1945 ഓഗസ്റ്റ് 6 ന് 08:15 ആയിരുന്നു ഹിരോഷിമയില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് അണുബോംബ് വര്‍ഷിച്ചത്. അന്നാണ് ഒരു യുദ്ധത്തില്‍ ആദ്യമായി ആണവായുധം ഉപയോഗിക്കുന്നതും. ജര്‍മ്മനി യൂറോപ്പില്‍ കീഴടങ്ങുമ്പോള്‍, രണ്ടാം ലോകമഹായുദ്ധത്തില്‍ പോരാടുന്ന സഖ്യശക്തികള്‍ ജപ്പാനുമായി യുദ്ധത്തിലായിരുന്നു. ഹിരോഷിമയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഭൂരിഭാഗവും ബോംബ് സ്ഫോടന സമയത്ത് കുട്ടികളായിരുന്നു. ഹിബാകുഷ എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ‘ബോംബ് ബാധിത-ആളുകള്‍’ ഉള്ളയിടമാണ്. അന്നത്തെ ആ ആക്രമണത്തെ അതിജീവിച്ചവര്‍ക്ക്, ഹിബാകുഷ എന്നറിയപ്പെടുന്നവര്‍ക്ക്, ഓരോരുത്തര്‍ക്കും പറയാന്‍ ഏറെയുണ്ടെങ്കിലും എല്ലാവരും പറഞ്ഞു നിര്‍ത്തുന്നത്, ഇങ്ങനെയാണ്, ‘ഇനിയും ആ നരകം ആവര്‍ത്തിക്കപ്പെടരുത്’.
ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകള്‍ വര്‍ഷിച്ചിട്ട് ഏകദേശം 80 വര്‍ഷമായി. ആ ദുരന്തത്തെ അതിജീവിച്ച ഇരകള്‍ക്കും അതിനോടടുത്ത പ്രായമായി. പലരും പലവിധ ആരോഗ്യപ്രശ്‌നങ്ങളോടെയാണ് ഇക്കാലമത്രയും ജീവിച്ചത്. പലര്‍ക്കും ഉറ്റവരെ നഷ്ടപ്പെട്ടിരുന്നു. ആണവാക്രമണം കാരണം വിവേചനവും അനുഭവിച്ചു, പ്രത്യേകിച്ചും ഒരു പങ്കാളിയെ കണ്ടെത്തുന്ന കാര്യത്തില്‍. ഇപ്പോള്‍, അവര്‍ അവരുടെ അനുഭവങ്ങള്‍ യുവതലമുറയുമായി പങ്കിടുന്നു, ഭൂതകാലത്തെ ഡോക്യുമെന്റ് ചെയ്യുന്നു, കാരണം തങ്ങളുടെ കാലശേഷം ഇത് ഭാവിയിലേക്കുള്ള ഒരു മുന്നറിയിപ്പായി പ്രവര്‍ത്തിക്കുമല്ലോ എന്ന് അവര്‍ കരുതുന്നു.
പക്ഷേ ഇപ്പോഴും ആഗോള സംഘര്‍ഷങ്ങള്‍ രൂക്ഷമായി തുടരുന്നു എന്നത് അവരെ സംബന്ധിച്ച് വേദനയും ഭയവും ഉളവാക്കുന്ന കാര്യമാണ്. കാരണം ഒരു ആണവ യുദ്ധത്തിന്റെ അപകടം എത്രത്തോളമെന്നത് അവര്‍ക്കറിയാം.
ഇന്ന് ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങളെക്കുറിച്ച്, പ്രത്യേകിച്ച്, ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം, ഇസ്രായേല്‍-ഗാസ യുദ്ധം എന്നിവയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ശരീരം വിറയ്ക്കുകയും കണ്ണുനീര്‍ ഒഴുകുകയും ചെയ്യുന്നതായി 86-കാരിയായ മിച്ചിക്കോ കൊദാമ പറയുന്നു. ഹിരോഷിമയില്‍ ബോംബ് വര്‍ഷിക്കുമ്പോള്‍ മിച്ചിക്കോ സ്‌കൂളില്‍ ആയിരുന്നു – ഏഴ് വയസ്സ്.
‘അണുബോംബിംഗ് കൊണ്ട് ഒരു നരകം പുനഃസൃഷ്ടിക്കാന്‍ നാം അനുവദിക്കരുത്. കാരണം ഞങ്ങള്‍ ഒരു പ്രതിസന്ധി അനുഭവിച്ചതാണ്, ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്’. അവര്‍ കൂട്ടിച്ചേര്‍ത്തു.
