Friday, April 11, 2025

അവര്‍ എന്നെയും കൊന്നിരുന്നെങ്കില്‍! റഷ്യന്‍ സൈന്യം വേട്ടയാടിയ ഒരു യുക്രൈന്‍ കുടുംബത്തിലെ സ്ത്രീയുടെ രോദനം

റഷ്യന്‍ സൈന്യം വോളോഡിമര്‍ അബ്രമോവിന്റെ വീടിന്റെ മുന്‍വശത്തെ ഗേറ്റുകള്‍ തകര്‍ത്ത് കയറിവന്ന് വീടിന് നേരെ വെടിയുതിര്‍ക്കുകയും വോളോഡിമര്‍ (72), മകള്‍ ഐറിന (48), ഭര്‍ത്താവ് ഒലെഗ് (40) എന്നിവരെ മുറ്റത്തേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു. പട്ടാളക്കാര്‍ ഒലെഗിനെ ഗേറ്റിന് പുറത്ത് നടപ്പാതയിലേക്ക് കൊണ്ടുപോയി. പട്ടാളക്കാര്‍ എറിഞ്ഞ ഗ്രനേഡ് മുന്‍വാതിലൂടെ അകത്ത് വീണു. അത് കാതടപ്പിക്കുന്ന ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും വീടിന് തീ പിടിക്കുകയും ചെയ്തു. ചെറിയ അഗ്നിശമന ഉപകരണം വച്ച് തീ കെടുത്താന്‍ താന്‍ വൃഥാ ശ്രമിച്ചതായി പ്രസ്തുത ആക്രമണത്തെ അതിജീവിച്ച വോളോഡിമര്‍ പറഞ്ഞു.

ഗേറ്റിന് പുറത്തുള്ള നടപ്പാതയില്‍ പിന്നീട് വെടിയേറ്റ് മരിച്ച നിലയിലാണ് വോളോഡിമര്‍ തന്റെ മരുമകന്‍ ഒലെഗിനെ കണ്ടെത്തിയത്. ബുച്ചയിലെ യാബ്ലോണ്‍സ്‌ക സ്ട്രീറ്റിന്റെ മൂലയില്‍ സ്വസ്ഥമായ ജീവിതം നയിച്ചിരുന്ന ഒരു വെല്‍ഡറായിരുന്നു അദ്ദേഹം.

ആക്രമണശേഷം ഐറിന ഭര്‍ത്താവിനെ തേടി പുറത്തേക്ക് ഓടിയപ്പോള്‍ അവന്റെ വെടിയേറ്റ് കിടക്കുന്ന ശരീരമാണ് നടപ്പാതയില്‍ കണ്ടത്. അവനെ വലിച്ചിഴച്ച് കൊണ്ടുപോയ നാല് റഷ്യന്‍ സൈനികര്‍ അപ്പോള്‍ വര്‍ത്തമാനം പറഞ്ഞ് വെള്ളം കുടിക്കുകയായിരുന്നു. തന്നെക്കൂടി വെടിവയ്ക്കാന്‍ അവള്‍ അവരോട് നിലവിളിച്ചു പറഞ്ഞു. ഒരാള്‍ അവളുടെ നേരെ തോക്ക് ഉയര്‍ത്തി, എന്നിട്ട് അത് താഴ്ത്തി, വീണ്ടും ഉയര്‍ത്തി, വീണ്ടും താഴ്ത്തി. അപ്പോഴേയ്ക്കും വോളോഡിമര്‍ ഓടിയെത്തി അവളെ ഗേറ്റിനുള്ളിലേക്ക് വലിച്ചുകൊണ്ടുപോയി.

