എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ അടുത്തിടെ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് കാണിക്കുന്നത് 2023-ല്‍ 8.5 ബില്ല്യണ്‍ യാത്രക്കാര്‍ ലോകമെമ്പാടും വിമാന യാത്ര ചെയ്തു എന്നാണ്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 27.2% കുതിപ്പ് രേഖപ്പെടുത്തുന്നു. 2019-ല്‍ നിന്ന് 93.8% വീണ്ടെടുക്കല്‍ നിരക്കോടെ ലോകം കോവിഡ് പാന്‍ഡെമിക്കിന് മുമ്പുള്ള യാത്രാ നിലവാരത്തിലേക്ക് ഏതാണ്ട് തിരിച്ചെത്തി എന്നാണ് ഈ എണ്ണത്തിലെ കുതിച്ചുചാട്ടം അര്‍ത്ഥമാക്കുന്നത്. 2023 ല്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളുടെ ലിസ്റ്റും എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ പുറത്തുവിട്ടു. അതില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടും ഉണ്ടെന്നത് അഭിമാനകരമാണ്.
1. ഹാര്‍ട്ട്‌സ്ഫീല്‍ഡ്-ജാക്‌സണ്‍ അറ്റ്‌ലാന്റ അന്താരാഷ്ട്ര വിമാനത്താവളം
2023-ല്‍ 104.65 ദശലക്ഷം യാത്രക്കാരുമായി ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി അറ്റ്‌ലാന്റ എയര്‍പോര്‍ട്ട് വീണ്ടും കരസ്ഥമാക്കി. 2022ല്‍ നിന്ന് 12% അധികം കുതിപ്പ്.
2. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ DBX 2023 ല്‍ മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിലും ഇത് മുന്നിലാണ്.
3. ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് അന്താരാഷ്ട്ര വിമാനത്താവളം
അഞ്ച് ടെര്‍മിനലുകളും 168 ഗേറ്റുകളുമുള്ള ഈ വിമാനത്താവളം 26 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള ഒരു ചെറിയ നഗരം പോലെയാണ്. അടുത്തിടെ, സീറോ-കാര്‍ബണ്‍ ഇലക്ട്രിക്കല്‍ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് 35 മില്യണ്‍ ഡോളര്‍ ഫെഡറല്‍ ഗ്രാന്റ് നേടുകയും ചെയ്തിരുന്നു.
4. ലണ്ടനിലെ ഹീത്രൂ വിമാനത്താവളം
2023-ല്‍ 79.2 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത ലണ്ടനിലെ ഹീത്രൂ വിമാനത്താവളം യുകെ തലസ്ഥാനത്തിന്റെ പ്രാഥമിക അന്താരാഷ്ട്ര കേന്ദ്രമാണ്. ഇത് നാല് ടെര്‍മിനലുകളില്‍ വ്യാപിച്ചിരിക്കുന്നു.
5. ടോക്കിയോ ഹനേഡ അന്താരാഷ്ട്ര വിമാനത്താവളം
78.7 ദശലക്ഷം യാത്രക്കാരാണ് ഈ വിമാനത്താവളത്തിലൂടെ കടന്നുപോയത്. ഇവിടെ 2022-നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം 55% വര്‍ദ്ധിക്കുകയും ചെയ്തു.
6. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളം
ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞ വര്‍ഷം 77.8 ദശലക്ഷം യാത്രക്കാരെ സ്വീകരിച്ചു. വിമാനത്താവളത്തിന് അതിന്റെ മൂന്ന് ടെര്‍മിനലുകളിലായി ആകെ 90 ഗേറ്റുകളുണ്ട്.
7. ഇസ്താംബുള്‍ എയര്‍പോര്‍ട്ട്
2019-നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 46% വര്‍ദ്ധനവ് ഇവിടെയുണ്ടായി.
8. ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളം
2023-ല്‍ 75 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത ഈ വിമാനത്താവളം ഒരു പ്രധാന മേക്ക് ഓവറിലാണ്. ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി പ്രധാന നിര്‍മാണ പദ്ധതികള്‍ വിമാനത്താവളം ആരംഭിച്ചിട്ടുണ്ട്.
9. ചിക്കാഗോ ഒ’ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളം
ചിക്കാഗോയിലെ ഒ’ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞ വര്‍ഷം 74 ദശലക്ഷം യാത്രക്കാരെ സ്വീകരിച്ചു. ഈ വിമാനത്താവളത്തിന് 193 ഗേറ്റുകളും 4 ടെര്‍മിനലുകളുമുണ്ട്.
10. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
ഡല്‍ഹിയിലെ IGI എയര്‍പോര്‍ട്ട് 2023-ല്‍ 72.2 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തു. ഇന്ത്യയുടെ തലസ്ഥാനത്തേക്കുള്ള പ്രധാന അന്താരാഷ്ട്ര കവാടമായി ഇത് പ്രവര്‍ത്തിക്കുന്നു. ടെര്‍മിനല്‍ 3 ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിള്‍ ടെര്‍മിനലും ആഗോളതലത്തില്‍ അഞ്ചാമത്തെ വലിയ ടെര്‍മിനലുമാണ്.
എസിഐയുടെ എയര്‍പോര്‍ട്ട് കാര്‍ബണ്‍ അക്രഡിറ്റേഷന്‍ പ്രോഗ്രാമിന്റെ അംഗീകാരമുള്ള ഏഷ്യാ പസഫിക് മേഖലയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ എയര്‍പോര്‍ട്ട് കൂടിയാണ് ഈ വിമാനത്താവളം.