ക്രൂരമാണ്. എന്നാൽ അവർക്കു മറ്റു സാദ്ധ്യതകൾ ഒന്നും തന്നെ ഇല്ലായിരുന്നു”- ഉക്രൈനിലെ അധിനിവേശം ആരംഭിച്ചതിനു ശേഷം റഷ്യ മനുഷ്യാവകാശങ്ങൾക്കു നേരെ കടുത്ത അടിച്ചമർത്തലാണ് നടത്തുന്നതെന്ന വെളിപ്പെടുത്തലുമായി യുഎൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ പ്രസക്ത ഭാഗമാണിത്. റഷ്യയിലെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള യുഎന്നിൻ്റെ പ്രത്യേക റിപ്പോർട്ടറായ മരിയാന കട്‌സറോവ തയ്യാറാക്കിയ റിപ്പോർട്ടത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ഉള്ളത്.
പോലീസ് ക്രൂരത, സ്വതന്ത്ര മാധ്യമങ്ങളുടെ വ്യാപകമായ അടിച്ചമർത്തൽ, ശിക്ഷാർഹമായ പുതിയ നിയമങ്ങൾ ഉപയോഗിച്ച് ക്രെംലിൻ വിമർശകരെ നിശബ്ദരാക്കാനുള്ള നിരന്തരമായ ശ്രമങ്ങൾ എന്നിവ റഷ്യയിൽ നാൾക്കുനാൾ വർധിക്കുന്നതായും യു എൻ റിപ്പോർട്ട് ചെയ്യുന്നു.
റഷ്യയിലെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള യുഎന്നിൻ്റെ പ്രത്യേക റിപ്പോർട്ടറായ മരിയാന കട്‌സറോവയ്ക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇതേ തുടർന്ന് രാഷ്ട്രീയ ഗ്രൂപ്പുകളോടും ആക്ടിവിസ്റ്റുകളോടും അഭിഭാഷകരോടും സംസാരിച്ചാണ് ഇവർ റിപ്പോർട്ട് തയ്യാറാക്കിയത്. പീഡനം, ലൈംഗിക അതിക്രമം, ബലാത്സംഗം, പോലീസിൻ്റെ ലൈംഗികാതിക്രമ ഭീഷണി എന്നിവയെക്കുറിച്ചുള്ള “വിശ്വസനീയമായ റിപ്പോർട്ടുകൾ” കണ്ടെത്തിയതായി മരിയാന തന്റെ പഠനത്തിൽ വെളിപ്പെടുത്തി. എന്നാൽ ഇതിനെ കുറിച്ച് ക്രെംലിൻ പരസ്യമായി പ്രതികരിച്ചിട്ടില്ല.
റഷ്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ വ്‌ളാഡിമിർ പുടിന്റെ ഭരണകാലത്ത് വർധിച്ചതായി രേഖപ്പെടുത്തുന്നു. എന്നാൽ ഏറ്റവും പുതിയ യുഎൻ റിപ്പോർട്ട് 2022 ഫെബ്രുവരിയിലെ ഉക്രെയ്‌നിലെ അധിനിവേശത്തിനു ശേഷം ഇത് ഗണ്യമായി വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. “പുതിയ നിയമങ്ങൾ വൻതോതിലുള്ള ഏകപക്ഷീയമായ അറസ്റ്റുകളിലേക്കും നീണ്ട ജയിൽ ശിക്ഷകളിലേക്കും നയിച്ചു. റഷ്യക്കാർക്ക് ഞെട്ടിപ്പിക്കുന്ന നീണ്ട ജയിൽ ശിക്ഷയാണ് ലഭിക്കുന്നത്. യുദ്ധവിരുദ്ധ കവിത വായിക്കുന്നതിനോ യുദ്ധത്തിനെതിരായ ഒരു പുരോഹിതൻ പ്രാർഥന നടത്തുന്നതിനോ യുദ്ധവിരുദ്ധമെന്ന് കരുതുന്ന ഒരു നാടകം നിർമ്മിച്ചതിനോ ഒക്കെ ഏഴുവർഷത്തോളം ജയിലിൽ കടന്നവരുണ്ട്. രണ്ടു സ്ത്രീകൾ ഇപ്പോഴും ജയിലിൽ തുടരുകയാണ്”- റിപ്പോർട്ടിൽ മരിയാന പറയുന്നു.
ഉക്രൈനിലേയ്ക്ക് അയക്കപ്പെട്ടവരും ഇരകൾ
റഷ്യയുടെ ഉക്രൈൻ അധിനിവേശം അവസാനമില്ലാത്ത തുടരുമ്പോൾ യുദ്ധമുന്നണിയിൽ റഷ്യയ്ക്കായി മരിച്ചു വീണ പലരും സ്വമനസോടെ യുദ്ധം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടവരല്ല എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും യു എൻ റിപ്പോർട്ട് പങ്കുവയ്ക്കുന്നു. ഉക്രൈനിലേയ്ക്ക് റഷ്യ അയച്ച പല പുരുഷന്മാരും വഞ്ചനയിലൂടെയോ ബലപ്രയോഗത്തിലൂടെയോ അവരുടെ ദുർബലത മുതലെടുത്തുകൊണ്ട് അണിനിരത്തപ്പെട്ടവരായിരുന്നു. യുദ്ധം ചെയ്യാൻ വിസമ്മതിച്ചവരെ അധിനിവേശ പ്രദേശങ്ങളിലെ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുദ്ധത്തിനയക്കുകയുമായിരുന്നു ചെയ്തിരുന്നത്. ഇപ്രകാരം അയക്കപ്പെട്ടവർക്കു യുദ്ധം ചെയ്യുക എന്നതല്ലാതെ മറ്റു സാദ്ധ്യതകൾ ഒന്നും തന്നെ ഇല്ലായിരുന്നു.
ഒന്നുകിൽ യുദ്ധത്തിൽ കൊല്ലപ്പെടാം അല്ലെങ്കിൽ എന്നന്നേയ്ക്കുമായി ജയിൽ ശിക്ഷയ്ക്കു വിധേയമാകാം. റഷ്യയിലെ പല തദ്ദേശീയ വംശജരെയും ഭീഷണിപ്പെടുത്തി യുദ്ധത്തിനായാക്കുന്ന ക്രൂരമായ നയമായിരുന്നു റഷ്യ സ്വീകരിച്ചിരുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഈ യുദ്ധം തുടർന്നാൽ തദ്ദേശീയരായ ജനത പൂർണ്ണമായും വംശനാശം സംഭവിച്ചു പോകുമെന്ന ആശങ്കയും മുന്നറിയിപ്പും യു എൻ റിപ്പോർട്ടിൽ പങ്കുവയ്ക്കുന്നു.