Friday, April 4, 2025

റഷ്യന്‍ ബോംബാക്രമണത്തെ അതിജീവിച്ച് ലോകത്തിലേയ്‌ക്കെത്തിയ വെറോണിക്ക എന്ന കുഞ്ഞുമാലാഖ

പ്രസവത്തിനായി നിശ്ചയിച്ചിരുന്നതിന്റെ തലേദിവസം വൈകിട്ടാണ് റഷ്യന്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് യുക്രൈനിലെ മരിയുപോള്‍ സ്വദേശിയ മരിയാന വിഷെഗിര്‍സ്‌കായ എന്ന ഗര്‍ഭിണിയായ യുവതിയ്ക്ക് നിറവയറുമായി അവള്‍ കഴിഞ്ഞിരുന്ന ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപെടേണ്ടതായി വന്നത്.

വ്യോമാക്രമണത്തെ തുടര്‍ന്ന് തകര്‍ന്ന ആശുപത്രിയുടെ അവശിഷ്ടങ്ങള്‍ നിറഞ്ഞ പടികളിലൂടെ, ഒരു ക്യാരി ബാഗില്‍ അവശ്യം വേണ്ട സാധനങ്ങളും വാരിക്കൂട്ടി, ഓടിയിറങ്ങുമ്പോള്‍ അവളുടെ നെറ്റിയിലും കവിളിലും നിന്ന് രക്തം ഒഴുകിയിറങ്ങിയിരുന്നു. ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ആ ഭീകര കാഴ്ച ലോകം മുഴുവന്‍ വേദനയോടെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. യുക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം ഭീകരവും ദയനീയമായ പുതിയ തലത്തിലേക്ക് ഉയര്‍ന്നപ്പോഴാണ് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയ്ക്കു നേരെയും ആക്രമണം ഉണ്ടായത്. അത് ലോകത്തെ ഒന്നാകെ ഞെട്ടിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് അന്നത്തെ ആ ഞെട്ടലിന് ചെറിയ അയവു വരുത്തുന്നതരത്തിലുള്ള ഒരു സന്തോഷ വാര്‍ത്തയാണ്. ബോംബാക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട വിഷഗിര്‍സ്‌കായയും വേറൊരു സ്ത്രീയും മറ്റൊരു ആശുപത്രിയില്‍ വച്ച് പ്രസവിച്ചു.

എന്നാല്‍ റഷ്യന്‍ എംബസി തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വാദിക്കുന്നത് വിഷഗിര്‍സ്‌കായ റഷ്യന്‍ ആക്രമണത്തിന്റെ ഇരയല്ലെന്നും അവര്‍ ഗര്‍ഭിണികളുടെ വേഷം ചെയ്യുന്ന ഒരു ബ്യൂട്ടി ബ്ലോഗറും മോഡലും നടിയുമാണെന്നാണ്. വിഷെഗിര്‍സ്‌കായയുടെ ഒരു ഫോട്ടോയില്‍ ഫേക്ക് എന്ന് എഴുതിയും അവര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

എന്നാല്‍ ആക്രമണ ദൃശ്യങ്ങള്‍ വീഡിയോയിലും ഫോട്ടോകളിലും രേഖപ്പെടുത്തിയ ന്യൂസ് റിപ്പോര്‍ട്ടര്‍മാര്‍ തെളിവുകള്‍ പുറത്തുവിട്ടതോടെ ട്വിറ്റര്‍ തന്നെ റഷ്യന്‍ എംബസിയുടെ പോസ്റ്റ് നീക്കം ചെയ്തു. റഷ്യന്‍ എംബസിയുടെ ട്വീറ്റുകള്‍ ട്വിറ്ററിന്റെ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അത്.

ബോംബ് സ്ഫോടനത്തിന് ശേഷം, നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് വിഷെഗിര്‍സ്‌കായയെ കൊണ്ടുപോവുകയായിരുന്നു. ഒരാഴ്ചയിലേറെയായി ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ മുടങ്ങി കിടന്നിരുന്ന ആ നഗരത്തില്‍ വച്ച് തൊട്ടടുത്ത ദിവസം സിസേറിയന്‍ വഴിയാണ് ഒരു പെണ്‍കുഞ്ഞിന് വിഷെഗിര്‍സ്‌കായ ജന്മം നല്‍കിയത്. ഭര്‍ത്താവ് യൂറിയും അവളുടെ ഒപ്പം ഉണ്ടായിരുന്നു. ചുറ്റുമുള്ള ഭീകരതയില്‍ നിന്ന് രക്ഷപെടാനെന്നപോലെ വെറോണിക്ക എന്ന് മാതാപിതാക്കള്‍ പേരിട്ട ആ മാലാഖക്കുഞ്ഞ് അമ്മയുടെ അരികില്‍, കരുതലിന്റെ ചൂടുപറ്റി മയങ്ങുകയാണ്.

 

Latest News