അഫ്ഗാനിസ്ഥാന്റെ തെക്ക്-കിഴക്കന്‍ പക്തിക പ്രവിശ്യയില്‍, പാക്കിസ്ഥാനുമായുള്ള അതിര്‍ത്തിയില്‍ നിന്ന് 20 മൈലില്‍ താഴെ, കഴിഞ്ഞയാഴ്ച ഈ മേഖലയെ ബാധിച്ച ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് ഏകദേശം 20 മൈല്‍ അകലെയാണ് ദ്വേഗൂര്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമം ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. അതിലെ മണ്‍ വീടുകള്‍ ഭൂകമ്പത്തില്‍ തകര്‍ന്ന് പര്‍വതങ്ങളുമായി ലയിക്കുന്ന അവസ്ഥയിലാണ്.
ഇവിടുത്തെ ഭൂരിഭാഗം വീടുകളും പൂര്‍ണ്ണമായും നശിച്ചു. ഇപ്പോഴും നിലകൊള്ളുന്ന കെട്ടിടങ്ങളില്‍ ആഴത്തിലുള്ള വിള്ളലുകള്‍ ഉള്ളതിനാല്‍ അവ ജീവിക്കാന്‍ കഴിയാത്തവിധം അപകടകരമാണ്. 250 ആളുകള്‍ താമസിക്കുന്ന സ്ഥലമാണിത്. അതിര്‍ത്തിയിലുള്ള സ്ഥലമായതിനാല്‍ താലിബാന്‍ സര്‍ക്കാരില്‍ നിന്നോ ഏജന്‍സികളില്‍ നിന്നോ ഇതുവരെ ആരും സഹായവുമായി ഇവിടേയ്ക്ക് എത്തിയിട്ടില്ല. മാധ്യമങ്ങളും കടന്നുചെല്ലുന്നില്ല.
ഗ്രാമത്തിന്റെ വടക്കേ അറ്റത്ത്, 20 വയസ്സുള്ള അറഫാത്ത് ഗ്യാന്‍ഖൈലിന്റെ വീട് ഒരു ചരിവിലായിരുന്നു. ഇപ്പോള്‍ അത് അവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമാണ് – കല്ലുകള്‍, ജനല്‍ ഫ്രെയിമുകള്‍, സ്വകാര്യ വസ്തുക്കള്‍ എന്നിവ അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുന്നു.
‘അന്ന് രാത്രി ഒരു വലിയ സ്ഫോടനം പോലെയുള്ള ഒരു ശബ്ദം ഞാന്‍ കേട്ടു, എന്റെ തലയില്‍ എന്തോ ശക്തമായി ഇടിച്ചു. ഞാന്‍ മരിക്കുമെന്ന് കരുതി. പക്ഷേ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഇഴഞ്ഞുനീങ്ങാന്‍ എനിക്ക് കഴിഞ്ഞു. മണ്ണും കല്ലും മാറ്റി നോക്കിയപ്പോള്‍ അമ്മയെ കണ്ടെത്തി. തൊട്ടുനോക്കിയപ്പോള്‍ അമ്മ മരിച്ചുവെന്ന് എനിക്ക് മനസ്സിലായി. അമ്മ സര്‍താരയ്ക്ക് 50 വയസ്സായിരുന്നു’. ഗ്യാന്‍ഖൈല്‍ പറഞ്ഞു. ‘ഞാന്‍ അമ്മയെ വളരെയധികം മിസ് ചെയ്യുന്നു’. അവന്‍ കൂട്ടിച്ചേര്‍ത്തു.
മറ്റൊരു കുടുംബത്തിലെ 12 വയസ്സുള്ള ആണ്‍കുട്ടിയും സഹോദരന്റെ ഭാര്യയും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു. ഗ്രാമത്തില്‍ നിന്നുള്ള ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സാപിര്‍ ഖാന്‍ എന്ന വ്യക്തിയുടെ നാല് പേരക്കുട്ടികള്‍ ആശുപത്രിയിലാണ്. അവരില്‍ ഒരാളുടെ തലയ്ക്ക് പരിക്കേറ്റു.
