Saturday, November 23, 2024

ഉറങ്ങാത്ത മൃഗങ്ങൾ

അമ്പരപ്പിക്കുന്ന ഒരു പ്രതിഭാസമാണ് ഉറക്കം. കുറച്ചു സമയത്തേക്കെങ്കിലും ഒരു നിഷ്ക്രിയാവസ്ഥയിലേക്കു മാറുന്നത് മനുഷ്യനടക്കമുള്ള മിക്ക ജീവജാലങ്ങൾക്കും പ്രയോജനകരവുമാണ്. എന്നാൽ, ഉറങ്ങാത്ത മൃഗങ്ങളോ? വിശ്വസിക്കാൻ പ്രയാസമായി തോന്നിയേക്കാം. സങ്കീർണ്ണമായതെങ്കിലും ഗവേഷകർ അത്തരം മൃഗങ്ങളെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ഡോൾഫിൻ

ഈ സമുദ്ര സസ്തനിക്ക് ഉറങ്ങേണ്ട ആവശ്യമില്ല. നവജാത ഡോൾഫിനുകൾ (Tursiops truncates) അവരുടെ ജനനത്തിന്റെ ആദ്യ മാസം ഉറങ്ങുന്നതേയില്ല. ഇതിനുള്ള കാരണം ലളിതമാണ്. ഓരോ മൂന്നു മുതൽ 30 സെക്കൻഡിലും അവയ്ക്ക് വായു ആവശ്യമാണ്. അതുകൊണ്ടുതന്നെ ആ സമയത്തിനിടെയുള്ള ഉറക്കം വളരെ കഷ്ടമാണ്. എങ്കിലും ഇതിനിടയിൽ അൽപസമയത്തേക്ക് കണ്ണടയ്ക്കാൻ ശ്രമിക്കുന്നത് ‘മൈക്രോ-നാപ്പ്’ എന്ന പദത്തെ ഒരു പുതിയ തലത്തിലേക്കു കൊണ്ടുപോകും. എന്നാൽ, ഉണർന്നിരിക്കുന്ന നീണ്ട കാലയളവിൽ, അവരുടെ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനും ജാഗ്രത പുലർത്താനും സമയം ചിലവഴിക്കും.

പക്വത പ്രാപിച്ച ഡോൾഫിനുകൾ ഒരിക്കൽപ്പോലും വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ ഉറങ്ങുന്നില്ല. അക്ഷരാർഥത്തിൽ അവ ഒരു കണ്ണ് തുറന്നാണ്  ഉറങ്ങുന്നത്. ഈ പ്രക്രിയയെ യൂണിഹെമിസ്ഫെറിക് സ്ലീപ്പ് എന്നു വിളിക്കുന്നു. ബോധപൂർവം ശ്വസനം ക്രമീകരിക്കേണ്ടതിനാൽ ഡോൾഫിന്റെ തലച്ചോറിന്റെ ഒരു പകുതി എപ്പോഴും ഉണർന്നിരിക്കും, മറ്റേ പകുതി വിശ്രമിക്കും.

ഈ മൃഗങ്ങൾക്ക് എങ്ങനെ ഇതുപോലെ പ്രവർത്തിക്കാൻ കഴിയുന്നു എന്നത് ശരിക്കും അമ്പരപ്പിക്കുന്ന കാര്യമാണ്. ഇതിനെക്കുറിച്ച് ശാസ്ത്രജ്ഞർ ഇന്നും പഠിച്ചുകൊണ്ടിരിക്കുന്നു.

ഗ്രേറ്റ് ഫ്രിഗേറ്റ് ബേർഡ്

ഡോൾഫിനുകളെപ്പോലെ പകുതി ഉറങ്ങാൻ കഴിവുള്ള മറ്റൊരു ഇനമാണ് ഗ്രേറ്റ് ഫ്രിഗേറ്റ് ബേർഡ്. ഡോൾഫിനുകളിൽനിന്നു വ്യത്യസ്തമായി ഗ്രേറ്റ് ഫ്രിഗേറ്റ് പക്ഷികൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഈ തന്ത്രം ഉപയോഗിക്കാനാകും. ഇവയുടെ മസ്തിഷ്കപ്രവർത്തനം അളക്കുന്ന ചെറിയ ഉപകരണങ്ങൾ കണ്ടെത്താൻ ഗവേഷകർക്കു സാധിച്ചിട്ടുണ്ട്. ദീർഘദൂര-സമുദ്രാന്തര പറക്കലുകൾ നടത്തുമ്പോൾ, ഈ പക്ഷികൾ അവരുടെ തലച്ചോറിന്റെ പകുതിയിൽ മാത്രം, അതായത് ശരാശരി 42 മിനിറ്റ് മാത്രമേ ഉറങ്ങുന്നുള്ളൂവെന്നും കണ്ടെത്തിയിട്ടുണ്ട്.

