Monday, November 25, 2024

‘ഇത് ഞങ്ങളുടെ പോരാട്ടത്തിന്റെ തുടക്കം മാത്രം’; പാട്ടുപാടി താലിബാനെ വെല്ലുവിളിക്കുന്ന അഫ്ഗാനിസ്ഥാനിലെ സഹോദരിമാര്‍

‘എന്റെ വായില്‍ വിഷം നിറയുമ്പോള്‍ ഞാന്‍ എങ്ങനെ തേനിനെക്കുറിച്ച് സംസാരിക്കും?’ താലിബാന്‍ ഭരണത്തിന്റെ കീഴില്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ പ്രതിനിധികളായി രണ്ടു സഹോദരിമാര്‍ ബുര്‍ക്ക ധരിച്ച് സ്വാതന്ത്ര്യത്തിനായി പാടുന്നു. ബി.ബി.സി. പ്രസിദ്ധീകരിച്ച കാവൂന്‍ ഖമൂഷ് എഴുതിയ ഫീച്ചറിന്റെ മലയാള രൂപം.

2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത് ലോകം ഉറ്റുനോക്കിക്കൊണ്ടിരുന്നപ്പോള്‍, പുതിയ ഭരണകൂടം തങ്ങളുടെമേല്‍ പിടി മുറുക്കുന്നത് അഫ്ഗാനിസ്ഥാനിലെ ദശലക്ഷക്കണക്കിന് സ്ത്രീകള്‍ അനുഭവിച്ചറിയുകയായിരുന്നു. അക്കൂട്ടത്തില്‍ കാബൂളിലെ രണ്ട് സഹോദരിമാരും ഉള്‍പ്പെട്ടിരുന്നു.

സ്ത്രീകളുടെ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നത് വെറുതെ കണ്ടുനില്‍ക്കാനാവില്ലെന്ന് അവര്‍ തീരുമാനിച്ചു, ചെറുത്തുനില്‍ക്കാന്‍ തങ്ങളുടെ ശബ്ദത്തിന്റെ ശക്തി അവര്‍ രഹസ്യമായി ഉപയോഗിക്കാന്‍ തുടങ്ങി. സംഗീതജ്ഞരെ അറസ്റ്റ് ചെയ്യാവുന്ന നാട്ടില്‍ തങ്ങളെത്തന്നെ വലിയ അപകടത്തിലാക്കി, അവര്‍ സോഷ്യല്‍ മീഡിയയില്‍ ‘ലാസ്റ്റ് ടോര്‍ച്ച്’ എന്ന പേരില്‍ ഒരു സംഗീത പ്രസ്ഥാനം ആരംഭിച്ചു.

‘ഞങ്ങള്‍ ഗാനങ്ങള്‍ ആലപിക്കാന്‍ പോകുന്നു; പക്ഷേ അത് ഞങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തിയേക്കാം,’ അവരില്‍ ഒരാള്‍ ഗാനം ആരംഭിക്കുന്നതിന് മുമ്പ് റെക്കോര്‍ഡുചെയ്ത വീഡിയോയില്‍ പറഞ്ഞു. താലിബാന്‍, അഫ്ഗാനിസ്ഥാനിലെ ഭരണം ഏറ്റെടുത്ത് ദിവസങ്ങള്‍ക്ക് ശേഷം 2021 ഓഗസ്റ്റില്‍ അവരുടെ ആദ്യ ഗാനം പുറത്തിറങ്ങി, ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും അത് പെട്ടെന്ന് വൈറലായി.

അതോടെ, സംഗീതത്തില്‍ യാതൊരു പശ്ചാത്തലവുമില്ലാതെ, സ്വന്തം വ്യക്തിത്വം മറയ്ക്കാന്‍ ബുര്‍ക്ക ധരിക്കുന്ന സഹോദരിമാര്‍ സംഗീത ലോകത്തെ പ്രതിഭാസമായി മാറി.

‘ഞങ്ങളുടെ പോരാട്ടം താലിബാന്റെ പതാകയ്ക്ക് കീഴില്‍, താലിബാനെതിരെ ആരംഭിച്ചു. താലിബാന്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ഞങ്ങള്‍ ഒരു കവിത പോലും എഴുതിയിട്ടില്ല.’ സഹോദരിമാരില്‍ ഇളയവളായ ഷഖായേഖ് (അവളുടെ യഥാര്‍ത്ഥ പേരല്ല) പറയുന്നു.

അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം, താലിബാന്‍ തങ്ങളുടെ അജണ്ട 20 ദിവസത്തിനുള്ളില്‍ നടപ്പിലാക്കി. ദൈനംദിന ജീവിതത്തില്‍ ശരിഅത്ത് (ഇസ്ലാമിക മത നിയമം) അടിച്ചേല്‍പ്പിക്കുക, വിദ്യാഭ്യാസത്തിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം നിയന്ത്രിക്കുക എന്നിവ അവരുടെ മുന്‍ഗണനകളില്‍ പെട്ടവയായിരുന്നു.

ചെറുത്തുനില്‍ക്കാന്‍ സ്ത്രീകള്‍ കാബൂളിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും തെരുവിലിറങ്ങി, പക്ഷേ കടുത്ത അടിച്ചമര്‍ത്തലായിരുന്നു ഫലം. ‘ഞങ്ങളുടെ പ്രതീക്ഷയുടെ അവസാന വെളിച്ചമായിരുന്നു അത്,’ ഷഖായേഖ് പറയുന്നു.

‘അത് കൊണ്ടാണ് ഗാനങ്ങളിലൂടെയുള്ള ഞങ്ങളുടെ ചെറുത്തുനില്‍പ്പിനെ ‘ലാസ്റ്റ് ടോര്‍ച്ച്’ എന്ന് വിളിക്കാന്‍ തീരുമാനിച്ചത്. മറ്റെങ്ങോട്ടും പോവാന്‍ സാധിക്കില്ല എന്ന ബോധ്യം വന്ന ഞങ്ങള്‍ വീട്ടിലിരുന്ന് ഞങ്ങളുടെ രഹസ്യ പ്രതിഷേധം ആരംഭിച്ചു.’ നീല ബുര്‍ക്കകള്‍ക്കുള്ളിലിരുന്ന് അവര്‍ ഗാനങ്ങള്‍ ആലപിച്ചു പുറത്തിറക്കി.

ആദ്യ ഗാനം പോലെ തന്നെ മറ്റ് ഗാനങ്ങളും നീല ബുര്‍ക്കകള്‍ ധരിച്ചാണ് അവര്‍ പാടി പുറത്തിറക്കിയത്. അവര്‍ ആലപിച്ച ഗാനങ്ങളില്‍ ഒന്ന് അന്തരിച്ച നാദിയ അഞ്ജുമാന്റെ പ്രശസ്തമായ കവിതയായിരുന്നു. 996-ലെ ആദ്യ താലിബാന്‍ അധിനിവേശത്തിനെതിരെ പ്രതിഷേധിച്ച കവിയായിരുന്നു നാദിയ അഞ്ജുമാന്‍.

എന്റെ വായില്‍ വിഷം നിറയുമ്പോള്‍ ഞാന്‍ എങ്ങനെ തേനിനെക്കുറിച്ച് സംസാരിക്കും?

അയ്യോ എന്റെ വായ ക്രൂരമായ മുഷ്ടി കൊണ്ട് തകര്‍ക്കപ്പെടുന്നു…

ഓ, ഞാന്‍ കൂട് തകര്‍ക്കുന്ന ദിവസത്തില്‍,

ഈ ഒറ്റപ്പെടലില്‍ നിന്ന് മോചിതരായി സന്തോഷത്തോടെ പാടുക.

താലിബാന്‍, സ്ത്രീകളുടെ വിദ്യാഭ്യാസം നിരോധിച്ചതിനാല്‍, നാദിയ അഞ്ജുമാനും അവളുടെ സുഹൃത്തുക്കളും ഒരു ഭൂഗര്‍ഭ സ്‌കൂളായ ‘ദി ഗോള്‍ഡന്‍ നീഡി’ല്‍ കണ്ടുമുട്ടാറുണ്ടായിരുന്നു, അവിടെ അവര്‍ തയ്യല്‍ ജോലി ചെയ്യാന്‍ എന്നുപറഞ്ഞാണ് വന്നിരുന്നത്. എന്നാല്‍ അവര്‍ പുസ്തകങ്ങള്‍ വായിക്കുകയായിരുന്നു ചെയ്തിരുന്നത്. അവരും നീല ബുര്‍ക്കയായിരുന്നു ധരിച്ചിരുന്നത്.

