ബില്‍ ഗേറ്റ്‌സ് എന്നറിയപ്പെടുന്ന വില്യം ഹെന്റി ഗേറ്റ്‌സ് ഒരു അമേരിക്കന്‍ ബിസിനസുകാരനും നിക്ഷേപകനും സോഫ്‌റ്റ്വെയര്‍ ഡിവലപ്പറും പ്രശസ്തനായ ഒരു മനുഷ്യസ്നേഹിയുമാണ്. ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും മനുഷ്യസ്നേഹികള്‍ക്കും ഒരുപോലെ പ്രചോദനമാണ് അദ്ദേഹത്തിന്റെ ജീവിതം. സാങ്കേതികവിദ്യയിലും സാമൂഹിക ജീവിതത്തിലും അദ്ദേഹം നല്‍കിയ സംഭാവന വിവരണാതീതമാണ്.
ബാല്യവും കൗമാരവും
ബില്‍ ഗേറ്റ്സിന്റെ വിജയഗാഥ ആരംഭിച്ചത് അരനൂറ്റാണ്ട് മുമ്പ് വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ സിയാറ്റിലില്‍ നിന്നാണ്. കോര്‍പ്പറേറ്റ് അഭിഭാഷകനായ വില്യം ഗേറ്റ്‌സിന്റേയും ഫസ്റ്റ് ഇന്റര്‍സ്റ്റേറ്റ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ മേരി മാക്‌സ്വെല്‍ ഗേറ്റ്‌സിന്റേയും മകനായി 1955 ഒക്ടോബര്‍ 28 നാണ് ജനനം. സിയാറ്റിലിലെ ഏറ്റവും പ്രിവിലേജ്ഡ് സ്‌കൂളിലാണ് ബില്‍ ഗേറ്റ്‌സ് പഠിച്ചത്. അവന്‍ തന്റെ പിതാവിന്റെ പാത പിന്തുടര്‍ന്ന് ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ പോകുമെന്ന് അവന്റെ മാതാപിതാക്കള്‍ പ്രതീക്ഷിച്ചു. പക്ഷേ വ്യാകരണം, പൗരശാസ്ത്രം, നിസ്സാരമെന്ന് കരുതിയ മറ്റ് വിഷയങ്ങള്‍ എന്നിവയില്‍ ഗേറ്റ്‌സ് മികവ് പുലര്‍ത്തിയില്ല. ഏഴാം ക്ലാസില്‍ അദ്ദേഹം ഗണിതത്തില്‍ താല്‍പ്പര്യപ്പെടുകയും പ്രൊഫസറാകാന്‍ സ്വപ്നം കാണുകയും ചെയ്തു.
ആദ്യം സോഫ്‌റ്റ്വെയര്‍ നിര്‍മ്മാണം
1968-ല്‍, ബില്ലും അദ്ദേഹത്തിന്റെ ഹൈസ്‌കൂള്‍ സുഹൃത്ത് പോള്‍ അലനും മിഡില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍, ജനറല്‍ ഇലക്ട്രിക്കില്‍ നിന്ന് കമ്പ്യൂട്ടര്‍ ചെയ്യുന്നതിനുള്ള സമയം വാങ്ങാന്‍ തീരുമാനിച്ചു. അത് ബില്ലിന്റെ ജീവിതം മാറ്റിമറിച്ചു. അവനും അലനും ചേര്‍ന്ന് ലഭ്യമായ എല്ലാ കമ്പ്യൂട്ടര്‍ സാഹിത്യങ്ങളും പഠിക്കാന്‍ ക്ലാസുകള്‍ പോലും ഒഴിവാക്കി. കൗമാരപ്രായത്തില്‍, ഒരു പൊതു ഇലക്ട്രിക് കമ്പ്യൂട്ടറില്‍ അദ്ദേഹം തന്റെ ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതി. അദ്ദേഹത്തിന്റെ കോഡിംഗിലെ കഴിവ് മനസിലാക്കിയ സ്‌കൂള്‍ അധികൃതര്‍, താമസിയാതെ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളെ ഷെഡ്യൂള്‍ ചെയ്യാന്‍ സഹായിക്കുന്ന ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതാന്‍ അദ്ദേഹത്തെ നിയമിച്ചു. ആ ദൗത്യം അദ്ദേഹം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. ഗേറ്റ്‌സ് പിന്നീട് യൂണിവേഴ്‌സിറ്റിയില്‍ ഉന്നതവിദ്യാഭ്യാസത്തിനായി ചേര്‍ന്നെങ്കിലും പാതിവഴിയില്‍ പഠനം അവസാനിപ്പിക്കുകയായിരുന്നു.
