Thursday, April 3, 2025

സിനിമ-സീരിയല്‍ നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു; വിടവാങ്ങിയത്, അനുകരണങ്ങളില്ലാതെ സ്വന്തം ശൈലിയിലൂടെ സിനിമാസ്വാദകരെ രസിപ്പിച്ച കലാകാരന്‍!

സിനിമ-സീരിയല്‍ നടന്‍ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെ 4.15-ഓടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് മണിയോടെ ശാരീരിക അസ്വസ്തകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലോടെ മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ചു ഇസിജി എടുക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഭാര്യ മായ. മകന്‍ വിഷ്ണു ഫാഷന്‍ ഡിസൈനര്‍ ആണ്. മകള്‍ വൃന്ദ ബി.ടെക് കംപ്യൂട്ടര്‍ എന്‍ജിനീയറിങ് കഴിഞ്ഞു. കെഎസ്ആര്‍ടിസി അക്കൗണ്ട്‌സ് സെക്ഷനില്‍ ജോലി ചെയ്യുന്നു. സംസ്‌കാരം വൈകീട്ട് നാലിന് കുമാരനെല്ലൂര്‍ വീട്ടുവളപ്പില്‍ നടക്കും എന്ന് ബന്ധുക്കള്‍ അറിയിച്ചു.

കുമാരനല്ലൂര്‍ സ്വദേശിയായ പ്രദീപ് ജനിച്ചതും വളര്‍ന്നതും കോട്ടയം ജില്ലയിലെ തിരുവാതുക്കലായിരുന്നു. പത്താം വയസ്സിലാണ് അദ്ദേഹം ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നത്. എന്‍.എന്‍. പിള്ളയുടെ ‘ഈശ്വരന്‍ അറസ്റ്റില്‍’ എന്ന നാടകത്തിലൂടെ തുടങ്ങിയ കോട്ടയം പ്രദീപ് 40 വര്‍ഷമായി നാടകരംഗത്ത് സജീവമായിരുന്നു. കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂളിലും ബസേലിയസ് കോളജിലും കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂര്‍ത്തിയാക്കി. 1989 മുതല്‍ എല്‍ഐസി ഉദ്യോഗസ്ഥനായി.സ്‌കൂളില്‍ പഠിക്കുന്ന സമയത്തുതന്നെ സ്‌കൂള്‍ വാര്‍ഷിക പരിപാടികളിലും യുവജനോത്സവത്തിലും സജീവമായി. എകാങ്കനാടകം, പാട്ട്, ഡാന്‍സ്, തുടങ്ങിയവയിലായിരുന്നു പ്രധാനമായും പങ്കെടുത്തിരുന്നത്. കോട്ടയം തിരുവാതുക്കല്‍ രാധാകൃഷ്ണ തിയറ്ററിന് സമീപം താമസിച്ചിരുന്ന പ്രദീപ് പതിയെ സിനിമയിലേക്കുമെത്തി.

അവസ്ഥാന്തരങ്ങള്‍ എന്ന ടെലി സീരിയലിന് ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയര്‍ ആയ ഒരു റോളില്‍ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനില്‍ ആദ്യ അവസരം ലഭിക്കുന്നത്. അദ്ദേഹത്തിന് ആദ്യ അവസരം നല്‍കിയത് നിര്‍മ്മാതാവ് പ്രേം പ്രകാശാണ്. 1999 ല്‍ ഐ.വി. ശശി സംവിധാനം ചെയ്ത ‘ഇ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച പ്രദീപ് അഭിനയ രംഗത്തെത്തുന്നത്. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിന്‍ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങി 70-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

അനുകരണങ്ങളില്ലാതെ സ്വന്തമായി ഒരു കോമഡിശൈലിയുണ്ടാക്കി മലയാളികളെ രസിപ്പിച്ച കലാകാരനാണ് കോട്ടയം പ്രദീപ്. 2009ല്‍ ഗൗതം മേനോന്റെ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തില്‍ നായികയായ തൃഷയുടെ മലയാളി അമ്മാവനായി അഭിനയിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. നന്ദു പൊതുവാള്‍ വഴി ഗൗതം മേനോന് മുന്നില്‍ ഓഡീഷനു പോയ പ്രദീപിന് അവിചാരിതമായി നറുക്ക് വീഴുകയായിരുന്നു. തുടര്‍ന്നും ശ്രദ്ധേയമായ വേഷങ്ങളിലേക്ക് പ്രദീപിനെ എത്തിച്ചത് ഈ റോളാണ്. ചിത്രത്തില്‍ ഊണുമേശയ്ക്കടുത്തിരുന്ന് ‘കരിമീന്‍ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടന്‍ ഉണ്ട്…കഴിച്ചോ കഴിച്ചോ’ എന്നു പറയുന്ന ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ ഒറ്റ ഡയലോഗ് ആണ് തന്നെ രക്ഷപെടുത്തിയതെന്ന് അഭിമുഖങ്ങളിലുള്‍പ്പെടെ പ്രദീപ് വ്യക്തമാക്കിയിട്ടുണ്ട്. പ്രദീപിന്റെ അടയാളമായി അതിലെ ഡയലോഗ് മാറുകയും ചെയ്തു. ഇന്നും സോഷ്യല്‍ മീഡിയ മീം ആയിട്ട് പോലും ആ ഡയലോഗ് ഉപയോഗിക്കപ്പെടുന്നുണ്ട്. ആ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. 2020ല്‍ പുറത്തിറങ്ങിയ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം.

സിനിമ പാശ്ചത്തലമില്ലാത്ത ഒരു കുടുംബത്തില്‍ നിന്നാണ് പ്രദീപ് സിനിമയില്‍ എത്തിയത്. വീടിന് തൊട്ടടുത്തുള്ള രാധാകൃഷ്ണടാക്കീസിലെ നിരന്തരമായ സിനിമ കാണലാണ് സിനിമയോടുള്ള താല്‍പ്പര്യം ഉണ്ടാക്കിയത്. ഇവിടെ നിന്ന് ചില ചലച്ചിത്രങ്ങള്‍ നാലും അഞ്ചും തവണ കാണ്ടിട്ടുണ്ടെന്ന് പ്രദീപ് പറഞ്ഞിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഷോ തുടങ്ങുമ്പോള്‍ മുതല്‍ തിയറ്ററിനു പുറത്തിരുന്ന് ഡയലോഗുകള്‍ കേള്‍ക്കലാണ് ആ ദിവസങ്ങളിലെ പ്രധാന ജോലിയെന്നും അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

 

Latest News