ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള ആവേശോജ്ജ്വല വിജയത്തിന് പിന്നാലെ അർജന്റീന കളിക്കാർ നടത്തിയ രാഷ്ട്രീയ പ്രതികരണം വിവാദത്തിൽ. ‘ഫോക്ക്ലാൻഡ് ദ്വീപുകൾ’ അർജന്റീനയുടേതാണെന്ന അവകാശവാദമുന്നയിക്കുന്ന ബാനർ മൈതാനത്ത് പ്രദർശിപ്പിച്ചതിന് നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയ്ക്കെതിരെ ഫിഫ അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അറ്റ്ലാന്റയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് അർജന്റീന ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലിൽ സ്പെയിനുമായുള്ള പോരാട്ടത്തിന് യോഗ്യത നേടിയത്. വിജയത്തിന് ശേഷം മൈതാനത്ത് ആഹ്ലാദം പ്രകടിപ്പിക്കുന്നതിനിടയിലാണ് അർജന്റീന താരങ്ങൾ “ലാസ് മാൽവിനാസ് സൺ അർജന്റീനാസ്” (ഫോക്ക്ലാൻഡ്സ് അർജന്റീനയുടേതാണ്) എന്ന് എഴുതിയ ബാനർ ഉയർത്തിപ്പിടിച്ചത്. തെക്കുപടിഞ്ഞാറൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ബ്രിട്ടീഷ് അധീനതയിലുള്ള പ്രദേശമായ ഫോക്ക്ലാൻഡ് ദ്വീപിനെച്ചൊല്ലി ബ്രിട്ടനും അർജന്റീനയും തമ്മിൽ ദശാബ്ദങ്ങളായി പരമാധികാര തർക്കം നിലനിൽക്കുന്നുണ്ട്.
മത്സരങ്ങളിൽ രാഷ്ട്രീയ പതാകകൾ, മുദ്രാവാക്യങ്ങൾ, ചിഹ്നങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിന് കർശനമായ നിരോധനമാണ് ഫിഫയും ഫുട്ബോളിന്റെ നിയമങ്ങൾ സ്ഥാപിക്കുന്ന രാജ്യാന്തര ഫുട്ബോൾ അസോസിയേഷൻ ബോർഡും (IFAB) ഏർപ്പെടുത്തിയിട്ടുള്ളത്. ഈ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് അർജന്റീനൻ താരങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്ന വിലയിരുത്തലിൽ, അവർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ആവശ്യം രാജ്യാന്തര തലത്തിൽ ഇതിനകം തന്നെ ശക്തമായിട്ടുണ്ട്. കേവലം സാമ്പത്തിക പിഴയിൽ ഒതുക്കാതെ, കായികരംഗത്തെ രാഷ്ട്രീയവൽക്കരിക്കുന്ന ഇത്തരം പ്രവണതകൾക്ക് തടയിടാൻ അർജന്റീനൻ ടീമിന് മൊത്തത്തിൽ വിലക്കേർപ്പെടുത്തണമെന്ന വാദങ്ങളും ശക്തമായ പ്രതികരണങ്ങളായി ഫുട്ബോൾ ലോകത്ത് ഉയർന്നു വരുന്നുണ്ട്.
മത്സരത്തിന് പിന്നാലെ അർജന്റീന വൈസ് പ്രസിഡന്റ് വിക്ടോറിയ വില്ലാറുവൽ എക്സിൽ പങ്കുവെച്ച കുറിപ്പ് വിവാദം കൂടുതൽ ശക്തമാക്കി. അർജന്റീന സൈനികരുടെ വീഡിയോയ്ക്കൊപ്പമാണ് പോസ്റ്റ് പങ്കുവെച്ചത്. “ഇതൊരു വെറും മത്സരമായിരുന്നില്ല. ഫോക്ക്ലാൻഡ്സ് അർജന്റീനയുടേതാണ്. അവർ അത് സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരുന്നത് നിരോധിച്ചു, പക്ഷേ അത് ഞങ്ങളുടെ രക്തത്തിലും ഹൃദയത്തിലും ഞങ്ങൾ പേറുന്നുണ്ടെന്ന കാര്യം അവർ മറന്നു,” വില്ലാറുവൽ കുറിച്ചു.
ലാസ് മാൽവിനാസ് വിവാദം
അർജന്റീനയുടെ കിഴക്കൻ തീരത്ത് നിന്ന് ഏകദേശം 480 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബ്രിട്ടിഷ് ഓവർസീസ് പ്രദേശമായ ഫോക്ക്ലാൻഡ് ദ്വീപുകൾക്ക് അർജന്റീന ഉപയോഗിക്കുന്ന പേരാണ് ‘ലാസ് മാൽവിനാസ്’. ദ്വീപുകളുടെ പരമാധികാരത്തെ ചൊല്ലിയുള്ള തർക്കത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 1774ൽ ബ്രിട്ടൻ ആദ്യം ഈ പ്രദേശം കൈവശപ്പെടുത്തുകയും, തുടർന്ന് 1832ൽ നിയന്ത്രണം പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാൽ 1982ൽ അർജന്റീനയുടെ സൈനിക ഭരണകൂടം ദ്വീപുകൾ പിടിച്ചെടുക്കാൻ അധിനിവേശം ആരംഭിച്ചതോടെ ഇത് 74 ദിവസം നീണ്ടുനിന്ന ‘ഫോക്ക്ലാൻഡ്സ് യുദ്ധത്തിന്’ കാരണമായി. ഏപ്രിൽ രണ്ട് മുതൽ ജൂൺ 14 വരെ നീണ്ടുനിന്ന സംഘർഷത്തിൽ 649 അർജന്റീനിയൻ സൈനികരും 255 ബ്രിട്ടിഷ് സൈനികരും മൂന്ന് സാധാരണക്കാരും കൊല്ലപ്പെടുകയും, ഒടുവിൽ അർജന്റീന കീഴടങ്ങുകയുമാണുണ്ടായത്.
ഈ യുദ്ധം തീർത്ത ശത്രുതയുടെ അലയൊലികൾ ഇന്നും ഇരു രാജ്യങ്ങൾക്കുമിടയിലുണ്ട്. അതുകൊണ്ടുതന്നെ, അർജന്റീന – ഇംഗ്ലണ്ട് ഫുട്ബോൾ ടീമുകൾ നേർക്കുനേർ വരുമ്പോഴൊക്കെ കളി എന്നതിലുപരിയായി ആരാധകർ ഇതിനെ ഫോക്ലാൻഡ്സ് യുദ്ധത്തിന്റെ ഒരു തുടർച്ചയായിട്ടാണ് മൈതാനത്ത് കാണാറുള്ളത്.

