അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ മൗലികാവകാശങ്ങള്‍ പോലും ഇല്ലാതാക്കിയിരിക്കുകയാണ് താലിബാന്റെ പുതിയ നീക്കം. പെണ്‍കുട്ടികള്‍ ആറാം ക്ലാസ് വരെ പഠിച്ചാല്‍ മതിയെന്നും അതിനപ്പുറത്തേക്ക് പഠിക്കേണ്ട ആവശ്യമില്ലെന്നും താലിബാന്‍ ഭരണകൂടം ഉത്തരവിട്ടു. പുതിയ അദ്ധ്യയന വര്‍ഷം തുടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത പ്രഖ്യാപനം. കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ക്ക് വേണ്ടി സ്‌കൂളുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും രാവിലെ അത് പിന്‍വലിക്കുകയായിരുന്നു. ബാഗുമായി ആവേശത്തോടെ സ്‌കൂളില്‍ എത്തിയ വിദ്യാര്‍ത്ഥികളെ മുഴുവന്‍ നിരാശപ്പെടുത്തുന്നതായിരുന്നു ഭരണകൂടത്തിന്റെ തീരുമാനം.
എല്ലാ പ്രതീക്ഷയും നശിച്ച് കരഞ്ഞുകൊണ്ടാണ് കുട്ടികള്‍ സ്‌കൂളില്‍ നിന്നും പോയത് എന്ന് അദ്ധ്യാപകര്‍ പറയുന്നു. ഏറെ നാളത്തെ കാത്തിരിപ്പ് ഇല്ലാതായെന്നും ഇനി എന്നാണ് സ്‌കൂളില്‍ പോകാന്‍ സാധിക്കുക എന്ന് അറിയില്ലെന്നും കുട്ടികള്‍ പറഞ്ഞു. ‘186 ദിവസത്തെ കാത്തിരിപ്പായിരുന്നു, എന്ത് കുറ്റമാണ് ഞങ്ങള്‍ ചെയ്തത് ? പെണ്‍കുട്ടിയായി ജനിച്ചു എന്നുള്ളതാണോ കുറ്റം’ എന്നും പെണ്‍കുട്ടികള്‍ ചോദിക്കുന്നുണ്ട്.
ഇസ്ലാമിക നിയമപ്രകാരം ഒരു പുതിയ പദ്ധതി തയ്യാറാക്കുന്നത് വരെ സ്‌കൂളുകള്‍ അടഞ്ഞ് കിടക്കുമെന്നാണ് താലിബാന്‍ പറയുന്നത്. സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കണമെന്നാണ് ലോകരാജ്യങ്ങള്‍ താലിബാനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ അത്തരത്തില്‍ ഒരു നടപടിയും ഭരണകൂടം ഇതുവരെ കൈക്കൊണ്ടിട്ടില്ല.
താലിബാന്‍ ചരിത്രം ആവര്‍ത്തിക്കുകയാണെന്ന വിമര്‍ശനങ്ങളും ശക്തമാണ്. 1996-2001 വരെയുള്ള താലിബാന്‍ ഭരണ കാലത്ത് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അടിസ്ഥാന അവകാശങ്ങള്‍ പോലും നല്‍കിയിരുന്നില്ല. പഠിക്കാനോ ജോലിക്ക് പോകാനോ അവരെ അനുവദിച്ചിരുന്നില്ല. ബുര്‍ഖ ധരിച്ച് മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നും നിബന്ധനയുണ്ടായിരുന്നു. അത് തന്നെയാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത് എന്നാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ വിലയിരുത്തല്‍.
പ്രൈമറി സ്‌കൂളിനപ്പുറം പെണ്‍കുട്ടികള്‍ പഠിക്കുന്നത് തടയാന്‍ താലിബാന്‍ ഒഴികഴിവുകള്‍ നിരത്തുന്നത് തുടരുമെന്ന് സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായി ബിബിസിയോട് പറഞ്ഞു. 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം, അഫ്ഗാനിസ്ഥാനിലെ മിക്കയിടത്തും പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളുകള്‍ മാത്രമാണ് തുറന്നിരിക്കുന്നത്. ആണ്‍കുട്ടികളുടെ എല്ലാ സ്‌കൂളുകളും തുറന്നിട്ടുമുണ്ട്.
ഇസ്ലാമിക നിയമത്തിനും അഫ്ഗാന്‍ സംസ്‌കാരത്തിനും അനുസൃതമായി ഒരു പദ്ധതി തയ്യാറാക്കുന്നത് വരെ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ചതായി സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ബക്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ‘എല്ലാ ഗേള്‍സ് ഹൈസ്‌കൂളുകളും ആറാം ക്ലാസിന് മുകളില്‍ വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്ന സ്‌കൂളുകളും അടുത്ത ഉത്തരവ് വരെ അടഞ്ഞുകിടക്കുമെന്ന് അറിയിക്കുന്നു’. എന്നാണ് നോട്ടീസില്‍ ഉണ്ടായിരുന്നത്. ഉത്തരവില്‍ പറയുന്നത് ശരിയാണെന്നും എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അഭിപ്രായം പറയാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ലെന്നുമാണ് താലിബാന്‍ വക്താവ് ഇനാമുള്ള സമംഗാനിയും വിദ്യാഭ്യാസ മന്ത്രാലയ വക്താവ് അസീസ് അഹമ്മദ് റയാനും പറഞ്ഞത്.
താലിബാന്‍ അധികാരത്തിലെത്തിയതോടെ പതിനായിരക്കണക്കിന് ആളുകള്‍ രാജ്യം വിട്ട് പലായനം ചെയ്തതിനാല്‍ അധ്യാപകരുടെ കുറവ് നേരിടുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു. ‘ആയിരക്കണക്കിന് അധ്യാപകരെ ആവശ്യമുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ പുതിയ അധ്യാപകരെ നിയമിക്കാനും ശ്രമിക്കുന്നു’. വക്താവ് പറഞ്ഞു.