ഈ സഹോദരിമാരില്‍ മൂത്തയാളായ മഷാല്‍ (യഥാര്‍ത്ഥ പേരല്ല), ബുര്‍ക്കയെ ‘ഒരു മൊബൈല്‍ കേജ്’ ആയി താരതമ്യം ചെയ്യുന്നു. ‘ആയിരക്കണക്കിന് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സ്വപ്നങ്ങള്‍ കുഴിച്ചിട്ടിരിക്കുന്ന ഒരു ശ്മശാനം പോലെയാണ് ഇത്,” എന്നാണ് അവര്‍ പറയുന്നത്. ’25 വര്‍ഷം മുമ്പ് താലിബാന്‍ സ്ത്രീകള്‍ക്ക് നേരെ എറിഞ്ഞ കല്ല് പോലെയാണ് ഈ ബുര്‍ക്ക,’ ഷഖായെഖ് കൂട്ടിച്ചേര്‍ത്തു.

ഈ സഹോദരിമാര്‍ ഇതുവരെ ഏഴ് ഗാനങ്ങള്‍ മാത്രമേ പുറത്തിറക്കിയിട്ടുള്ളൂ, എന്നാല്‍ ഓരോന്നിലൂടെയും രാജ്യത്തുടനീളമുള്ള സ്ത്രീകളുമായി അവര്‍ ശക്തമായി സംവദിച്ചു. തുടക്കത്തില്‍ അവര്‍ മറ്റ് എഴുത്തുകാരുടെ വരികളായിരുന്നു ഉപയോഗിച്ചിരുന്നത്, എന്നാല്‍ തങ്ങളുടെ വേദന നിറഞ്ഞ അനുഭവങ്ങള്‍ ഒരു കവിതയ്ക്കും വിശദീകരിക്കാന്‍ കഴിയാത്ത ഒരു ഘട്ടത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു. അതിനുശേഷം അവര്‍ സ്വന്തമായി എഴുതാന്‍ തുടങ്ങി.

ഈ സഹോദരിമാരുടെ ഒരു ഗാനം പ്രതിഷേധിക്കുന്നവരെക്കുറിച്ചാണ്…

നിങ്ങളുടെ പോരാട്ടം മനോഹരമാണ്.
സ്ത്രീയായ നിങ്ങളുടെ അലര്‍ച്ച!
ജനാലയിലെ എന്റെ തകര്‍ന്ന ചിത്രമാണ് നീ.

സ്ത്രീകളുടെ ദൈനംദിന ജീവിതത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ശ്വാസംമുട്ടിക്കുന്ന നിബന്ധനകള്‍, പ്രതിഷേധിക്കുന്നവരെ തടവിലാക്കുന്നത്, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയാണ് അവരുടെ ഗാനങ്ങളുടെ പ്രമേയങ്ങള്‍. താലിബാന്‍, അഫ്ഗാനിസ്ഥാനില്‍ നടപ്പിലാക്കാന്‍ ആഗ്രഹിച്ചതിന് വിപരീതമാണ് ഇവരുടെ ഗാനങ്ങളും അവയോടുള്ള ആളുകളുടെ പ്രതികരണവും.

സഹോദരിമാരുടെ ഏറ്റവും പുതിയ ഗാനങ്ങളിലൊന്ന് താലിബാന്‍ തടവിലാക്കിയ സ്ത്രീകളെക്കുറിച്ചാണ്. ‘ദുരുപയോഗം ചെയ്യുന്ന അവസ്ഥയിലാണ് ഈ സ്ത്രീകള്‍’ എന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തടവിലാക്കപ്പെട്ട സ്ത്രീകളെക്കുറിച്ചു പറഞ്ഞത്.

