തെക്കൻ ലെബനനിൽ ഇസ്രായേൽ സൈന്യവും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നതിനിടെ ക്രൈസ്തവ ദേവാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും വ്യാപകമായി നശിപ്പിക്കപ്പെടുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ‘സാൽവേറ്റോറിയൻ സിസ്റ്റേഴ്സിൻ്റെ’ ഉടമസ്ഥതയിലുള്ള ഒരു കോൺവെന്റും പഴയ സ്കൂളും ഇസ്രായേൽ സൈന്യം തകർത്തു.
2024-ൽ ലെബനന്റെ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടംപിടിച്ച യാറൂണിലെയും (Yaroun) ഡെർഡ്ഗായയിലെയും (Derdghaya) മെൽക്കൈറ്റ് പള്ളികൾ ആക്രമണത്തിൽ തകർക്കപ്പെട്ടു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ക്രൈസ്തവ കേന്ദ്രങ്ങൾ തുടർച്ചയായി ലക്ഷ്യം വയ്ക്കപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. “പള്ളികളും സ്‌കൂളുകളും വീടുകളും വെറും കല്ലുകളല്ല; ഇത്തരം സ്ഥലങ്ങളെ ആക്രമിക്കുന്നത് മനുഷ്യന്റെ അന്തസ്സിന് നേരെത്തന്നെയുള്ള പ്രഹരമാണ്” എന്ന് ലെബനനിലെ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ ബിഷപ്പുമാരുടെ കൗൺസിൽ അടുത്തിടെ മുന്നറിയിപ്പ് നൽകി.
സാധാരണ ജനങ്ങളെയും അവരുടെ സ്വത്തുക്കളെയും മതസ്ഥാപനങ്ങളെയും സംരക്ഷിക്കണമെന്ന് കൗൺസിൽ ലെബനൻ സർക്കാരിനോടും ഐക്യരാഷ്ട്രസഭയോടും അന്താരാഷ്ട്ര സമൂഹത്തോടും ആവശ്യപ്പെട്ടു. ഈ ഗ്രാമങ്ങൾ ആരും അറിയാതെ വിസ്മൃതിയിലേക്ക് തള്ളപ്പെടാതിരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും കൗൺസിൽ കൂട്ടിച്ചേർത്തു.