മാര്‍ച്ച് 21-ന് അഫ്ഗാന്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് പെണ്‍കുട്ടികള്‍ക്കും കോളജ് വിദ്യാര്‍ത്ഥിനികള്‍ക്കുമുള്ള ക്ലാസുകള്‍ ആരംഭിക്കുമെന്ന് താലിബാന്‍ ജനുവരിയില്‍ ലോകത്തിന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ താലിബാന്‍ വീണ്ടും വാക്കുമാറ്റുകയായിരുന്നു. 21-ന് സ്‌കൂളുകള്‍ തുറന്നില്ല എന്നു മാത്രമല്ല, പെണ്‍കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം തല്‍ക്കാലം മാറ്റിവെക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവില്‍ പറഞ്ഞത്. പുതിയ ഉത്തരവ് ഇറങ്ങുന്നത് വരെ പെണ്‍കുട്ടികള്‍ വീട്ടില്‍ തന്നെ ഇരിക്കട്ടെ എന്നാണ് താലിബാന്‍ പറയുന്നത്. തങ്ങളുടെ ഭാവി ഇല്ലാതാക്കാനുള്ള ശ്രമമായാണ് അഫ്ഗാനിലെ പെണ്‍കുട്ടികള്‍ ഇത് കാണുന്നത്.
തലസ്ഥാനമായ കാബൂളിലെ സര്‍ഗോണ ഹൈസ്‌കൂളില്‍ ഒരു അധ്യാപകന്‍ പ്രവേശിച്ച് ക്ലാസ് അവസാനിച്ചുവെന്ന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം ആദ്യമായി സ്‌കൂളില്‍ തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍, കണ്ണീരോടെ തങ്ങളുടെ സാധനങ്ങള്‍ എടുത്ത് പുറത്തിറങ്ങി. ‘എന്റെ വിദ്യാര്‍ത്ഥികള്‍ കരയുന്നതും ക്ലാസുകള്‍ വിട്ടുപോകാന്‍ മടിക്കുന്നതും വേദനയോടെയാണ് ഞാന്‍ കണ്ടു നിന്നത്’. കാബൂളിലെ ഒംറ ഖാന്‍ ഗേള്‍സ് സ്‌കൂളിലെ അധ്യാപിക പല്‍വാഷ പറഞ്ഞു.
20 വര്‍ഷങ്ങള്‍ക്കു മുമ്പ് അധികാരത്തിലേറിയ സമയത്ത് താലിബാന്‍ സ്ത്രീകളുടെ വിദ്യാഭ്യാസം, ജോലി, സഞ്ചാരസ്വാതന്ത്ര്യം എന്നിവ നിരോധിച്ചിരുന്നു. ഇത്തവണ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഔദ്യോഗികമായി നിരോധിച്ചിട്ടില്ലെങ്കിലും താലിബാന്‍ അധികാരത്തിലേറിയ ശേഷം പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെല്ലാം അടച്ചുപൂട്ടിയിരുന്നു. സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രത്യേക മന്ത്രാലയം ആദ്യമേ അടച്ചുപൂട്ടിയ താലിബാന്‍ അതിനു പകരമായി മതകാര്യ മന്ത്രാലയം കൊണ്ടുവന്നു. ചില പ്രദേശങ്ങളില്‍ ഒഴികെ രാജ്യത്താകെയുള്ള സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ പഠിക്കാന്‍ പോവുന്നത് നിരോധിക്കുകയും ചെയ്തു.
താലിബാന്‍ അധികാരത്തില്‍ വന്നതിനു ശേഷം, ഏഴാം തരത്തിനു മേലെയുള്ള പെണ്‍കുട്ടികള്‍ക്കാര്‍ക്കും തുടര്‍പഠനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്നതിനെതിരെ നിരവധി പ്രക്ഷോഭങ്ങളും നടന്നിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയരുതെന്ന് ആഗോള സന്നദ്ധ സംഘടനകളും ലോകരാജ്യങ്ങളും താലിബാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും താലിബാന്റെ തീരുമാനത്തില്‍ മാറ്റമില്ല…അവര്‍ കാബൂളിന്റെ തെരുവുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും പൊതുതൊഴിലിടങ്ങളില്‍ നിന്നുമെല്ലാം സ്ത്രീകളെ മായ്ച്ചുകൊണ്ടിരിക്കുകയാണ്….
ഇതുകൊണ്ടൊക്കെത്തന്നെയാണ് ‘കാബൂളിലെ പെണ്‍കുട്ടികള്‍’ എന്ന കൃതിയില്‍ ജെന്നി നോര്‍ദ് ബര്‍ഗ് എന്ന സ്വീഡിഷ് മാധ്യമ പ്രവര്‍ത്തക അഫ്ഗാന്‍ പെണ്‍കുട്ടികളുടെ മോഹത്തെ കുറിച്ച് ഇങ്ങനെ എഴുതിയത്…
‘ലോകത്തില്‍ എന്തുമാകാന്‍ ഞാനിഷ്ടപ്പെടുന്നു… ഒരു സ്ത്രീയൊഴിച്ചെന്തും…
ഞാനൊരു തത്തയാകാം, പെണ്ണാടാകാം, മാനോ, മരത്തില്‍ പാര്‍ക്കുന്ന കുരുവിയോ ആകാം….
ഞാന്‍ പ്രകൃതിയിലെ എന്തുമാകാം….പക്ഷേ,
ഒരു പെണ്ണാകാനില്ല….ഒരു അഫ്ഗാന്‍ പെണ്ണാകാനില്ല….