റഷ്യന്‍ നഗരമായ ബെല്‍ഗൊറോഡില്‍ യുക്രെയ്ന്‍ മൂന്ന് മിസൈലുകള്‍ വിക്ഷേപിച്ചതായി റഷ്യ ആരോപിക്കുന്നു. യുക്രേനിയന്‍ അധികൃതര്‍ പക്ഷേ ഇത് നിഷേധിച്ചു.
വാസ്തവത്തില്‍, ബെല്‍ഗൊറോഡിലെയും യുക്രേനിയന്‍ അതിര്‍ത്തിക്കടുത്തുള്ള മറ്റ് റഷ്യന്‍ പ്രദേശങ്ങളിലെയും സുരക്ഷാ സാഹചര്യം അധിനിവേശത്തിനുശേഷം വളരെ വഷളായിരിക്കുകയാണ്.
ബെല്‍ഗൊറോഡിലെ അഞ്ചാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ ആക്രമണത്തില്‍ നിന്നുള്ള രക്ഷപ്പെടലിനെക്കുറിച്ച് ലിഡിയ എന്ന് റഷ്യന്‍ യുവതി പറഞ്ഞതിങ്ങനെയാണ്…
‘ഞായറാഴ്ച രാവിലെ പത്തുമണിക്ക് വലിയ മിന്നലും ഉച്ചത്തിലുള്ള സ്‌ഫോടനവും കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. പെട്ടെന്ന് ഞാന്‍ എന്റെ ബാല്‍ക്കണിയിലേക്ക് ഓടി. ഒരു ഭീമാകാരമായ തീജ്വാല കെട്ടിടത്തിനുള്ളിലേക്ക് പോകുന്നത് കണ്ടു. ഞാന്‍ അകത്തേക്ക് ഓടി, അപ്പോഴേയ്ക്കും എന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ ജനലുകളെല്ലാം തകര്‍ന്നു. താഴെ നിന്ന് നിലവിളിയും കരച്ചിലും കേട്ടു. രക്ഷാപ്രവര്‍ത്തകര്‍ ആളുകളെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരഞ്ഞ് മൃതദേഹങ്ങള്‍ കണ്ടെത്തി കൊണ്ടുപോകുന്നത് എനിക്ക് കാണാമായിരുന്നു’.
‘നഗരത്തില്‍ ഇത്തരമൊരു സംഭവം ഇതാദ്യമാണ്. ഇതിനുമുമ്പ് ബെല്‍ഗൊറോഡ് നഗരത്തില്‍ ഷെല്ലാക്രമണം നടന്നിട്ടേയില്ല’. അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്‌ഫോടനത്തില്‍ നാല് സാധാരണക്കാര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥരും പറഞ്ഞു. അതിര്‍ത്തിയില്‍ നാശത്തിന്റെ വ്യാപ്തി വളരെ കൂടുതലാണ്.
‘നമുക്ക് യുക്രെയ്‌നുമായി സമാധാനത്തോടെ ജീവിക്കേണ്ടതുണ്ട്. ഞങ്ങളില്‍ പലര്‍ക്കും യുക്രെയ്‌നില്‍ ബന്ധുക്കളുണ്ട്. ധാരാളം യുക്രേനിയക്കാര്‍ ഇവിടെയും താമസിക്കുന്നുണ്ട്.’ ലിഡിയ പറഞ്ഞു.
”റഷ്യ ഇതിന് കൃത്യമായ മറുപടി നല്‍കേണ്ടതുണ്ട്. എങ്കില്‍ യുക്രൈന്റെ ഭാഗത്തു നിന്ന് കൂടുതല്‍ ഷെല്ലാക്രമണം ഉണ്ടാകില്ല. അവര്‍ നമ്മുടെ ആളുകളെ ഭയപ്പെടുത്തുന്നത് നിര്‍ത്തും’. വാഡിം എന്നയാള്‍ പറയുന്നു.
റഷ്യ യുക്രെയ്‌നിനെ ആക്രമിക്കുന്നതും അവരുടെ ജീവിതം സുരക്ഷിതമല്ലാത്തതും തമ്മിലുള്ള ബന്ധം റഷ്യന്‍ ജനത മനസിലാക്കുന്നുണ്ട്.
പക്ഷേ, അതിര്‍ത്തിക്കകത്തുള്ള പല റഷ്യക്കാരും തങ്ങളുടെ രാജ്യമാണ് ഇത് ആരംഭിച്ചതെന്നും റഷ്യയാണ് ആക്രമണകാരിയെന്നും വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നില്ല. യുദ്ധം സ്വന്തം നാട്ടുകാരേയും ബാധിച്ചതായി ഉള്‍ക്കൊള്ളാന്‍ അവര്‍ തയാറാകുന്നില്ല.
‘നമുക്ക് സമാധാനപരമായ രീതിയില്‍ യുക്രൈനുമായി നല്ല ബന്ധം പുനഃസ്ഥാപിക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും സുബോധം വരണം’. ലിഡിയയെപ്പോലെ യുക്രൈന്റെ പ്രത്യാക്രമണം നേരിട്ടവര്‍ പറയുന്നു.