ഒരു താത്കാലിക കൂടാരം പണിയുന്ന തിരക്കിലാണ് അഫ്ഗാനിലെ റഹ്മത്ത് ഗുലിന്റെ കുടുംബം. സമീപത്ത് വേറെയും ടെന്റുകള്‍ ഉണ്ട്. അതിനെയാണ് അവര്‍ ഇപ്പോള്‍ വീട് എന്നു വിളിക്കുന്നത്.
ഈ ആഴ്ച ആദ്യം തെക്ക്-കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള പക്തിക പ്രവിശ്യയിലെ ഗയാന്‍ ജില്ലയിലുള്ള ആളുകളുടെ വീടുകളെല്ലാം നശിച്ചിരുന്നു. ഒരു കുടുംബത്തിലെ ഉറങ്ങിക്കിടന്ന ഏഴുപേരാണ് മരിച്ചത്.
‘ഇനി എന്റെ ജീവിതത്തിന് ഒരു അര്‍ത്ഥവുമില്ല, എന്റെ മൂന്ന് പെണ്‍മക്കളും നാല് പേരക്കുട്ടികളും മരിക്കുന്നത് ഞാന്‍ കണ്ടു. എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്’. റഹ്മത്ത് ഗുല്‍ പറഞ്ഞു. ‘പക്ഷേ എനിക്ക് നോക്കാന്‍ ഇനിയും മക്കളുണ്ട്. അവര്‍ക്കുവേണ്ടി മാത്രം ജീവിക്കും. പക്ഷേ ഞങ്ങള്‍ക്ക് സഹായം ആവശ്യമാണ്, ഞങ്ങള്‍ക്ക് ഒന്നുമില്ല, ഞങ്ങളുടെ ഉടമസ്ഥതയിലുള്ളതെല്ലാം നശിച്ചു’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂകമ്പത്തെ തുടര്‍ന്നുള്ള ആദ്യരാത്രി, കനത്ത മഴ നനഞ്ഞ്, ഈ കുടുംബം തുറസ്സായ സ്ഥലത്താണ് ചെലവഴിച്ചത്.
ഭൂകമ്പത്തിന്റെ ഇരകള്‍ക്ക് പിന്തുണയുമായി ഐക്യരാഷ്ട്രസഭയില്‍ നിന്നും അന്താരാഷ്ട്ര, പ്രാദേശിക ചാരിറ്റികളില്‍ നിന്നും താലിബാന്‍ സര്‍ക്കാരില്‍ നിന്നും സഹായങ്ങള്‍ എത്തുന്നുണ്ട്. റഹ്മത്ത് ഗുലിന്റെ കോമ്പൗണ്ടിന് സമീപം റെഡ് ക്രസന്റ് പാചക എണ്ണയും പുതപ്പും ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുടെ പാക്കേജുകള്‍ വിതരണം ചെയ്യുന്നു.
ഗ്യാന്‍ പട്ടണത്തിന്റെ മധ്യഭാഗത്തുള്ള ചെറിയ ബസാര്‍ ഒരു ഓപ്പണ്‍ എയര്‍ എയ്ഡ് ഡിപ്പോ ആയി മാറിയിരിക്കുന്നു. ട്രക്കുകള്‍ നിറയെ സാധനങ്ങള്‍ എത്തുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ ഇതിനു മുമ്പേ തന്നെ സാമ്പത്തികവും മാനുഷികവുമായ പ്രതിസന്ധിയുമായി പൊരുതുന്ന ഒരു രാജ്യമായതിനാല്‍ സഹായങ്ങള്‍ അധികമാകുന്നില്ല.
കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന്‍ അധികാരത്തില്‍ വന്നതിനുശേഷം ശരാശരി വരുമാനം മൂന്നിലൊന്നായി വെട്ടിക്കുറച്ചു. അതുകൊണ്ടു തന്നെ ദശലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയിലുമായി. ഭൂകമ്പത്തെ തുടര്‍ന്ന് നൂറുകണക്കിന് കുടുംബങ്ങള്‍ ഭവനരഹിതരാവുകയും ചെയ്തു.
പരിക്കേറ്റ ധാരാളം ആളുകള്‍ക്ക് ഇനിയും ചികിത്സ ലഭിക്കാനുണ്ട്. അവര്‍ക്കായി മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ‘പരിക്കേറ്റ ധാരാളം കുട്ടികള്‍ ഉണ്ട്. വിദഗ്ധ ചികിത്സ ആവശ്യമുള്ള ചില രോഗികളെ സൈനിക ഹെലികോപ്റ്ററില്‍ കാബൂളിലേക്ക് കൊണ്ടുപോകണം. കാരണം റോഡുകളില്‍ നിറയെ വലിയ കുണ്ടും കുഴിയുമാണ്’. ഹെല്‍ത്ത് ക്ലിനിക്കില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ പറയുന്നു.
വര്‍ഷങ്ങളോളം നീണ്ടുനിന്ന യുദ്ധത്താല്‍ തളര്‍ന്നതും, ഇപ്പോഴും തകര്‍ന്നുകൊണ്ടിരിക്കുന്നതുമായ സമ്പദ്വ്യവസ്ഥയുമായി പൊരുതുന്ന ഒരു ജനത ഇപ്പോള്‍ ഒരു പുതിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇതും അതിജീവിക്കാന്‍ അവര്‍ക്ക് സാധിക്കട്ടെ..