താലിബാന്‍ അധികാരമേറ്റതിന് ശേഷം ചെയ്ത ആദ്യ നടപടികളിലൊന്ന് വനിതാകാര്യ മന്ത്രാലയത്തിന് പകരം സദ്ഗുണ പ്രചരണത്തിനും ദുരാചാരം തടയുന്നതിനുമുള്ള മന്ത്രാലയം സ്ഥാപിക്കുക എന്നതായിരുന്നു. പുതിയ മന്ത്രാലയം, ബുര്‍ഖ ധരിക്കുന്നത് നിര്‍ബന്ധമാക്കുക മാത്രമല്ല, തങ്ങളുടെ മതത്തിന്റെ വേരുകള്‍ നശിപ്പിക്കുന്നുവെന്ന് കരുതുന്ന സംഗീതത്തെ പോലും നിരോധിക്കുകയൂം ചെയ്തു. പാടുന്നതും പാട്ട് കേള്‍ക്കുന്നതും താലിബാനെ സംബന്ധിച്ചു വളരെ മോശപ്പെട്ട കാര്യങ്ങളാണ്.

താലിബാന്‍ തങ്ങളെ തിരിച്ചറിയുമെന്ന് കരുതി ഉറക്കമില്ലാത്ത രാത്രികളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് ഷഖായേഖ് പറയുന്നു. ‘ഞങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അവരുടെ ഭീഷണികള്‍ കണ്ടു: ‘ഞങ്ങള്‍ നിങ്ങളെ കണ്ടെത്തിക്കഴിഞ്ഞാല്‍, നിങ്ങളുടെ തൊണ്ടയില്‍ നിന്ന് നിങ്ങളുടെ നാവ് എങ്ങനെ നീക്കം ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം,’ എന്നൊക്കെയായിരുന്നു താലിബാന്‍ സോഷ്യല്‍ മീഡിയയില്‍ ഭീഷണി മുഴക്കിയത്.’ മഷാല്‍ പറയുന്നു.

‘ഞങ്ങളുടെ മാതാപിതാക്കള്‍ ഈ കമന്റുകള്‍ വായിച്ചപ്പോള്‍ ഭയപ്പെട്ടുപോയി. ഞങ്ങള്‍ ഗാനങ്ങള്‍ ചെയ്യുന്നത് നിര്‍ത്തണമെന്ന് അവര്‍ പറഞ്ഞു. പക്ഷേ ഞങ്ങള്‍ അവരോട് പറഞ്ഞു; ഞങ്ങള്‍ക്ക് അതിനു സാധിക്കില്ല.’ സുരക്ഷയ്ക്കായി, ഈ സഹോദരിമാര്‍ കഴിഞ്ഞ വര്‍ഷം രാജ്യം വിട്ടിരുന്നു. എങ്കിലും ഉടന്‍ മടങ്ങിവരാമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

ഇപ്പോള്‍ കാനഡയില്‍ താമസിക്കുന്ന, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പ്രൊഫഷണല്‍ റാപ്പറായ സോണിറ്റ അലിസാദ, ‘ലാസ്റ്റ് ടോര്‍ച്ചിന്റെ’ വീഡിയോകളെ പ്രശംസിച്ചവരില്‍ ഒരാളാണ്. ‘ബുര്‍ക്ക ധരിച്ച് രണ്ട് സ്ത്രീകള്‍ പാടുന്നത് കണ്ടപ്പോള്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ കരഞ്ഞുപോയി,’ അവള്‍ പറയുന്നു.

താലിബാന്‍ ആദ്യമായി അധികാരമേറ്റ 1996-ല്‍ ജനിച്ചയാളാണ് സോണിറ്റ അലിസാദ. അവള്‍ കുട്ടിയായിരുന്നപ്പോള്‍ അവളുടെ കുടുംബം ഇറാനിലേക്ക് പലായനം ചെയ്തു. അവിടെ അവളുടെ അമ്മ അവളെ നിര്‍ബന്ധിത വിവാഹത്തിന് വില്‍ക്കാന്‍ ശ്രമിച്ചു, പക്ഷേ അവള്‍ സംഗീതമാണ് തന്റെ മാര്‍ഗം എന്നു കണ്ടെത്തി. ലാസ്റ്റ് ടോര്‍ച്ചിന്റെ രണ്ട് സഹോദരിമാരെപ്പോലെ, താലിബാനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ അവള്‍ പ്രതീക്ഷയുടെ അടയാളമായാണ് കാണുന്നത്.

”അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ സ്ഥിതി വളരെ നിരാശാജനകമാണ്, കാരണം ഞങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പുരോഗതി നഷ്ടപ്പെട്ടു,” സോനിത പറയുന്നു. ‘എന്നാല്‍ ഈ ഇരുട്ടില്‍ ഇപ്പോഴും ഒരു വെളിച്ചം കത്തിക്കൊണ്ടിരിക്കുന്നു. വ്യക്തികള്‍ സ്വന്തം കഴിവുകൊണ്ട് പോരാടുന്നത് ഞങ്ങള്‍ കാണുന്നു.’

അഫ്ഗാനിസ്ഥാനിലെ ഏറ്റവും പ്രശസ്തയായ വനിതാ ഗായിക ഫരീദ മഹ്വാഷ്‌ന് ഈ ഗായികമാരെക്കുറിച്ചു പറയുന്നത് ഇപ്രകാരമാണ്: ”ഈ രണ്ട് ഗായികമാര്‍ പിന്നീട് നാല് ആകുകയും തുടര്‍ന്ന് 10 ആകുകയും തുടര്‍ന്ന് 1000 ആകുകയും ചെയ്യും.” അവര്‍ തുടര്‍ന്നു: ‘അവര്‍ സ്റ്റേജില്‍ കയറി ഗാനങ്ങള്‍ ആലപിക്കുന്ന ഒരു നാള്‍ വന്നാല്‍, ഒരു വാക്കിംഗ് സ്റ്റിക്ക് ഉപയോഗിക്കേണ്ടി വന്നാലും ഞാനും അവരുടെ കൂടെ കാണും.’

കാബൂളില്‍, കഴിഞ്ഞ വര്‍ഷം ആക്ടിവിസത്തിനെതിരെയുള്ള അടിച്ചമര്‍ത്തല്‍ കൂടുതല്‍ ശക്തമാക്കി. റാലികള്‍ നടത്തുന്നതില്‍ നിന്ന് താലിബാന്‍ സ്ത്രീകളെ വിലക്കുകയും നിരോധനം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

‘സ്ത്രീ ശബ്ദങ്ങളുടെ അലയൊലികള്‍ ജയിലിന്റെ പൂട്ടുകളും ചങ്ങലകളും തകര്‍ക്കും. ഞങ്ങളുടെ രക്തം കൊണ്ട് നിറഞ്ഞ ഈ പേന നിങ്ങളുടെ വാളുകളും അമ്പുകളും തകര്‍ക്കും. ഞങ്ങളുടെ ഹൃദയത്തിലുള്ള ദുഃഖത്തിന്റെയും വേദനയുടെയും ഒരു ചെറിയ ഭാഗം മാത്രമാണ് ഈ കവിതകള്‍. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ വേദനയും പോരാട്ടവും, കഴിഞ്ഞ വര്‍ഷങ്ങളില്‍ താലിബാന്റെ കീഴില്‍ അവര്‍ അനുഭവിച്ച സങ്കടങ്ങളും ഒരു കവിതയിലും ഉള്‍ക്കൊള്ളാന്‍ കഴിയില്ല’. ഷഖായേഖ് പറയുന്നു.

നിലവിലെ നയങ്ങള്‍ തുടരുകയാണെങ്കില്‍ ലിംഗ വര്‍ണ്ണവിവേചനത്തിന് താലിബാന്‍ ഉത്തരവാദികളാകുമെന്ന് യുഎന്‍ പറയുന്നു. തങ്ങള്‍ ശരിയത്ത് നടപ്പാക്കുകയാണെന്നും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബാഹ്യ ഇടപെടല്‍ അംഗീകരിക്കില്ല എന്നുമാണ് താലിബാന്‍ ഇതിനോടു പ്രതികരിച്ചത്.

ഏതായാലും ഷഖയേഖും മഷാലും അവരുടെ അടുത്ത പാട്ടുകളുടെ പണിപ്പുരയിലാണ്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ സ്വരത്തില്‍ തങ്ങളുടെ ശബ്ദവും പ്രതിധ്വനിപ്പിക്കാമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

‘ഞങ്ങളുടെ ശബ്ദം നിശബ്ദമാകില്ല, ഞങ്ങള്‍ തളര്‍ന്നിട്ടില്ല, ഇത് ഞങ്ങളുടെ പോരാട്ടത്തിന്റെ തുടക്കം മാത്രമാണ്.’ അവര്‍ പറയുന്നു.

കടപ്പാട്: ബിബിസി (https://www.bbc.com/news/world-asia-68500111)

Latest News