Tuesday, July 7, 2026

ഇറാൻ ജയിലിൽ ബ്രിട്ടീഷ് ദമ്പതികളുടെ നിരാഹാര സമരം തുടരുന്നു; ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്ന് മനുഷ്യാവകാശ സംഘടന

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ അത്യന്തം ക്രൂരപീഡനങ്ങൾക്ക് പേരുകേട്ട ‘എവിൻ’ ജയിലിൽ തടവിലാക്കപ്പെട്ടിരിക്കുന്ന ബ്രിട്ടീഷ് ദമ്പതികൾ നടത്തുന്ന നിരാഹാര സമരം തുടരുന്നതായി റിപ്പോർട്ട്. ബ്രിട്ടീഷ് പൗരന്മാരായ ക്രെയ്ഗ് ഫോർമാൻ, ഭാര്യ ലിൻഡ്സെ ഫോർമാൻ എന്നിവരാണ് ജയിലിൽ സമരം ചെയ്യുന്നത്. ഇവർക്ക് ആവശ്യമായ ചികിത്സയോ, മരുന്നുകളോ നൽകാൻ ജയിലധികൃതർ തയ്യാറാകുന്നില്ലെന്ന് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ‘എച്ച്.ആർ.എ.എൻ.എ’ (HRANA) തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

തുടർച്ചയായ നിരാഹാര സമരം മൂലം ഇരുവരുടെയും ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണ്. കഴിഞ്ഞ പത്ത് ദിവസമായി ലിൻഡ്സെയ്ക്ക് യാതൊരുവിധ മെഡിക്കൽ പരിശോധനയും ലഭ്യമാക്കിയിട്ടില്ല. കടുത്ത തലകറക്കവും ശരീരവിറയലും അനുഭവപ്പെടുന്ന അവർക്ക് 14 കിലോയിലധികം ഭാരം കുറഞ്ഞു; ഭർത്താവ് ക്രെയ്ഗിന് 16 കിലോയോളം ഭാരം നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ജയിലിലുള്ള ദമ്പതികൾക്ക് തങ്ങളുടെ വക്കീലുമായി ഫോണിൽ സംസാരിക്കാൻ അടുത്തിടെ അനുവാദം നൽകിയിരുന്നു. എന്നാൽ, സ്വന്തം മക്കളോടോ, മറ്റ് കുടുംബാംഗങ്ങളോടോ അല്ലെങ്കിൽ ജയിലിനുള്ളിൽ വച്ച് പരസ്പരം പോലുമോ സംസാരിക്കാൻ അധികൃതർ ഇവരെ അനുവദിക്കുന്നില്ല.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ചാരവൃത്തി ആരോപിച്ച് ഇറാൻ കോടതി ഇവർക്ക് പത്ത് വർഷത്തെ തടവുശിക്ഷ വിധിച്ചത്. എന്നാൽ, തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ദമ്പതികൾ വ്യക്തമാക്കുന്നു.

ഇറാനിലെ തെക്കുകിഴക്കൻ നഗരമായ കെർമാനിൽ നിന്നാണ് ഇവരെ ആദ്യം കസ്റ്റഡിയിലെടുത്തത്. അവിടെ 30 ദിവസത്തോളം ഇവരെ ഏകാന്തതടവിൽ പാർപ്പിച്ച ശേഷമാണ് ടെഹ്റാനിലെ ജയിലിലേക്ക് മാറ്റിയത്. കൃത്യമായ വിസയും ഗൈഡും അംഗീകൃത യാത്രാരേഖകളും കൈവശം വച്ചാണ് തങ്ങൾ ഇറാനിൽ എത്തിയതെന്നാണ് ഇവരുടെ കുടുംബം പറയുന്നത്. നയതന്ത്രതലത്തിൽ ബ്രിട്ടൻ ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും ഇറാൻ കർശന നിലപാടിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News