അലബാമയില്‍ ഡാഡെവില്ലെ കമ്മ്യൂണിറ്റിയിലെ ഒരു ഡാന്‍സ് സ്റ്റുഡിയോയില്‍ പിറന്നാള്‍ ആഘോഷത്തിനിടെയുണ്ടായ കൂട്ട വെടിവയ്പില്‍ കൊല്ലപ്പെട്ട നാലുപേരില്‍ ഒരാളായ കൗമാരക്കാരന് തന്റെ സഹോദരിയുടെ ജീവന് രക്ഷിച്ചുകൊണ്ടാണ് മരണത്തിന് കീഴടങ്ങിയതെന്ന് വെളിപ്പെടുത്തി കുടുംബം. അലക്സിസ് ഡൗഡല്‍ എന്ന പെണ്‍കുട്ടിയുടെ പതിനാറാം പിറന്നാള്‍ ആഘോഷമായിരുന്നു നടന്നിരുന്നത്. അവളുടെ സഹോദരന് ഫില്‍ ഡൗഡല്‍ (18) ആണ് സഹോദരിയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെ അവളുടെ ജീവന് രക്ഷിച്ചുകൊണ്ട് മരണത്തിന് കീഴടങ്ങിയത്.
വെടിയൊച്ചകള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അലക്സിസിനെ ഫില്‍, നിലത്തേക്ക് തള്ളിയിടുകയായിരുന്നു. വെടിയൊച്ചകള്‍ നിലച്ചശേഷം അവള് അവനെ കണ്ടപ്പോള്‍ ഫില്ലിന് സംസാരിക്കാന്‍ പോലും കഴിയാത്തവിധം അവന് മരണാസന്നനായിരുന്നു. അവന് ചെറുതായി കണ്ണുതുറക്കുകയും പുരികം ഉയര്‍ത്തുകയും ചെയ്തപ്പോള്‍ അവള് അവനെ അവളുടെ കൈകളില്‍ പിടിച്ചിരിക്കുകയായിരുന്നുവെന്ന് അലക്സിസ് പറഞ്ഞു. ഇനിയൊരിക്കലും തന്റെ ജന്മദിനം ആഘോഷിക്കാന്‍ തനിക്ക് കഴിയില്ലെന്നും അവള് കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച രാത്രിയുണ്ടായ പ്രസ്തുത ആക്രമണത്തില്‍ ഷൗങ്കിവിയ സ്മിത്ത് (17), മാര്‍സിയ കോളിന്‍സ് (19), കോര്ബിന് ഹോള്സ്റ്റണ് (23) എന്നിവരും ഫില്ലിനൊപ്പം കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവയ്പ്പിലേക്ക് നയിച്ചത് എന്താണെന്ന് അറിയില്ലെന്ന് അലക്സിസും അമ്മ ലതോണിയ അലനും പറഞ്ഞു. തന്റെ മകന് എല്ലാ വിധത്തിലും തങ്ങളുടെ അഭിമാനമായിരുന്നുവെന്ന് ലതോണിയ വേദനയോടെ പറഞ്ഞു. ‘എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമാണ് അക്രമികള്‍ പറിച്ചെടുത്തത്. അവന് അടുത്ത മാസം ബിരുദം നേടേണ്ടതായിരുന്നു. അവന്റെ ബിരുദദാനത്തിന് പോകുന്നതിനുപകരം ഞാന്‍ എന്റെ മകനെ കാണാന്‍ സെമിത്തേരിയിലേക്ക് പോകേണ്ടി വന്നു’. ലതോണിയ പറയുന്നു. മൂന്ന് സഹോദരങ്ങളില്‍ മൂത്തയാളായ ഫില്‍ ഡൗഡല്‍ ഒരു അത്ലറ്റും നിരവധിപ്പേരുടെ വിശ്വസ്ത സുഹൃത്തുമായിരുന്നു. സ്പോര്‍ട്സ് സ്കോളര്‍ഷിപ്പില്‍ അദ്ദേഹം ജാക്സണ്‍വില്ലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലേക്ക് പോകേണ്ടതായിരുന്നു.
അക്രമി ഇപ്പോഴും ഒളിവിലാണെന്നാണ് കരുതുന്നത്. പ്രതിയേയോ അക്രമത്തിനുള്ള കാരണമോ കണ്ടെത്താന്‍ ഇതുവരേയും പോലീസിനും കഴിഞ്ഞിട്ടില്ല. പൊതുജനങ്ങളോടും പോലീസ് വിവരം തേടുന്നുണ്ട്. ഏതായാലും ഒരു കാര്യം തീര്‍ച്ചയാണ്, ഈ വര്‍ഷം ഇതുവരെ യുഎസില്‍ നടന്ന 160-ലധികം കൂട്ട വെടിവയ്പ്പുകളുടെ ഒരു ഭീകരമായ നാഴികക്കല്ലാണ് ഡാഡെവില്ലെ ആക്രമണം.