അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സഹായ ദൗത്യത്തിന്റെ (UNAMA) പുതിയ മേധാവിയായി ബംഗ്ലാദേശിൽ നിന്നുള്ള മുതിർന്ന അന്താരാഷ്ട്ര ഉദ്യോഗസ്ഥ റബാബ് ഫാത്തിമയെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നിയമിച്ചു.
വിവിധ രാജ്യങ്ങളിൽ ബംഗ്ലാദേശിന്റെ നയതന്ത്ര പ്രതിനിധിയായി മികച്ച സേവനം അനുഷ്ഠിച്ചിട്ടുള്ള റബാബ് ഫാത്തിമ, നിലവിൽ യുഎന്നിൽ വികസ്വര-ചെറുദ്വീപ് രാഷ്ട്രങ്ങളുടെ ഹൈ റെപ്രസെന്റേറ്റീവ് ആയി പ്രവർത്തിക്കുകയാണ്. റോസ ഒറ്റുംബയേവയ്ക്ക് പകരക്കാരിയായാണ് അവർ അഫ്ഗാൻ ദൗത്യത്തിന്റെ തലപ്പത്തേക്ക് എത്തുന്നത്. നിലവിൽ യുഎൻഎഎംഎയുടെ ഡെപ്യൂട്ടി സ്പെഷ്യൽ റെപ്രസെന്റേറ്റീവായ കനേഡിയൻ സ്വദേശിനി ജോർജറ്റ് ഗാഗ്നൺ ആയിരുന്നു താൽക്കാലികമായി ഈ ചുമതല വഹിച്ചിരുന്നത്.
ദേശീയ-അന്തർദേശീയ സിവിൽ സർവീസുകളിൽ 30 വർഷത്തിലേറെ നീണ്ട പ്രവർത്തന പരിചയവുമായാണ് റബാബ് ഫാത്തിമ ഈ തന്ത്രപ്രധാന പദവിയിലേക്ക് നിയമിതയാകുന്നത്.

