Thursday, April 3, 2025

ഭീതിയാല്‍ മരവിച്ച ഒരു യുക്രൈന്‍ നഗരത്തില്‍ നിന്നുള്ള കാഴ്ച

ഒരു കൊള്ളക്കാരന്‍ നമ്മുടെ വീട്ടില്‍ അതിക്രമിച്ച് കയറി നമുക്ക് പ്രിയപ്പെട്ടതെല്ലാം നശിപ്പിച്ചതുപോലെയാണ്, റഷ്യന്‍ അധിനിവേശം സംഭവിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ ഞങ്ങള്‍ കീഴടങ്ങില്ല. കിഴക്കന്‍ യുക്രേനിയന്‍ നഗരമായ ഖാര്‍കിവില്‍ താമസിക്കുന്ന ഒരു വ്യക്തി തന്റെ അനുഭവം വിവരിക്കുന്നു…

വ്യാഴാഴ്ച, പുലര്‍ച്ചെ 5 മണിക്ക് എന്റെ ജന്മനാടായ കിഴക്കന്‍ ഉക്രെയ്‌നിലെ ഖാര്‍കിവ് നഗരം ആക്രമിക്കപ്പെടുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. ആദ്യത്തെ കുറച്ച് നിമിഷങ്ങളില്‍, എന്താണ് കേള്‍ക്കുന്നതെന്ന് എനിക്ക് മനസിലാക്കാനോ വിശ്വസിക്കാനോ കഴിഞ്ഞില്ല. പെട്ടെന്ന് ഞാന്‍ എന്റെ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലുള്ള സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും സന്ദേശങ്ങള്‍ ഒഴുകിയെത്തി. അവരുടെ നഗരങ്ങളും ആക്രമണത്തിനിരയായെന്ന് പറഞ്ഞുകൊണ്ടുള്ള സന്ദേശങ്ങളായിരുന്നു അവ.

എനിക്കത് ഒരു സാധാരണ പ്രവൃത്തി ദിവസമാകേണ്ടതായിരുന്നു. തലസ്ഥാനമായ കീവിലേക്ക് ട്രെയിനില്‍ പോയി, അവിടെ ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കുകയും പിന്നീട് കുറച്ച് സുഹൃത്തുക്കളെ കാണുകയും ചെയ്യേണ്ടിയിരുന്ന ദിവസം. പകരം, അവിടെ നിന്ന് രക്ഷപെടുന്നതിനായി ഒരുബാഗ് പാക്ക് ചെയ്യുകയാണ് ഞാന്‍ ഉടനടി ചെയ്തത്.

എന്നാല്‍ ഉടന്‍തന്നെ, ലോകമെമ്പാടുമുള്ള വാര്‍ത്താ ഔട്ട്ലെറ്റുകളില്‍ നിന്ന് എനിക്ക് കോളുകള്‍ വന്നു തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍. അഭിമുഖങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ദിവസത്തിന്റെ ഭൂരിഭാഗവും കടന്നുപോകുന്നതുവരെ അതു തുടര്‍ന്നു. അപ്പോഴേയ്ക്കും എന്റെ ദൗത്യം എനിക്ക് വ്യക്തമായി. ഇവിടെ നിന്നു രക്ഷപെടുന്നതിന് പകരം കാര്‍കീവില്‍ തന്നെ താമസിച്ച് അവിടെ നടക്കുന്നവയെക്കുറിച്ചുള്ള വിവരങ്ങളുടെ ഉറവിടമായി മാറുക എന്ന്. അതുകൊണ്ട് ഞാന്‍ ഇത് എഴുതുന്നതും കാര്‍കിവ് നഗരത്തിലെ എന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ്. റഷ്യന്‍ യുദ്ധക്കുറ്റങ്ങള്‍ രേഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഞാന്‍ പുറം ലോകത്തിന് നിരന്തരമായ അപ്ഡേറ്റുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.

റഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് 40 കിലോമീറ്റര്‍ ദൂരമുള്ള, 1.5 ദശലക്ഷം ആളുകള്‍ ജീവിക്കുന്ന, ഞാനും ജനിച്ചു വളര്‍ന്ന ഈ നഗരം ഇപ്പോള്‍ ഭീതിയില്‍ മരവിച്ചിരിക്കുകയാണ്. ഉക്രെയ്നിലെ ‘സിലിക്കണ്‍ വാലി’ എന്ന് വിളിക്കപ്പെടുന്ന, യൂണിവേഴ്സിറ്റികള്‍, കോഫി ഷോപ്പുകള്‍, ഐടി സ്ഥാപനങ്ങള്‍ എന്നിവയടങ്ങിയ ഊര്‍ജസ്വലമായിരുന്ന ഈ സ്ഥലം ഇപ്പോള്‍ മെട്രോ സ്റ്റേഷനുകളിലും ബേസ്മെന്റുകളിലും അമ്മമാര്‍ തങ്ങളുടെ കൊച്ചുകുട്ടികളുമായി ഒളിച്ചിരിക്കുന്ന സ്ഥലമാണ്. ഷെല്ലാക്രമണം തുടരുന്നതിനാല്‍ ഇവിടുത്തെ തെരുവുകള്‍ ഇപ്പോള്‍ വിജനമാണ്. കനത്ത ഷെല്ലാക്രമണം നടക്കുന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന എന്റെ ചില സുഹൃത്തുക്കള്‍ ഷെല്‍ട്ടറുകളിലാണ് രാത്രി ചെലവഴിക്കുന്നത്. മറ്റുചിലര്‍ ഇടനാഴികളിലോ കുളിമുറിയിലോ പോലും അന്തിയുറങ്ങുന്നു.

