പതിറ്റാണ്ടുകളായി തുടരുന്ന അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമൊടുവിൽ പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂച് പ്രതിനിധി മിർ യാർ ബലൂച്. പ്രദേശത്ത് നടക്കുന്ന സൈനിക അക്രമങ്ങൾക്കും ബലപ്രയോഗത്തിലൂടെയുള്ള ആളെക്കാണാതാകലിനും എതിരെ ബലൂച് ജനത തെരുവിലിറങ്ങിയിരിക്കുകയാണെന്നും, ലോകം ഇനി നിശബ്ദരായിരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
“പാക്കിസ്ഥാൻ അധിനിവേശ ബലൂചിസ്താനിലെ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുകയാണ്. ‘ബലൂചിസ്താൻ പാക്കിസ്ഥാനല്ല’ എന്നതാണ് ബലൂച് ജനതയുടെ ഏകകണ്ഠമായ തീരുമാനം. ലോകത്തിന് ഇനി ഇവിടുത്തെ സംഭവങ്ങളിൽ നിശബ്ദ കാഴ്ചക്കാരായി നിൽക്കാനാകില്ല,” എന്ന് മിർ യാർ ബലൂച് കുറിച്ചു.
ഇന്ത്യൻ ജനതയോടും, മാധ്യമങ്ങളോടും, ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാരോടും പ്രത്യേക അഭ്യർത്ഥനയും അദ്ദേഹം നടത്തി. ബലൂചികളെ “പാക്കിസ്ഥാന്റെ സ്വന്തം ജനങ്ങൾ” എന്ന് വിശേഷിപ്പിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാക്കിസ്ഥാൻ അധിനിവേശ കാശ്മീർ ഒഴിയണമെന്ന ഇന്ത്യയുടെ നിലപാടിന് ബലൂചിസ്താൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. പാക്കിസ്ഥാൻ ഉടൻ തന്നെ അധിനിവേശ കാശ്മീരിൽ നിന്ന് പിന്മാറാൻ അന്താരാഷ്ട്ര സമൂഹം സമ്മർദ്ദം ചെലുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശ ശക്തികളുടെ സഹായത്തോടെ പാക്കിസ്ഥാൻ ബലൂചിസ്താനെ ബലമായി കൂട്ടിച്ചേർക്കുകയായിരുന്നുവെന്ന് മിർ യാർ ബലൂച് ആരോപിച്ചു. പ്രദേശത്ത് നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ, വ്യാജ ഏറ്റുമുട്ടലുകൾ, അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തൽ എന്നിവക്കെതിരെ ആഗോള സമൂഹവും ഇന്ത്യയും ശക്തമായി ഇടപെടണമെന്നും സ്വാതന്ത്ര്യ പ്രഖ്യാപനത്തെ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

