Tuesday, November 26, 2024

ചെറുവിമാനത്തില്‍ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി; പ്രചോദനമായി മാക്ക് റഥര്‍ഫോര്‍ഡ് എന്ന കൗമാരക്കാരന്‍

ചെറുവിമാനത്തില്‍ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി കൗമാരക്കാരനായ പൈലറ്റ്, മാക്ക് റഥര്‍ഫോര്‍ഡ് റെക്കോര്‍ഡിട്ടു. 17 കാരനായ മാക്ക് റഥര്‍ഫോര്‍ഡ് 52 രാജ്യങ്ങളിലൂടെയുള്ള അഞ്ച് മാസം നീണ്ട യാത്രയ്ക്ക് ശേഷം ബള്‍ഗേറിയയിലെ സോഫിയയില്‍ തിരിച്ചിറങ്ങി.

ബ്രിട്ടീഷ് മാതാപിതാക്കളുടെ മകനും ബെല്‍ജിയത്തില്‍ വളര്‍ന്നതുമായ മാക്ക്, യാത്രയ്ക്കിടെ സുഡാനില്‍ മണല്‍ക്കാറ്റുകള്‍ നേരിടുകയും ജനവാസമില്ലാത്ത ഒരു പസഫിക് ദ്വീപില്‍ ഒരു രാത്രി ചെലവഴിക്കുകയും ചെയ്തു. രണ്ട് സമുദ്രങ്ങളും യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളും ചുറ്റിയാണ് മാക്ക് യാത്ര ചെയ്തത്. ഏകദേശം 186mph (300km/h) വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഉയര്‍ന്ന പ്രകടനമുള്ള അള്‍ട്രാലൈറ്റ് വിമാനത്തിലായിരുന്നു മാക്കിന്റെ യാത്ര.

മാക്ക് അവന്റെ മൂന്ന് വയസ്സ് മുതല്‍ പൈലറ്റാകാന്‍ ആഗ്രഹിച്ചിരുന്നു. 2020 സെപ്റ്റംബറില്‍ 15 വയസ്സായപ്പോള്‍ തന്നെ ലൈസന്‍സിന് യോഗ്യത നേടി. അദ്ദേഹത്തിന്റെ പിതാവ് സാം റഥര്‍ഫോര്‍ഡ് ഒരു പ്രൊഫഷണല്‍ ഫെറി പൈലറ്റാണ്. അമ്മ ബിയാട്രീസ് ഒരു സ്വകാര്യ പൈലറ്റാണ്. മാക്കിന്റെ മുത്തശ്ശി വിമാനം പറത്താന്‍ പഠിച്ച ആദ്യത്തെ ദക്ഷിണാഫ്രിക്കന്‍ വനിതകളില്‍ ഒരാളാണ്.

വൈമാനികരുടെ കുടുംബത്തില്‍ നിന്നുള്ള മാക്കിന്റെ മൂത്ത സഹോദരി സാറ ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ്. ഈ വര്‍ഷം ജനുവരിയില്‍ അവള്‍ തന്റെ യാത്ര പൂര്‍ത്തിയാക്കി. മാര്‍ച്ച് 23 ന് ബള്‍ഗേറിയന്‍ തലസ്ഥാനത്ത് നിന്ന് പുറപ്പെട്ട മാക്കിന് പ്രോത്സാഹനം നല്‍കിയതും യാത്രകളെക്കുറിച്ച് വേണ്ട ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കിയതും സാറയാണ്.

പസഫിക് സമുദ്രത്തിലെ ജനവാസമില്ലാത്ത ഒരു ദ്വീപിലെ താമസം, കെനിയയിലെ ദേശീയ പാര്‍ക്കുകളിലെ വന്യജീവികള്‍, ന്യൂയോര്‍ക്ക് സിറ്റി സ്‌കൈലൈന്‍ തുടങ്ങി തനിക്ക് പറന്നു നടന്ന് കാണാന്‍ കഴിഞ്ഞ മനോഹരമായ ചില സ്ഥലങ്ങളെക്കുറിച്ച് മാക്ക് വിവരിച്ചു.

‘നിങ്ങള്‍ ഏത് പ്രായക്കാരാണെങ്കിലും സ്വപ്നങ്ങള്‍ പിന്തുടരാന്‍ അതൊരു തടസമല്ല’ എന്നാണ് ഈ നേട്ടം പൂര്‍ത്തിയാക്കിയ ശേഷം മാക്ക് ആദ്യമായി പ്രതികരിച്ചത്. ‘നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി കഠിനാധ്വാനം ചെയ്ത് മുന്നോട്ട് പോകുക’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാവിയിലേക്കുള്ള പദ്ധതികള്‍ എന്താണെന്ന് ചോദിച്ചപ്പോള്‍, മാക്ക് പറഞ്ഞു: ‘ഞാന്‍ പറന്നുകൊണ്ടേയിരിക്കും. ആദ്യം ഇത് പൂര്‍ത്തിയാക്കിയതിന് ശേഷം എനിക്ക് സ്‌കൂളിലെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. എയര്‍ഫോഴ്സ് പോലെയുള്ള കാര്യങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നുണ്ട്. പക്ഷേ എനിക്ക് ഒന്നിലും 100% ഉറപ്പില്ല. കാരണം എന്റെ സ്വപ്‌നങ്ങളും ഉയരത്തില്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കും’.

മാക്കിന്റെ ഈ പരിശ്രമത്തിന്റെ ഫലമായി, രണ്ട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകളാണ് അദ്ദേഹം തകര്‍ത്തത് – ഒറ്റയ്ക്ക് ലോകം ചുറ്റി പറക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, മൈക്രോലൈറ്റ് വിമാനത്തില്‍ ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി- എന്നീ റെക്കോര്‍ഡുകള്‍.

ഡോര്‍സെറ്റിലെ സ്വകാര്യ ഷെര്‍ബോണ്‍ സ്‌കൂളിലാണ് മാക്ക് ഇപ്പോള്‍ വിദ്യാഭ്യാസം നടത്തുന്നത്. ‘അവിശ്വസനീയമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രായം ഒരു തടസമല്ല’ എന്നാണ് തന്റെ ഈ നേട്ടം ഉയര്‍ത്തിക്കാട്ടി മാക്ക് ലോകത്തോട് പറയുന്നത്.

Latest News