മൈക്രോസോഫ്റ്റിന്റെ തലവന്‍
പോള്‍ അലനുമൊത്ത് 1975 ലാണ് ബില്‍ ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നത്. 1970 കളിലും 1980 കളിലും മൈക്രോകമ്പ്യൂട്ടര്‍ വിപ്ലവത്തിന്റെ മികച്ച പയനിയര്‍മാരില്‍ ഒരാളായി അദ്ദേഹം അറിയപ്പെടുന്നു. മൈക്രോസോഫ്റ്റില്‍ 2000 ജനുവരി വരെ സിഇഒ ആയി സേവനമനുഷ്ഠിച്ചെങ്കിലും ചെയര്‍മാനായും ചീഫ് സോഫ്‌റ്റ്വെയര്‍ ആര്‍ക്കിടെക്റ്റായും തുടര്‍ന്നു. 2014 ല്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയുകയും സത്യ നാദല്ലയെ നിയമിക്കുകയും ചെയ്തു. മൈക്രോസോഫ്റ്റിന്റെ ബോര്‍ഡ് അംഗത്വം 2020 മാര്‍ച്ച് പകുതിയോടെ ബില്‍ ഗേറ്റ്‌സ് രാജിവച്ചു. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അതെന്നായിരുന്നു വിശദീകരണം.
സമ്പന്നരുടെ പട്ടികയിലെ സ്ഥിര സാന്നിധ്യം
1987 ലാണ് ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ ബില്‍ ഗേറ്റ്‌സ് ആദ്യമായി ഉള്‍പ്പെട്ടത്. 1995 മുതല്‍ 2017 വരെ അദ്ദേഹം ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി അറിയപ്പെട്ടു. ഇന്ന് ലോകത്തിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയായി ബില്‍ ഗേറ്റ്‌സ് തുടരുന്നു. ഫോബ്സ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 2021 ല്‍ നാലാം സ്ഥാനത്തായിരുന്നു. 2021 ലെ കണക്കനുസരിച്ച് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി 131 ബില്യണ്‍ ഡോളറാണ്.
27 വര്‍ഷത്തെ ദാമ്പത്യത്തിന് അവസാനം
1987 ല്‍ മൈക്രോസോഫ്റ്റില്‍ പ്രൊഡക്ട് ഡിസൈനറായി എത്തിയ മെലിന്‍ഡയെയാണ് 1994 ല്‍ ബില്‍ ഗേറ്റ്‌സ് ജീവിതസഖിയാക്കിയത്. മൂന്നു മക്കളും ഇവര്‍ക്കുണ്ട്. പക്ഷേ 2021 മേയില്‍ 27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് അവസാനം കുറിച്ചുകൊണ്ട് 65 കാരനായ ബില്‍ ഗേറ്റ്‌സും 56 കാരിയായ മെലിന്‍ഡയും വേര്‍പിരിഞ്ഞു. ‘ഒരുപാട് ആലോചനകള്‍ക്കുശേഷമെടുത്ത തീരുമാനമാണ്. ദമ്പതികളെന്ന നിലയില്‍ ഒരുമിച്ചുപോകാന്‍ കഴിയാത്തതിനാലാണ് പിരിയുന്നത്’. വിവാഹമോചനത്തിന്റെ കാരണമായി ഇരുവരും ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.
ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍
ബില്‍ ഗേറ്റ്‌സിന്റേയും മെലിന്‍ഡയുടേയും നേതൃത്വത്തില്‍ സന്നദ്ധ ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ദാരിദ്രനിര്‍മാര്‍ജനം, വൈദ്യസഹായം എന്നീ മേഖലകളിലാണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍. 2020 ല്‍ കൊറോണവൈറസ് ചികിത്സയ്ക്കും വാക്‌സിനുകള്‍ക്കുമായി വന്‍ തുക ഫൗണ്ടേഷന്‍ സംഭാവനയായി നല്‍കിയിരുന്നു.
ബില്‍ ഗേറ്റ്‌സിനെ കരയിച്ച ആ കഥ
പത്ത് വര്‍ഷത്തോളം ഗേറ്റ്സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അശോക് അലക്‌സാണ്ടറാണ് ‘എ സ്ട്രെയ്ഞ്ചര്‍ ട്രൂത്ത്: ലെസണ്‍സ് ഇന്‍ ലവ്, ലീഡര്‍ഷിപ്പ് ആന്റ് കറേജ് ഫ്രം ഇന്ത്യാസ് സെക്സ് വര്‍ക്കേഴ്സ്’ എന്ന തന്റെ പുസ്തകത്തിലൂടെ ആ കഥ പറഞ്ഞത്.