ഫ്രൂട്ട് ഈച്ച

വേനൽക്കാലത്ത് ഇവയുടെ ശല്യം കൂടുതലാകുമ്പോൾ മാത്രമേ ഈ കീടങ്ങളെക്കുറിച്ച് നാം ചിന്തിക്കാറുള്ളൂ. മുകളിൽ പറഞ്ഞിരിക്കുന്നവയിൽ ഉറക്കത്തിന്റെ ആവശ്യകത ഒഴിവാക്കാനുള്ള അതേ കഴിവ് ഇവയും പങ്കിടുന്നു. ഈ വർഗത്തിലെ ചില പ്രാണികൾ വളരെ കുറച്ചു സമയത്തേക്ക് ഉറങ്ങുന്നു. ഉദാഹരണത്തിന്, ചെറിയ ശതമാനം പെൺ ഈച്ചകൾ (ഡ്രോസോഫില മെലനോഗാസ്റ്റർ) പ്രതിദിനം ശരാശരി 72 മിനിറ്റ് ഉറങ്ങുന്നതായി കണ്ടെത്തി. എന്നാൽ, ഈ ഗണത്തിലുള്ളവയിൽ ഒരു ദിവസം നാലു മിനിറ്റ് മാത്രം ഉറങ്ങുന്ന ഈച്ചകളുമുണ്ട്.

ജെല്ലി ഫിഷ്

ആധുനികശാസ്ത്രത്തിന് ജെല്ലി ഫിഷിനെപ്പറ്റി പഠിക്കാൻ കഴിഞ്ഞതുമുതൽ, അവയ്ക്ക് ഉറങ്ങാൻ കഴിയുമോ, ഇല്ലയോ എന്നതിനെക്കുറിച്ച് വിദഗ്ദ്ധർക്കിടയിൽ കടുത്ത ചർച്ചകൾ നടന്നിട്ടുണ്ട്. ഈ മൃഗങ്ങൾക്ക് കേന്ദ്രീകൃതമസ്തിഷ്കം ഇല്ലാത്തതിനാൽ വിവിധയിനം ജെല്ലി ഫിഷുകൾക്ക് യഥാർഥത്തിൽ ഉറങ്ങാൻ കഴിയില്ലെന്ന് വളരെക്കാലമായി അനുമാനിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ജെല്ലി ഫിഷുകൾ  രാത്രിയിൽ ‘ഉറക്കം പോലെയുള്ള’ അവസ്ഥയിൽ പ്രവേശിക്കുന്നതായി കണക്കാക്കുന്നു. അവരുടെ സ്പന്ദനങ്ങളും അടിസ്ഥാന ഉത്തേജകങ്ങളോടുള്ള പ്രതികരണവും വളരെക്കാലത്തേക്ക് ശ്രദ്ധേയമായി കുറഞ്ഞു. ഇത് ഉറക്കത്തിന്റെ വകഭേദമായി കണക്കാക്കുന്നു. മനുഷ്യരെയും മറ്റു സസ്തനികളെയുംപോലെ, ആഴമായ മയക്കത്തിലേക്ക് അവ തീർച്ചയായും പ്രവേശിക്കില്ല. എന്നാൽ, ചില തരത്തിലുള്ള മാനസികവും ശാരീരികവുമായ ഒരു റീചാർജ് ഇവയിൽ സംഭവിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.

ബുൾ ഫ്രോഗ്

ബുൾ ഫ്രോഗ് എന്ന തവളവർഗം (ലിത്തോബേറ്റ്‌സ് കാറ്റസ്‌ബിയാനസ്) എല്ലായ്‌പ്പോഴും സമാനമായ രീതിയിൽ ഉത്തേജകങ്ങളോടു പ്രതികരിച്ചതിനാൽ ഉറങ്ങുന്നില്ലെന്ന് ഒരു പരീക്ഷണം കാണിക്കുന്നു. പൂർണ്ണമായ മയക്കത്തിലേക്ക് ഒരിക്കലും വീഴില്ലെങ്കിലും ഇടയ്ക്കിടെയുള്ള വിശ്രമനിമിഷങ്ങൾ അവർക്കുണ്ട്. എന്തുതന്നെയായാലും, ഈ നിരീക്ഷണങ്ങൾ ഇപ്പോഴും അവരുടെ സജീവമാസങ്ങളെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. എങ്കിലും ബുൾ ഫ്രോഗുകൾ അവരുടെ ഹൈബർനേഷൻ സീസണിൽ നന്നായി ഉറങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News