Tuesday, November 26, 2024

സ്‌കൂളില്‍ പോകാന്‍ കഴിയാതെ അഫ്ഗാന്‍ പെണ്‍കുട്ടികള്‍ പിന്നിട്ടത് ആയിരം ദിവസങ്ങള്‍

സ്‌കൂളില്‍ പോകാന്‍ കഴിയാതെ വീട്ടകങ്ങളില്‍ തന്നെ ആയിട്ട് അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ ആയിരം ദിവസം പിന്നിടുന്നു. അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ സെക്കന്‍ഡറി വിദ്യാഭ്യാസം താലിബാന്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം അനശ്ചിതത്വത്തില്‍ ആയത്.

ദശലക്ഷക്കണക്കിന് അഫ്ഗാന്‍ സ്ത്രീകളും പെണ്‍കുട്ടികളും ഇപ്പോള്‍ ലിംഗ വിവേചനത്തിന്റെ കീഴിലാണ് ജീവിക്കുന്നത്. അവര്‍ക്ക് സ്‌കൂളില്‍ പോകാനോ ജോലി ചെയ്യാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ സാധിക്കുന്നില്ല. ഈ സാഹചര്യങ്ങള്‍ക്കിടയിലും, സ്ത്രീകളും പെണ്‍കുട്ടികളും ചെറുത്തുനില്‍ക്കുകയും രഹസ്യമായി പഠിക്കുകയും ചെയ്യുന്നു.

പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കാത്ത ലോകത്തിലെ ഏക രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിക്കുന്നതിന് മുമ്പ് തന്നെ, 3.7 ദശലക്ഷം യുവജനങ്ങള്‍ സ്‌കൂളില്‍ പോയിരുന്നില്ല. അവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളായിരുന്നു. താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം 1.2 ദശലക്ഷം അഫ്ഗാന്‍ പെണ്‍കുട്ടികളെ സെക്കണ്ടറി സ്‌കൂളില്‍ ചേരുന്നതില്‍ നിന്ന് ഭരണകൂടം വിലക്കി.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, രാജ്യത്തെ സാമൂഹിക പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ സമ്പ്രദായം പുനര്‍നിര്‍മ്മിക്കാന്‍ പ്രവര്‍ത്തിക്കുകയും ദശലക്ഷക്കണക്കിന് പെണ്‍കുട്ടികളെയും സ്ത്രീകളെയും സ്‌കൂളില്‍ പോകാന്‍ സഹായിക്കുകയും ചെയ്തു. ഇപ്പോള്‍ താലിബാന്‍ അധികാരത്തിലിരിക്കുന്നതിനാല്‍ ഇവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ല. ഇന്ന് രാജ്യത്തെ ജനസംഖ്യയുടെ പകുതിയും സ്‌കൂളില്‍ ചേരുന്നതില്‍ നിന്ന് വിലക്കപ്പെട്ടിരിക്കുന്നു.

2021-ല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം, പെണ്‍കുട്ടികള്‍ക്കും അവരുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനും വേണ്ടി വാദിച്ചതിന് നിരവധി അധ്യാപകര്‍ക്ക് പ്രതികാര നടപടികള്‍ നേരിടേണ്ടി വന്നു. താലിബാന്റെ അധികാരത്തിലേക്കുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതികരണം മാനുഷികവും സാമ്പത്തികവുമായ പ്രതിസന്ധിയിലേക്ക് നയിച്ചു. ഇത് അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് നിലവിലുള്ള തടസ്സങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അഫ്ഗാനിസ്ഥാന്റെ ആസ്തികള്‍ മരവിപ്പിച്ചതും സഹായത്തില്‍ ഗണ്യമായ കുറവുണ്ടായതും അഫ്ഗാന്‍ പ്രാദേശിക ജനസംഖ്യയെ ഗുരുതരമായി ബാധിച്ചു, ജനസംഖ്യയുടെ 97% ഇപ്പോള്‍ ദാരിദ്ര്യത്തിന്റെ ഭീഷണിയിലാണ്. കൂടാതെ വിദ്യാഭ്യാസ സമ്പ്രദായവും തകര്‍ച്ചയുടെ വക്കിലാണ്. അധ്യാപകര്‍ക്ക് മാസങ്ങളായി ശമ്പളമില്ല.

മാര്‍ച്ച് അവസാനത്തോടെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി സ്‌കൂളുകള്‍ വീണ്ടും തുറക്കുമെന്ന് താലിബാന്‍ വെളിപ്പെടുത്തിയെങ്കിലും ഇത് നടന്നില്ല. ‘പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള താലിബാന്റെ വിലക്ക് മതേതരവും മതപരവുമായ യുക്തിക്ക് വിരുദ്ധമാണ്: ഇത് ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്, ഇത് അന്താരാഷ്ട്ര അംഗീകാരം നേടാനുള്ള താലിബാന്റെ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നു,’ ഖത്തറിലെ ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലയിലെയും യോര്‍ക്ക് സര്‍വകലാശാലയിലെയും അധ്യാപകനായ സുല്‍ത്താന്‍ ബറകത്ത് പറഞ്ഞു.

 

Latest News