ഒരു കൊള്ളക്കാരന്‍ നമ്മുടെ വീട്ടില്‍ അതിക്രമിച്ച് കയറി നമുക്ക് വിലപ്പെട്ടതും പ്രിയപ്പെട്ടതുമായ എല്ലാം നശിപ്പിച്ചതുപോലെയാണ് ഇത്. ഈ കുറ്റകൃത്യങ്ങളില്‍ നിന്ന് വ്ളാഡിമിര്‍ പുടിന് തലയൂരാനാവില്ല. ഇതൊക്കെയാണെങ്കിലും, ഞങ്ങളുടെ മനോവീര്യം വളരെ വലുതായതിനാല്‍ ഞങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. ഈ ഭയാനകമായ സമയങ്ങളില്‍, യുക്രേനിയന്‍ ജനത എന്നത്തേക്കാളും കൂടുതല്‍ ഐക്യത്തിലാണ്.

കാര്‍ക്കിവില്‍, സന്നദ്ധപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ടെറിട്ടോറിയല്‍ ഡിഫന്‍സ് യൂണിറ്റുകളില്‍ ചേരുകയാണ്. അവര്‍ തെരുവുകളില്‍ പട്രോളിംഗ് നടത്തുന്നുണ്ട്. വൈദ്യസഹായവും ഭക്ഷണവും എത്തിച്ചു നല്‍കി സൈന്യത്തെ പിന്തുണയ്ക്കുന്നതിനായി യുക്രേനിയക്കാര്‍ നിരവധി സന്നദ്ധ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബ്ലഡ് ബാങ്ക് സ്റ്റേഷനുകളില്‍ വലിയ ക്യൂവാണുള്ളത്. ഏത് രീതിയില്‍ വേണമെങ്കിലും സൈന്യത്തെ സഹായിക്കാനും പിന്തുണയ്ക്കാനും ഈ ജനത തയാറാണ്. പരസ്പരം എങ്ങനെയെല്ലാം സഹായിക്കാമെന്നും അവര്‍ ചര്‍ച്ച ചെയ്യുന്നു. അവര്‍ തങ്ങളുടെ ചുറ്റിലും കാണുന്ന റഷ്യന്‍ സൈനികരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുകയും വീടുകളുടെ മേല്‍ക്കൂരകളില്‍ കയറി നിന്ന് സ്ഥിതിഗതികള്‍ പരിശോധിക്കുകയും ചെയ്യുന്നു. റഷ്യന്‍ സൈനികരെ സമീപിച്ച് അവരോട് തിരിച്ചു പോകാനും ജനങ്ങള്‍ പറയുന്നുണ്ട്.

യുക്രേനിയക്കാരുടെ ജീവിതം തന്നെ ഒരു പേടിസ്വപ്നമാക്കി മാറ്റിയിരിക്കുകയാണ് റഷ്യ. യുക്രേനിയന്‍ സൈനിക ശക്തിയെ നശിപ്പിക്കാനും യുക്രെയ്‌നെ കീഴടക്കാനും അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അത് ഒരിക്കലും നടക്കില്ല. യുക്രേനിയക്കാര്‍ യുദ്ധം ചെയ്യും. ഞങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാനുള്ള ഒരേയൊരു അവസരമാണിതെന്ന് ഞങ്ങള്‍ കരുതുന്നു. ഞങ്ങളുടെ സൈന്യത്തിനും വലിയ വൈകാരിക പിന്തുണ ഞങ്ങള്‍ നല്‍കുന്നു. അതേ..ഞങ്ങള്‍ ധീരരും അഭിമാനികളുമായ ഒരു രാഷ്ട്രമാണ്. കീഴടങ്ങില്ല എന്നതിനാല്‍, യുക്രെയ്നിന്റെ ശബ്ദം ലോകമെമ്പാടും എത്തിച്ചുക്കൊണ്ട് അവസാന നിമിഷം വരെ ഞാനും കാര്‍കീവില്‍ തുടരും.

 

Latest News