ഗ്രാമത്തില്‍ ആരും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയിട്ടില്ല. മറ്റൊരു ഭൂകമ്പം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് എല്ലാവരുമെന്നാണ് ഗ്രാമത്തിലെ മൂപ്പന്‍ താജ് അലി ഖാന്‍ പറഞ്ഞത്. ‘ഇവിടെ നിരവധി തുടര്‍ചലനങ്ങള്‍ അനുഭവപ്പെടുന്നു. എല്ലാ ദിവസവും കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഉണ്ട്. ഇന്നലെ രാത്രി 11 മണിക്ക് ഒരെണ്ണം ഉണ്ടായിരുന്നു. അത് കേട്ട് എല്ലാവരും ഉണര്‍ന്നു. അതുകൊണ്ടാണ് ഞങ്ങള്‍ ഇപ്പോള്‍ പുറത്ത് കിടന്നുറങ്ങുന്നത്. ആരും അവരുടെ അവശേഷിക്കുന്ന വീടുകളിലേക്ക് പോകാന്‍ ധൈര്യപ്പെടുന്നില്ല’. അദ്ദേഹം പറഞ്ഞു.
ഗ്രാമത്തില്‍ എല്ലാവരും വിശപ്പിന്റേയും ദുഖത്തിന്റേയും പിടിയിലാണ്. അവരെ സഹായിക്കാന്‍ ആരും വന്നിട്ടില്ല. മുളകളില്‍ പ്ലാസ്റ്റിക് ഷീറ്റുകളും തുണിക്കഷണങ്ങളും കെട്ടിയിട്ട് സ്ത്രീകള്‍ താല്‍ക്കാലിക ടെന്റുകളില്‍ ഉറങ്ങുന്നു. പുരുഷന്മാര്‍ പുറത്ത് ഉറങ്ങുന്നു. ഈ മലയോര മേഖലകളില്‍ ഇടിമിന്നലും പതിവാണ്.
ഈ ഗ്രാമത്തില്‍ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ അകലെയുള്ള ഗയാനില്‍ സഹായങ്ങള്‍ എത്തിയിട്ടുണ്ട്. ഭക്ഷണവും മറ്റ് ദുരിതാശ്വാസ സാമഗ്രികളും മാനുഷിക ഏജന്‍സികളില്‍ നിന്നും ചിലത് താലിബാന്‍ സര്‍ക്കാരില്‍ നിന്നുമായി എത്തിയിട്ടുണ്ട്. പക്ഷേ ആ സ്ഥലത്തെത്താന്‍ പോലും, മലകള്‍ ചുറ്റി നദീതടങ്ങള്‍ മുറിച്ചുകടന്ന് ചെളി നിറഞ്ഞ പാതകളിലൂടെ മണിക്കൂറുകളോളം യാത്ര ചെയ്യണം.
‘ദയവായി ഞങ്ങളെ സഹായിക്കാന്‍ ഞാന്‍ ലോകത്തോട് അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങള്‍ക്ക് ഭക്ഷണവും ഞങ്ങളുടെ വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ പണവും ആവശ്യമാണ്’. ഭൂകമ്പത്തില്‍ നാശനഷ്ടം സംഭവിച്ച കിഴക്കും വടക്കും പര്‍വതനിരകളിലെ നിരവധി ഗ്രാമങ്ങളെക്കുറിച്ച് പ്രദേശവാസികള്‍ പറഞ്ഞു. അവിടെയും സഹായമൊന്നും എത്തിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു.
ഭക്ഷണപ്പൊതികളുടെയും ദുരിതാശ്വാസ സാമഗ്രികളുടെയും രൂപത്തില്‍ മാത്രമല്ല, ഈ വിദൂര പ്രദേശങ്ങളില്‍ എത്തിച്ചേരാനും അഫ്ഗാനിസ്ഥാന് വളരെയധികം പിന്തുണ ആവശ്യമാണ്. ഒരുപക്ഷേ ഒരു വ്യോമസേനയ്ക്കോ പരിശീലനം ലഭിച്ച ദുരന്തനിവാരണ സംഘത്തിനോ അത് സാധിക്കാനാകും. എന്നാല്‍ താലിബാന്റെ കൈവശം അത്തരം സൗകര്യങ്ങള്‍ ഇല്ല.
ഒരു ദരിദ്രരാജ്യത്തെ പ്രകൃതിദുരന്തം ബാധിക്കുമ്പോള്‍, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെയോ സൈനിക സംഘങ്ങളെയോ വാഗ്ദാനം ചെയ്യുന്നതാണ്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടാത്ത ഒരു സര്‍ക്കാരാണ് അഫ്ഗാനിസ്ഥാനിലുള്ളത്. ഇപ്പോള്‍, ഒരു ഭൂകമ്പത്തിന്റെ അനന്തരഫലങ്ങളെ നേരിടാന്‍ അതിലെ ആളുകള്‍ സ്വന്തം നിലയില്‍ പ്രയത്‌നിക്കുന്നു. എപ്പോള്‍ വേണമെങ്കിലും പുതിയത് വന്നേക്കാം എന്ന ഭയത്താല്‍.