മഞ്ഞും തണുപ്പും കാറ്റും മഴയും ക്ഷീണവും സഹിച്ചുകൊണ്ട് ഒരു നാടിനെ ചികിത്സിക്കാൻ കഴുതപ്പുറത്ത് യാത്ര ചെയ്യുന്ന ഒരു ഡോക്ടറുണ്ട്; അതും ചെങ്കുത്തായ പർവതനിരകളിലൂടെ. അർജന്റീനയുടെ വടക്കുഭാഗത്തുള്ള ഏറ്റവും ഉയർന്ന പർവതമായ ജുജൂയിയിലെ സെറോ ചാനിയിൽ കഴിഞ്ഞ നാലുവർഷമായി, വർഷത്തിൽ മൂന്നുതവണ മെഡിക്കൽ ടൂറുകൾ നടത്തുന്ന ഡോ. ജോർജ് ഫുസാരോ ആണ് ആ ഡോക്ടർ. അവിടെ വസിക്കുന്ന തദ്ദേശീയരായ കൊല്ല ജനതയെ ചികിൽസിക്കാനും അവരുടെ മരുന്നും മറ്റ് അവശ്യവസ്തുക്കളുമായി ആതുര ശുശ്രൂഷാരംഗത്തെ ഒരു മികച്ച മാതൃകയായി ഡോ. ജോർജ് ഫുസാരോ മാറുന്നു.
അതിതീവ്രമായ താപനിലയും വർഷം മുഴുവനും മഞ്ഞുവീഴ്ചയുള്ള കൊടുമുടികളുമുണ്ട് അവിടെ. കൂടാതെ, പ്യൂമയും കോണ്ടറും നിറഞ്ഞ മൃഗങ്ങളുടെ ആവാസകേന്ദ്രവുമാണ് ഈ പർവതനിരകൾ. ഇതൊക്കെയും താണ്ടിയാണ് ഡോ. ഫുസാരോ അവിടെ എത്തിച്ചേരുന്നത്.
ഇവിടെ ജീവിക്കുന്ന പലരും കാണുന്ന ഒരേയൊരു ഡോക്ടർ ഫുസാരോ മാത്രമല്ല; ചിലപ്പോൾ അദ്ദേഹത്തെ മാത്രമാണ് അവർ ജീവിതകാലം മുഴുവനും കാണുന്നത്. സ്കൂളുകളോ, പൊലീസോ, തപാൽസേവനങ്ങളോ ഇല്ലാത്ത ഈ മലയോരമേഖലയിൽ എത്തിച്ചേരുന്ന സംസ്ഥാനത്തിന്റെ ഏകപ്രതിനിധികൾ ഒരുപക്ഷേ, ഡോക്ടർമാർ മാത്രമായിരിക്കാം. അവിടുത്തെ താമസക്കാരെ ചികിത്സിക്കുകയും അവരുടെ പ്രഥമശുശ്രൂഷാ കിറ്റുകളിലേക്ക് ആവശ്യമായ മരുന്നുകൾ നൽകുകയും മാത്രമല്ല, ബ്യൂറോക്രാറ്റിക് പേപ്പർ വർക്കിൽ ഈ ജനതയെ സഹായിക്കുകയും നഗരത്തിലെ ബന്ധുക്കൾക്ക് പ്രധാന രേഖകൾ കൈമാറുന്നതിനുള്ള മെയിൽ കാരിയറായി പ്രവർത്തിക്കുകയും ചെയുന്നു. കൂടാതെ, മറ്റു ജോലികൾക്കൊപ്പം പരിശീലന സെഷനുകളും ഇവർക്കായി സംഘടിപ്പിക്കുന്നു.
“ഞങ്ങളുടെ മെഡിക്കൽ ജോലി ഈ കമ്മ്യൂണിറ്റികൾക്ക് മെച്ചപ്പെട്ട ജീവിതം നൽകി എന്നറിയുന്നതിൽ എന്റെ ഹൃദയം നിറയുന്നു. ഞങ്ങൾ പോയില്ലെങ്കിൽ മറ്റാരും അവിടേക്കു പോകില്ല” – 38 കാരനായ ഡോക്ടർ പറയുന്നു. ഇവിടേക്കുള്ള യാത്രകളുടെ എണ്ണം ഗവൺമെന്റ് വെട്ടിക്കുറച്ചതിനാൽ ഭാവിയിലെ യാത്രകൾ അസാധ്യമായേക്കുമെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു. ഫണ്ടിന്റെ അഭാവം മൂലം ഇതിനകം അദ്ദേഹത്തിന് ഒരു യാത്ര റദ്ദാക്കേണ്ടിവന്നിട്ടുണ്ട്.