പുറകേ വന്ന സൈനികര്‍ മൂന്നു മിനിറ്റ് സമയമാണ് വീടുവിട്ട് ഓടാന്‍ വ്‌ളാഡിമിറിനും മകള്‍ക്കും കൊടുത്തത്. അതുകൊണ്ടു തന്നെ ഒലെഗിന്റെ മൃതദേഹം തെരുവില്‍ ഉപേക്ഷിക്കുകയല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു. അടുത്തുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. ഒരു മാസത്തോളം അവിടെ കഴിഞ്ഞു. തിരിച്ചെത്തിയപ്പോള്‍, വോളോഡിമര്‍ തന്റെ മരുമകനെ നടപ്പാതയരികിലെ പരുക്കന്‍ ഭൂമിയില്‍ കുഴിച്ചിടാന്‍ ശ്രമിച്ചു. എന്നാല്‍ ആ പരിശ്രമം വിജയിച്ചില്ല. റഷ്യന്‍ സൈനികരെ ഭയന്ന്, വോളോഡിമര്‍ ഒലെഗിനെ മുറ്റത്തേക്ക് തിരികെ കൊണ്ടുപോയി അവിടെ കിടത്തി. പിന്നീട്, യുക്രേനിയന്‍ പട്ടാളക്കാര്‍ മൃതദേഹം ഒരു വാനില്‍ കയറ്റി, കൊണ്ടുപോയി.

അടുത്തിടെ കൈവ് നഗരപ്രാന്തത്തില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങിയതിന് ശേഷം ബുച്ചയില്‍ 300 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടതായി മേയര്‍ അനറ്റോലി ഫെഡോറുക് തിങ്കളാഴ്ച പറഞ്ഞിരുന്നു. അക്കൂട്ടത്തിലെ ഇരകളായിരുന്നു ഈ കുടുംബവും. യുക്രേനിയന്‍ അധികൃതര്‍ ഇപ്പോള്‍ ബുച്ചയിലെ തെരുവുകളില്‍ നിന്ന് മൃതദേഹങ്ങള്‍ നീക്കം ചെയ്തു കഴിഞ്ഞു. എന്നാല്‍ സ്വകാര്യ കെട്ടിടങ്ങളുടെയും വീടുകളുടേയും ബേസ്മെന്റുകളിലും മുറ്റങ്ങളിലും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടേക്കുമെന്ന് ആശങ്കയുണ്ട്.

ഒലെഗിനെ കൊലപ്പെടുത്തിയ റഷ്യന്‍ സൈനികര്‍ അദ്ദേഹത്തോട് ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല, അവര്‍ അവനെ കൊന്നു. ഒലെഗിന്റെ ഭാര്യ ഐറിന പറഞ്ഞു. ‘അവര്‍ അവനോട് അവന്റെ ഷര്‍ട്ട് അഴിച്ചുമാറ്റാന്‍ പറഞ്ഞു, മുട്ടുകുത്തി നില്‍ക്കാനും ആവശ്യപ്പെട്ടു, ശേഷം അവര്‍ അവനെ വെടിവച്ചു’. ഒലെഗ് കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് കണ്ണീരോടെ ഐറിന പറഞ്ഞു. അവിടെ തെരുവില്‍ ഇപ്പോഴും രക്തം കട്ടപിടിച്ച് കിടക്കുന്നത് കാണാം.

സമാധാനപ്രിയനായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. തികഞ്ഞ കുടുംബസ്‌നേഹി. നല്ല വെല്‍ഡറും. നട്ടെല്ല് ഒടിവുമായി ജീവിതകാലം മുഴുവന്‍ മല്ലിട്ട വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തെ അവര്‍ വലിച്ചിഴച്ചുകൊണ്ടുപോകുമ്പോള്‍ ഞാന്‍ മുറ്റത്തായിരുന്നു. തുറന്ന കിടന്ന ഗേറ്റിലൂടെ എനിക്ക് അവരെ കാണാമായിരുന്നു. എന്തിനിത് എന്നാണ് അവന്‍ അവരോട് അവസാനമായി ചോദിച്ചത്. അവര്‍ എന്നെയും കൊന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു’. ഐറിന പറയുന്നു.

 

 

Latest News