വടക്കന്‍ ഉക്രെയ്‌നിലെ ലുകാഷിവ്ക എന്ന ചെറിയ ഗ്രാമത്തില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 24 -ന് ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ഉണ്ടായിരിക്കില്ല. ഇഷ്ടികയും കരിങ്കല്ലുംകൊണ്ട് നിര്‍മ്മിച്ച ആ ദൈവാലയത്തില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ഒരു ലോഹക്കുരിശ് മാത്രമാണ്. ചുറ്റുപാടും ചിതറി കിടക്കുന്ന ഇഷ്ടികകളും യുദ്ധത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകളും മാത്രം.
ആ ദൈവാലയത്തെ റഷ്യന്‍ സൈനികര്‍ വെടിമരുന്ന് സൂക്ഷിക്കുന്ന സ്ഥലമാക്കി മാറ്റിയെന്ന് പ്രദേശവാസികള്‍ വേദനയോടെ പറയുന്നു. റഷ്യന്‍ സൈന്യം അവിടെ നിന്നും പോകുവാന്‍ ഉക്രേനിയന്‍ സൈന്യം അവിടെ ഷെല്ലാക്രമണം നടത്തി. ഈ ദൈവാലയത്തിന്റെ സ്വര്‍ണ്ണ താഴികക്കുടങ്ങളില്‍ ഒന്ന് പൊട്ടിത്തെറിച്ചു. അതിന്റെ സ്വര്‍ണ്ണം പൂശിയ കുരിശ് ഒരു പുറം ഭിത്തിയില്‍ ഉയര്‍ത്തിയിരിക്കുന്നു.
‘വളരെ ദയനീയമാണ് ഈ അവസ്ഥ’ – 70 വയസ്സുള്ള പ്രദേശവാസിയായ വാലന്റീന ഇവാനിവ്‌ന പറയുന്നു. ഓര്‍ത്തഡോക്സ് വിശ്വാസികളുടെ ദുഃഖവെള്ളിയാഴ്ച ദിനം ആളുകള്‍ സമീപത്ത് ഉപേക്ഷിച്ച റഷ്യന്‍ സൈനിക വാഹനങ്ങള്‍ പൊളിച്ചുമാറ്റുമ്പോള്‍ വേദനയോടെ നോക്കി നില്‍ക്കാനേ അവര്‍ക്കാകുമായിരുന്നുള്ളൂ.
ചെര്‍നിഹിവ് നഗരത്തിനടുത്തുള്ള ഒരു ഗ്രാമമായ ലുകാഷിവ്കയിലെ ഈ ദൈവാലയം രണ്ടാം ലോകമഹായുദ്ധത്തെയും സോവിയറ്റ് യൂണിയന്റെ അതി കഠിനമായ വര്‍ഷങ്ങളെയും അതിജീവിച്ചതാണ്. അന്ന് ദൈവാലയത്തില്‍ നിന്നും വിശ്വാസപരമായ വസ്തുക്കള്‍ നീക്കം ചെയ്തിരുന്നുവെങ്കിലും ദൈവാലയത്തിന് ഒരു കേടുപാടും സംഭവിച്ചിരുന്നില്ല. റഷ്യയുടെ ആക്രമണത്തില്‍ ഭാഗികമായി തകര്‍ന്ന ദൈവാലയത്തിന്റെ പഴയ ഭംഗി വീണ്ടെടുക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ദൈവാലയ മണികളും നിലംപതിച്ചു. അത് വെടിമരുന്ന് കേസിംഗുകളും റഷ്യക്കാര്‍ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച ടിന്‍ ചെയ്ത മാംസത്തിന്റെ ക്യാനുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. മെഴുകുതിരി സ്റ്റാന്‍ഡിന്റെ അവശിഷ്ടങ്ങളും ഒരു ചളുങ്ങിയ ചായ പാത്രവും ദൈവാലയപരിസരങ്ങളില്‍ ചിതറി കിടക്കുന്നുണ്ട്.
ഈ വലിയ ആഴ്ചയില്‍ ഈസ്റ്റര്‍ ബ്രെഡ് ഉണ്ടാക്കാന്‍ അവര്‍ക്ക് ഗ്യാസ് ലഭ്യമല്ല. യേശുവിന്റെ ഉയിര്‍പ്പ് നല്‍കുന്ന പ്രത്യാശയാണ് അവരെ ഇപ്പോള്‍ മുന്നോട്ട് നയിക്കുന്നത്.
‘ഓര്‍ക്കുക, യേശു ഉയിര്‍ത്തെഴുന്നേറ്റു. ഉക്രെയ്നും അതുതന്നെ ചെയ്യും.’ -സൈനിക ചാപ്ലിന്‍ ഗ്രാമവാസികളോട് പറഞ്ഞു. റഷ്യക്കാര്‍ പിടിച്ചെടുക്കാന്‍ തീരുമാനിച്ച തെക്കന്‍ നഗരമായ മരിയുപോള്‍ പോലുള്ള സ്ഥലങ്ങളില്‍ മുന്‍നിരയിലുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം ഗ്രാമീണരോട് ആഹ്വാനം ചെയ്തു.
ദൈവാലയത്തിന് പുറത്ത് ആക്രമണത്തിനായി വിക്ഷേപിച്ച ഒരു റോക്കറ്റിന്റെ ചിറകുള്ള ഭാഗം ചെളിയില്‍ പൂണ്ടുകിടക്കുന്നു. എന്തൊക്കെ നഷ്ടപ്പെട്ടാലും ഈ ദൈവാലയം പുനര്‍നിര്‍മ്മിക്കുമെന്ന തീരുമാനത്തിലാണ് ഗ്രാമവാസികള്‍. ഒരു വശത്ത് യുദ്ധം അതിതീവ്രമായി തുടരുമ്പോഴും അതിജീവനത്തിന്റെ പാതയിലാണ് ലുകാഷിവ്ക നിവാസികള്‍.