ഒവെജെരിയയിലെ ഒരു സെറ്റിൽമെന്റായ ഒവെജെരിയയിലെ സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3,600 മീറ്റർ (11,800 അടി) ഉയരത്തിലുള്ള ഇവിടെയാണ് ഏറ്റവും ഉയരത്തിൽ സൂര്യൻ അസ്തമിക്കുന്നത്. ഇവിടുത്തെ ഓലമേഞ്ഞ മേൽക്കൂരയുള്ള ഒരു വീട്ടിൽ 67 കാരിയായ ഡോണ വിർജീനിയ കാരിയും അവരുടെ ഭർത്താവ് യൂസ്റ്റാക്വിയോ ബാൽഡെറാമയും അവരുടെ മകൻ പാഞ്ചിറ്റോയും മാത്രമാണ് താമസിക്കുന്നത്. അവരുടെ ദൈനംദിന ജോലികൾ, മൃഗങ്ങൾ, ആരോഗ്യം, കാലാവസ്ഥ, ദൂരെ താമസിക്കുന്ന കുട്ടികൾ, ഔഷധസസ്യങ്ങൾ എന്നിവയെക്കുറിച്ച് ഡോക്ടർ, ഡോണ വിർജീനിയയോടു ചോദിച്ചു.
“പങ്കിടുക എന്ന എന്റെ ആശയം അത്യന്താപേക്ഷിതമാണ്. ഞങ്ങൾ കമ്മ്യൂണിറ്റികളിൽ ചെലവഴിക്കുന്ന ചെറിയ സമയം പരമാവധി പ്രയോജനപ്പെടുത്തുകയും അവരെപ്പോലെ ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. തടി വെട്ടുകയോ, മണിക്കൂറുകളോളം നടന്ന് വെള്ളമെടുക്കുകയോ ചെയ്യണമെങ്കിൽ ഞങ്ങൾ അത് ചെയ്യും” – അദ്ദേഹം പറയുന്നു. “അങ്ങനെ, അവരുടെ പരിശ്രമങ്ങളും ആശങ്കകളും അവരുടെ മുട്ടുവേദനയോ, നടുവേദനയോ ഞങ്ങൾ മനസ്സിലാക്കുന്നു. അവർക്ക് കിടക്കയില്ലെങ്കിൽ ഞങ്ങൾ ആട്ടിൻതോലിൽ ഉറങ്ങണം; ഞങ്ങൾ അത് ചെയ്യും. അവർക്ക് രാത്രി സൂപ്പ് മാത്രമേ ലഭിക്കൂ എങ്കിൽ ഞങ്ങൾ സൂപ്പ് കുടിക്കും. അവരുടെ സാധ്യതകളിലും ദൈനംദിന ജീവിതത്തിലുമുള്ള മെഡിക്കൽ പരിഹാരങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഇത് ഞങ്ങളെ സഹായിക്കുന്നു.”
വർഷത്തിൽ കുറച്ചു തവണ ഈ ഡോക്ടറെ കാണുന്നത് തനിക്കും കുടുംബത്തിനും പ്രധാനമാണെന്ന് ഡോണ വിർജീനിയയും പറയുന്നു.
“ഡോക്ടർ തന്റെ കോവർകഴുതപ്പുറത്ത് വരുന്നതുകാണുമ്പോൾ ഞാൻ വളരെയധികം സന്തോഷവതിയാണ്. മാസങ്ങളോളം ഞങ്ങൾക്കു വേണ്ടുന്ന മരുന്നുകൾ അദ്ദേഹം ഇവിടെ കൊണ്ടുവരുന്നു” – അവർ പറഞ്ഞു.
ഒരു നാടിന്റെ സംസ്കാരവും ജനങ്ങളുടെ ആവശ്യവും പരിഗണിച്ചുകൊണ്ട് പർവതങ്ങളിലും മലമുകളിലും സഞ്ചരിക്കുന്ന നിസ്വാർഥനായ ഡോ. ഫുസാരോയ്ക്ക് നന്ദി.