ഫൗണ്ടേഷന്റെ പരിപാടികളുടെ ഭാഗമായാണ് മൈക്രോസോഫ്റ്റ് സ്ഥാപകനും പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡയും ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് നിരവധി ലൈംഗികത്തൊഴിലാളികളുമായി ഇവര്‍ സംസാരിച്ചു. ഈ കൂടിക്കാഴ്ചയ്ക്കിടെ നടന്ന സംഭവമാണ് അശോക് തന്റെ പുസ്തകത്തിലൂടെ വിശദീകരിക്കുന്നത്.
‘ലൈംഗികത്തൊഴിലാളികളായ സ്ത്രീകള്‍ നിരന്നിരിക്കുന്ന തറയില്‍ അവര്‍ രണ്ടുപേരും കാലുകള്‍ പിണച്ചുവച്ച് ഇരുന്നു. ഓരോ സ്ത്രീകളും തങ്ങളുടെ കഥകള്‍ അവരോട് വിശദീകരിച്ചു. ദുരിതങ്ങളുടെയും മാറ്റിനിര്‍ത്തലുകളുടെയും ദാരിദ്ര്യത്തിന്റെയും കഥകളായിരുന്നു ഏറെയും… ചിലതില്‍ മാത്രം പ്രതീക്ഷകളുടെ നേരിയ തിരി അപ്പോഴും കത്തിയിരുന്നു.’- അശോക് കുറിച്ചു.
ഇതിനിടെ ബില്‍ ഗേറ്റ്സിനോട് തന്റെ ജീവിതത്തെ കുറിച്ച് പറയുകയായിരുന്നു ഒരു സ്ത്രീ. താന്‍ ലൈംഗികത്തൊഴിലാളിയാണെന്ന സത്യം സ്വന്തം മകളില്‍ നിന്ന് മറച്ചുപിടിച്ച ഒരമ്മ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന മകള്‍ ഇക്കാര്യമറിഞ്ഞാല്‍ എന്ത് സംഭവിക്കുമെന്ന് അവര്‍ക്കറിയില്ലായിരുന്നു. എന്നാല്‍ ഒരിക്കല്‍ അവരുടെ ആ ഭയം യാഥാര്‍ത്ഥ്യമാവുക തന്നെ ചെയ്തു. മകള്‍ ആ സത്യം തിരിച്ചറിഞ്ഞു. അവള്‍ മാത്രമല്ല, അവളുടെ സ്‌കൂളിലെ കൂട്ടുകാരും. കൂട്ടുകാരുടെ കുത്തുവാക്കുകളും പരിഹാസവും താങ്ങാനാകാതെ വൈകാതെ അവള്‍ വിഷാദിയായി.
‘ഒരുദിവസം അവര്‍ കണ്ടു, മുറിയിലെ ഫാനില്‍ തൂങ്ങിയാടുന്ന മകളെ. തൊട്ടടുത്ത് നിന്ന് അവളെഴുതിയ കുറിപ്പും കിട്ടി. ഇനിയും ഇത് താങ്ങാനാകില്ലെന്നായിരുന്നു അവളുടെ അവസാനവാചകം. കഥ പറഞ്ഞുതീരുമ്പോള്‍ എന്റെ തൊട്ടടുത്തിരുന്ന് നിശബ്ദനായി തല താഴ്ത്തി കരയുകയായിരുന്നു, ബില്‍… ‘- അശോക് എഴുതി.
ഹോട്ടല്‍ വെയ്റ്റ്‌റസിന് ബില്‍ ഗേറ്റ്‌സ് നല്‍കിയ ‘ടിപ്പ്’
ബില്‍ഗേറ്റ്‌സ് ഒരു റസ്റ്ററന്റില്‍ നിന്ന് ഭക്ഷണം കഴിച്ചതിനുശേഷം അവിടുത്തെ വെയ്റ്റ്‌റസിന് 10 ഡോളര്‍ ടിപ്പ് നല്‍കിയ കഥയുണ്ട്. നിങ്ങളുടെ മകള്‍ ഇവിടെ വന്ന് ഡിന്നര്‍ കഴിച്ചു പോകുമ്പോള്‍ എനിക്ക് 100 ഡോളറാണ് തരുന്നതെന്ന് ബില്‍ ഗേറ്റ്‌സിനോട് പറഞ്ഞ വെയ്റ്റ്‌റസിന് അദ്ദേഹം നല്‍കിയ മറുപടി, അതവള്‍ ബില്‍ ഗേറ്റ്‌സിന്റെ മകളായത് കൊണ്ടാണ് എന്നായിരുന്നു. എന്നാല്‍ ഒരു സാധാരണക്കാരന്റെ മകനായ എനിക്ക് 10 ഡോളറാണ് തരാന്‍ സാധിക്കുക എന്ന രസകരമായ വിശദീകരണമാണ് അദ്ദേഹം നല്‍കിയത്.
