Monday, June 22, 2026

മരുന്ന് കവർച്ച പുറത്തുകൊണ്ടുവന്ന സുഡാനിലെ കത്തോലിക്കാ വൈദികൻ കൊല്ലപ്പെട്ടു

സുഡാനിൽ നൂബ പർവതനിരകളിൽ വർധിച്ചുവരുന്ന അക്രമങ്ങൾക്കിടയിലും സ്വന്തം ജനങ്ങൾക്കൊപ്പം നിലകൊള്ളുകയും, പ്രാദേശിക ജനവിഭാഗങ്ങൾക്കായി സൂക്ഷിച്ചിരുന്ന മരുന്നുകളുടെ മോഷണം റിപ്പോർട്ട് ചെയ്യുകയും ചെയ്തതിനെ തുടർന്ന് കത്തോലിക്കാ വൈദികനായ യൂഹന്ന അൽ-അമീൻ കൊല്ലപ്പെട്ടു. സുഡാനിലെ എൽ ഒബെയ്ദ് കത്തോലിക്കാ രൂപതയ്ക്ക് കീഴിലുള്ള കൗഡ സെന്റ് വിൻസെന്റ് ഇടവകയിലെ വികാരിയായിരുന്നു ഫാ. യൂഹന്ന. വർഷങ്ങളായി സംഘർഷങ്ങളും അസ്ഥിരതയും നിലനിൽക്കുന്ന സുഡാനിലെ നൂബ പർവതനിരകളിൽ വെച്ച് ജൂൺ 19 വെള്ളിയാഴ്ചയാണ് ഫാ. യൂഹന്നയും ഇടവകയിലെ ഒരു കാവൽക്കാരനും മറ്റൊരു വ്യക്തിയും കൊല്ലപ്പെട്ടത്.

വൈദികന്റെ കൊലപാതകത്തിൽ സുഡാനിലെ കത്തോലിക്കാ സഭ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ (ACN) ജൂൺ 20 ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, പ്രദേശത്ത് സജീവമായ സായുധ സംഘങ്ങൾ തമ്മിലുള്ള തർക്കങ്ങളും ഗോത്രവർഗ്ഗ സംഘർഷങ്ങളും രൂക്ഷമാകുന്നതിനിടയിലാണ് ഫാ. യൂഹന്ന കൊല്ലപ്പെട്ടത്. പൊതുജനങ്ങൾക്കായി സഭ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന മരുന്നുകൾ മോഷ്ടിക്കപ്പെട്ട വിവരം ഫാ. യൂഹന്ന അധികൃതരെ അറിയിച്ചിരുന്നു. ഇതിലുള്ള പ്രതികാരമായാണ് ഈ കൊലപാതകം നടന്നതെന്നാണ് പ്രാദേശിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.

സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്‌മെന്റ്-നോർത്തിന്റെ (SPLM-N) നിയന്ത്രണത്തിലുള്ള നൂബ പർവതമേഖലയിലെ പ്രധാന കേന്ദ്രമാണ് കൗഡ. സുരക്ഷാപ്രശ്നങ്ങളും സായുധ-ഗോത്ര സംഘട്ടനങ്ങളും വർദ്ധിച്ചതിനെത്തുടർന്ന് ചില സന്ന്യാസികളും വൈദികരും ഈ പ്രദേശം വിട്ടുപോയിരുന്നു.
എങ്കിലും, സാഹചര്യം വഷളായിട്ടും തന്റെ ജനങ്ങളെ ഉപേക്ഷിച്ചു പോകാൻ ഫാ. യൂഹന്ന തയ്യാറായില്ല. ദാരിദ്ര്യവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും നേരിടുന്ന ഈ പ്രദേശത്ത്, ആത്മീയ ശുശ്രൂഷകൾക്കപ്പുറം ദുർബലരായ കുടുംബങ്ങൾക്ക് ആരോഗ്യപരിപാലന സഹായവും പിന്തുണയും നൽകുന്നതിൽ സഭയുടെ ഈ കേന്ദ്രം വലിയ പങ്കുവഹിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഫാ. യൂഹന്ന സേവനമനുഷ്ഠിച്ചിരുന്ന എൽ ഒബെയ്ദ് രൂപതയെ ഈ മരണം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. എൽ ഒബെയ്ദ് രൂപതയിലെ സെന്റ് പീറ്റേഴ്സ് ബാബ്നൂസ ഇടവക അയച്ച അനുശോചന സന്ദേശത്തിൽ, 1997 മുതൽ 2021 വരെ അദ്ദേഹം ആ ഇടവകയിൽ ചെയ്ത സേവനങ്ങളെ അനുസ്മരിച്ചു. പശ്ചിമ കോർദോഫാനിൽ (West Kordofan) സ്ഥിതി ചെയ്യുന്ന ഈ ഇടവകയിൽ ഒരു സെമിനാരി വിദ്യാർത്ഥിയായി എത്തി, പിന്നീട് ഡീക്കനായും വൈദികനായും ഒടുവിൽ വികാരിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. യുവാക്കളുടെയും കുട്ടികളുടെയും സുഹൃത്തായിരുന്നു അദ്ദേഹം.

യുദ്ധക്കെടുതി അനുഭവിക്കുന്ന നൂബ പർവതനിരകളിലെ ‘മദർ ഓഫ് മേഴ്സി’ ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടറും സർജനുമായ അമേരിക്കൻ മിഷണറി ഡോ. ടോം കാറ്റെന, കഴിഞ്ഞ ആറാഴ്ചയായി പ്രദേശത്ത് കടുത്ത ഗോത്രസംഘട്ടനങ്ങൾ നടക്കുന്നുണ്ടെങ്കിലും ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ലെന്ന് പറഞ്ഞു. അക്രമം നടന്ന ഇടവകയിൽ നിന്നും ഏകദേശം 10 കിലോമീറ്റർ അകലെയുള്ള ഗിദെൽ (Gidel) ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ കൂടിയാണ് അദ്ദേഹം.

അടുത്തകാലത്തായി സുഡാനിലെ കത്തോലിക്കാ സഭയ്ക്ക് നേരെ നടക്കുന്ന അക്രമങ്ങളുടെ തുടർച്ചയാണ് ഫാ. യൂഹന്നയുടെ കൊലപാതകം. 2025 ജൂണിൽ എൽ ഒബെയ്ദ് രൂപതയിലെ ഫാ. ലൂക്കാ ജോമോ (വടക്കൻ ഡാർഫർ സംസ്ഥാനത്തിന്റെ തലസ്ഥാനമായ എൽ ഫാഷറിലുണ്ടായ ആക്രമണത്തിനിടെ അബദ്ധത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. അതിനും മാസങ്ങൾക്ക് മുമ്പ് എൽ ഒബെയ്ദ് രൂപതാ ബിഷപ്പ് യവനൻ ടോംബെ ട്രില്ലെ കുക്കു ആൻഡാലിക്കും സായുധ സംഘത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി പ്രാദേശിക സഭ ശ്രമിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News