ആണവ നിരായുധീകരണത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്ന ഒരു പ്രചാരക കൂടിയാണ് മിച്ചിക്കോ. മരിച്ചവരുടെ ശബ്ദമാവാനും പുതുതലമുറയ്ക്ക് ഞങ്ങളുടെ അനുഭവത്തിലൂടെ സാക്ഷ്യം നല്‍കാനുമാണ് ഈ പ്രായത്തിലും താന്‍ മുന്നിട്ടിറങ്ങുന്നതെന്നും അവര്‍ പറയുന്നു. കാരണം ബോംബിംഗ് അനുഭവിച്ച ഹിബകുഷയുടെ നേരിട്ടുള്ള വിവരണങ്ങള്‍ ചെറുപ്പക്കാര്‍ കേള്‍ക്കേണ്ടത് പ്രധാനമാണെന്ന് താന്‍ കരുതുന്നതായി അവര്‍ വ്യക്തമാക്കി.
‘അന്ന് എന്റെ ക്ലാസ് മുറിയുടെ ജനാലകള്‍ക്കിടയിലൂടെ തീവ്രമായ ഒരു പ്രകാശം ഞങ്ങളുടെ നേരെ പാഞ്ഞുകൊണ്ടിരുന്നു. ക്ലാസ് മുറിയിലുടനീളം ജനാലകള്‍ തകരുകയും പിളരുകയും ചെയ്തു. എല്ലായിടത്തും അവശിഷ്ടങ്ങള്‍ നിറഞ്ഞു. ചുവരുകള്‍, മേശ, കസേരകള്‍ എന്നിവയെല്ലാം തകര്‍ന്ന് തരിപ്പണമായി. ഞാന്‍ ഒരു മേശയ്ക്കടിയിലായി. കഷ്ടിച്ച് ജീവന്‍ തിരിച്ചുകിട്ടി. സ്‌ഫോടനശേഷം ചുറ്റിലും നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. എല്ലായിടത്തും കുട്ടികളുടെ കൈകളും കാലുകളും കുടുങ്ങി കിടക്കുന്നതാണ് കണ്ടത്. കറുത്ത മഴ പോലെ എന്തോ ആകാശത്തു നിന്ന് വീണു. സ്‌ഫോടനത്തില്‍ നിന്നുള്ള റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുടെയും അവശിഷ്ടങ്ങളുടെയും മിശ്രിതമായിരുന്നു അത്. നരകത്തില്‍ നിന്നുള്ള ഒരു രംഗം പോലെയാണ് അത് തോന്നിയത്. വസ്ത്രങ്ങളും ശരീരവും ഉരുകുന്നതിന്റെയും കത്തുന്നതിന്റെയും മണം പ്രദേശത്താകെ നിറഞ്ഞു. സാരമായി പൊള്ളലേറ്റ ഒരു പെണ്‍കുട്ടി ദയനീയമായി എന്നെ നോക്കിയതിന്റെ ഓര്‍മ്മ 78 വര്‍ഷം പിന്നിട്ടിട്ടും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.
1945 അവസാനത്തോടെ ഹിരോഷിമയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഏകദേശം 1,40,000 ആണെന്ന് കണക്കാക്കുന്നു. മൂന്ന് ദിവസത്തിന് ശേഷം അമേരിക്ക ബോംബെറിഞ്ഞ നാഗസാക്കിയില്‍ കുറഞ്ഞത് 74,000 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനം നടന്ന് ആഴ്ചകളും മാസങ്ങളും കഴിഞ്ഞപ്പോള്‍ രണ്ട് നഗരങ്ങളിലെയും നിരവധി ആളുകള്‍ റേഡിയേഷന്‍ വിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങി – രക്താര്‍ബുദത്തിന്റെയും ക്യാന്‍സറിന്റെയും അളവ് വര്‍ദ്ധിച്ചു. ജീവിതത്തില്‍ പലവിധ വെല്ലുവിളികളും അവര്‍ നേരിട്ടു. പക്ഷേ അതെല്ലാം അവര്‍ അതിജീവിച്ചു. അതുകൊണ്ടുതന്നെ ഈ തലമുറയിലേയും വരും തലമുറയിലേയും മനുഷ്യരാശിയെ രക്ഷിക്കാന്‍ തങ്ങളുടെ അനുഭവങ്ങള്‍ തുറന്നു സംസാരിക്കേണ്ടത് കടമയാണെന്ന് മനസിലാക്കി, കിട്ടുന്ന വേദികളിലെല്ലാം അവര്‍ ഇതേക്കുറിച്ച് സംസാരിക്കുന്നു, സാക്ഷ്യം നല്‍കുന്നു, ‘ഇനി ഒരു നരകം ഈ ഭൂമിയില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ’ എന്ന് ഉറക്കെ പറയുന്നു.