ബില്‍ ഗേറ്റ്‌സിന്റെ മികച്ച വാചകങ്ങള്‍
1. നിങ്ങളുടെ ഏറ്റവും അസംതൃപ്തരായ ഉപഭോക്താക്കളാണ് നിങ്ങളുടെ ഏറ്റവും വലിയ പഠന സ്രോതസ്സ്.
2. ഒരു നിശ്ചിത പരിധിക്കപ്പുറം പണത്തിന് ഒരു ഉപയോഗവുമില്ല.
3. ജീവിതം തികച്ചും ന്യായമല്ല, നമ്മള്‍ അത് ശീലിക്കണം. നമ്മള്‍ എത്ര വേഗത്തില്‍ അത് ചെയ്യുന്നുവോ അത്രയും നല്ലത്.
4. ശക്തി വരുന്നത് അറിവില്‍ നിന്നല്ല, മറിച്ച് പങ്കിട്ട അറിവില്‍ നിന്നാണ്.
5. നിങ്ങള്‍ക്ക് ഇത് ശരിയായി ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, കുറഞ്ഞത് അത് മനോഹരമാക്കുക.
ബില്‍ ഗേറ്റ്‌സ് നല്‍കുന്ന മൂന്നു പ്രധാന ഉപദേശങ്ങള്‍
1. പരാജയത്തില്‍ നിന്ന് ഒരു പാഠം പഠിക്കുക
വിജയം ആഘോഷിക്കുന്നത് നല്ലതാണെന്ന് ബില്‍ ഗേറ്റ്‌സ് ഒരിക്കല്‍ പറഞ്ഞു, പക്ഷേ പരാജയങ്ങളുടെ പാഠങ്ങള്‍ ശ്രദ്ധിക്കുന്നത് കൂടുതല്‍ പ്രധാനമാണ്. നിങ്ങള്‍ നേട്ടങ്ങളും നഷ്ടങ്ങളും നേരിടേണ്ടിവരുമെന്ന് മനസ്സിലാക്കണം. നിങ്ങള്‍ക്ക് ലാഭം നേടാം അല്ലെങ്കില്‍ പണം നഷ്ടപ്പെടാം. ശോഭനമായ ഭാവിയില്‍ നിന്ന് പിന്തിരിയുന്നതിനേക്കാള്‍ നിങ്ങളുടെ തെറ്റുകളില്‍ നിന്ന് പഠിക്കുക എന്നതാണ് മികച്ചതാകാനുള്ള ഏക മാര്‍ഗം. പരാജയത്താല്‍ തരംതാഴ്ത്തപ്പെടരുത്, പകരം അതില്‍ നിന്ന് പഠിക്കുക.
2. സമ്പത്ത് വളര്‍ത്തുക
പലരും ധനിക കുടുംബങ്ങളില്‍ ജനിക്കുന്നുവെന്നത് ഒരു വസ്തുതയാണ്. എന്നിരുന്നാലും, പലരും ധനികരായി ജനിക്കുന്നില്ല എന്നതും ശരിയാണ്. ബില്‍ ഗേറ്റ്‌സ് ഒരിക്കല്‍ പറഞ്ഞു – നിങ്ങള്‍ ജനിച്ചത് ദരിദ്രനായാണെങ്കില്‍, അത് നിങ്ങളുടെ തെറ്റല്ല, പക്ഷേ നിങ്ങള്‍ ദരിദ്രനായി മരിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ തെറ്റാണ്.
3. റിസ്‌ക് എടുക്കുക
ബില്‍ ഗേറ്റ്‌സ് എല്ലായ്‌പ്പോഴും റിസ്‌ക് എടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. വലിയ വിജയം നേടാന്‍ നിങ്ങള്‍ ചിലപ്പോള്‍ വലിയ റിസ്‌ക്കുകള്‍ എടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. പണം നഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ പണം സമ്പാദിക്കാന്‍ മാത്രമേ ഇത് നിങ്ങളെ സഹായിക്കൂ.