വർദ്ധിച്ചുവരുന്ന ജൂത വിരുദ്ധതയ്ക്കും വെറുപ്പിനും എതിരെ ജൂത സ്വത്വത്തിന്റെ ആത്മവിശ്വാസവും സന്തോഷവും ഉയർത്തിക്കാട്ടി ന്യൂയോർക്ക് നഗരത്തിലുടനീളം വൻ ബിൽബോർഡ് കാമ്പയിൻ ആരംഭിച്ച് പ്രമുഖ ജൂത സംഘടനയായ ചബാദ് (Chabad). “ബോൺ ടു ബി എ യിഡ്” (Born To Be A Yid – ഒരു ജൂതനായി ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനം) എന്ന പേരിൽ ആരംഭിച്ച ഈ കാമ്പയിൻ, വെറുപ്പ് പരത്തുന്നവരോട് പോരാടുന്നതിന് പകരം സ്വന്തം സംസ്കാരത്തിലും ഐക്യത്തിലും കൂടുതൽ നിക്ഷേപം നടത്തുക എന്ന ആശയമാണ് മുന്നോട്ട് വെക്കുന്നത്.
“ജൂതമതത്തെ ബഹുമാനിക്കുന്ന ജൂതന്മാരെ ജൂതരല്ലാത്തവരും ബഹുമാനിക്കും” എന്ന ജൂത പ്രമുഖനായിരുന്ന അന്തരിച്ച റാബി ലോർഡ് ജോനാഥൻ സാക്സിന്റെ പ്രശസ്തമായ വചനമാണ് ഈ കാമ്പയിന്റെ കാതൽ.
ന്യൂയോർക്കിലെ ഏറ്റവും തിരക്കേറിയ പ്രധാന കവലകളിലാണ് ഈ ബിൽബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. രണ്ട് മനോഹരമായ ചിത്രങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ജൂത വിവാഹ പന്തലിന് കീഴിൽ വെച്ച് വരൻ പരമ്പരാഗത ആചാരപ്രകാരം ഗ്ലാസ് ചവിട്ടിപ്പൊട്ടിക്കുന്ന സന്തോഷനിമിഷവും പരമ്പരാഗത തൊപ്പിയും (യാർമുൽക്കെ) വസ്ത്രവും ധരിച്ച് ഒരുമിച്ച് ഒത്തുകളിച്ച് ചിരിക്കുന്ന രണ്ട് ജൂത കുട്ടികളുമാണ് രണ്ട് ചിത്രങ്ങളിലുള്ളത്.
ഈ ചിത്രങ്ങൾക്ക് മുകളിലായി “Born To Be A Yid” എന്നും താഴെ ചബാദിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലിങ്കും നൽകിയിട്ടുണ്ട്. മുതിർന്നവരെപ്പോലെ നെഗറ്റീവ് ചിന്തകളില്ലാത്ത കുട്ടികളുടെ നിഷ്കളങ്കമായ സന്തോഷവും ആത്മവിശ്വാസവുമാണ് രണ്ടാമത്തെ ചിത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കാമ്പയിൻ ഡയറക്ടറും ചബാദ് വക്താവുമായ റാബി മോട്ടി സെലിഗ്സൺ പറഞ്ഞു. ജൂത സമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ലോകത്തിന് ഇതിനകം തന്നെ നന്നായി അറിയാമെന്നും, അതിനാൽ ജനങ്ങളിൽ ഭയം ജനിപ്പിക്കുന്ന ഒന്നാകരുത് തങ്ങളുടെ ബിൽബോർഡുകൾ എന്ന് നിർബന്ധമുണ്ടായിരുന്നു എന്നും സെലിഗ്സൺ മാധ്യമങ്ങളോട് വ്യക്തമാക്കി.

